ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് ത൪ക്കമില്ല. ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്. 1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. 1994-ൽ ആയിരുന്നു വടക്കാഞ്ചേരി ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് ഒരു സ്മരണിക പ്രകാശനം ചെയ്തിരുന്നു. 1930 കളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്ക്കൂളായിരുന്നു ഇത്.പിന്നിട് 1950-ൽ പെൺകുട്ടികളുടെ സ്ക്കൂൾ സ്ഥാപിതമായതിന് ശേഷമാകണം ഇതൊരു ആൺകുട്ടികളുടെ സ്ക്കൂൾ ആയത്. ഇന്നത്തെ എൽ. പി. സ്ക്കൂൾ പണ്ടത്തെ ഹൈസ്ക്കൂളിന്റെ ഹോസ്ററലായിരുന്നു.ഒരദ്ധ്യാപകൻ ഹോസ്ററൽ വാ൪ഡനായി അന്തേവാസികളുടെ മേൽനോട്ടം വഹിച്ചിരുന്നു.

ഭരണതന്ത്രജ്ഞരായ പ്രധാന അദ്ധ്യാപകരുടെയും വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ വടക്കാഞ്ചേരിയുടെ തിലകക്കുറിയായിരുന്നു ഈ സ്ക്കൂൾ. വിദ്യാർത്ഥികളുടെ വളർച്ചയിൽ അദ്ധ്യാപകർ മാത്രമല്ല വടക്കാഞ്ചേരി ബാറിലെ വക്കീൽമാരും നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. വടക്കൂട്ട് നാരായണ മേനോൻ, വടക്കൂട്ട് ഭാസ്കര മേനോൻ, പുലിക്കോട്ടിൽ ഇട്ടൂപ്പ് വക്കീൽ, പി. കുമാരനെഴുത്തച്ഛൻ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ തുടങ്ങി പലരും ഇങ്ങനെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നവരിൽ പെടുന്നു.

അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.