ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
പൂർവവിദ്യാർത്ഥി സംഗമം
1992-1994 VHSE Agriculture Batch
1992-1994 കാലയളവിൽ വി.എച്ച്.എസ്.ഇ യിൽ അഗ്രീകൾച്ചർ ബാച്ചിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുടുംബസംഗമം ഓർമകളുടെ സുഗന്ധം വീശികൊണ്ടും സ്നേഹത്തിന്റെ കൂട്ടായ്മ ഊട്ടിയുറപ്പിച്ചുകൊണ്ടും നടത്താനായത് എല്ലാവർക്കും മധുരിക്കുന്ന ഒരു അനുഭവമായി മാറി.വീരണകാവ് സ്കൂളിലെ ഈ ബാച്ചിന്റെ സൗഹൃദകൂട്ടായ്മയാണ് 'ചങ്ങാതിക്കൂട്ടം' 2022 സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചങ്ങാതിക്കൂട്ടത്തിന്റെ നാലാമത്തെ കുടുംബസംഗമം നടന്നു.ചങ്ങാതിക്കൂട്ടത്തിലെ അംഗവും പൂവച്ചൽ ഹയർസെക്കന്ററി എച്ച് എസ് വിഭാഗം ഹിന്ദി അധ്യാപകനുമായ ശ്രീ.ഹരീഷ്കുമാർ അവതാരകനായ ചടങ്ങിൽ ചങ്ങാതിക്കൂട്ടത്തിലെ അംഗവും വീരണകാവ് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണൽ ഇൻസ്ട്രക്ടറുമായ ബിജുകുമാർ സ്വാഗതം ആശംസിച്ചു.മുമ്പ് നടന്ന മൂന്ന് കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രിയപ്പെട്ട സുവോളജി അധ്യാപകൻ സുനിൽ സർ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.അഗ്രികൾച്ചർ അധ്യാപകനായിരുന്ന സഞ്ചീവ് സർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമന്റോ നൽകി അനുമോദിച്ചു.തുടർന്നു രസകരമായ ഗെയിമുകളും,കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ.ശിവകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അംഗങ്ങളിൽ നിന്നും സമാഹരിച്ച പതിനായിരം രൂപ സ്കൂൾ ബസിന്റെ പ്രവർത്തനത്തിനായി ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന് കൈമാറി.കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഏകദേശം 25 കുടുംബങ്ങൾ സ്നേഹസംഗമത്തിൽ പങ്കെടുത്തു.
1994 march SSLC Batch
ദീർഘനാളത്തെ ആസൂത്രണത്തിനുശേഷം സെപ്റ്റംബർ 18 ന് സ്കൂളിൽ ഒത്തുകൂടാൻ തീരുമാനിച്ചു.അടുത്തുള്ള അധ്യാപകരെ നേരിട്ടും ദൂരെയുള്ളവരെ ഫോണിലൂടെയും ക്ഷണിച്ചു.അവരെ ആദരിക്കാനുള്ള മൊമന്റോയും പൊന്നാടയും വാങ്ങി.എല്ലാവരോടും ഫോട്ടോ ചോദിച്ചു വാങ്ങി മൊമന്റോയിൽ ചേർത്തു.സന്തോഷിന്റെ കാറിൽ ജീസസ് സുഭിഷ്,ശിവകുമാർ,ശാന്തി,സിമി എന്നിവരാണ് അധ്യാപകരെ ക്ഷണിക്കാനായി പോയത്.രജനീഷും സന്തോഷും ചേർന്നാണ് പൊന്നാടയും മൊമന്റെോയും വാങ്ങിയത്.ഇതിന്റെ ചെലവ് നാട്ടിലെത്താൻ കഴിയാത്ത,ഗൾഫ് സുഹൃത്തുക്കളായ ഷാജി,സജീവ്,സജീവൻ,വിനോദ് എന്നിവരാണ് വഹിച്ചത്.ടീച്ചേഴ്സ് അവരവരുടെ വണ്ടിയിൽ എത്തിച്ചേരാമെന്നറിയിച്ചു.അടുത്തുള്ള പത്മാവതി ടീച്ചറിനെ വിളിക്കാൻ ചെല്ലണം എന്ന് ടീച്ചർ പറഞ്ഞു,നടക്കാൻ ബുദ്ധിമുട്ടുണ്ട്.
പതിനേഴാം തീയതി ഓഡിറ്റോറിയം വൃത്തിയാക്കുകയും വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. പതിനെട്ടാം തീയതി പത്തുമണിയോടു കൂടി എല്ലാവരും എത്തിച്ചേർന്നു.അന്നത്തെ സ്കൂൾ ലീഡറായിരുന്ന റെജി അധ്യക്ഷനെ ക്ഷണിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ.ശിവകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ,പ്രിൻസിപ്പൽ ശ്രീമതി സൂസൻ ടീച്ചർ എസ്.എം.സി ചെയർമാൻ ശ്രീ.റാഫി എന്നിവർ ആശംസകളർപ്പിച്ചു.എല്ലാവരെയും കുട്ടികൾ പൂവുകൾ നൽകി സ്വാഗതം ചെയ്തു.തുടർന്ന് മൺമറഞ്ഞ സഹപാഠികളെയും അധ്യാപകരെയും അനുസ്മരിച്ചു.തുടർന്ന് അധ്യാപകരായ സുചിത്ര ടീച്ചർ,ലില്ലിഭായ് ടീച്ചർ,ജലജകുമാരി ടീച്ചർ,പത്മാവതി ടീച്ചർ,വിജയകുമാർ സാർ,രവീന്ദ്രൻ സാർ എന്നിവരെ ആദരിച്ചു.അധ്യാപകരുടെ മറുപടി പ്രസംഗശേഷം സദ്യ കഴിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു.കാഴ്ച നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരൻ സതീഷ് ഗാനങ്ങളാലപിച്ചു.28 വർഷങ്ങൾക്കു ശേഷം പലരെയും കാണുന്നത് അന്നായിരുന്നു.എല്ലാവരും ആവേശഭരിതരും സന്തുഷ്ടരുമായിരുന്നു.പിരിഞ്ഞുപോകാൻ ആർക്കും താല്പര്യമില്ലായിരുന്നു.48 വിദ്യാർത്ഥികളും കുടുംബാഗങ്ങളും പങ്കെടുത്തു.
1997 SSLC Batch
1997 എസ് എസ് എൽ സി ബാച്ചിലെ എ,ബി,സി ക്ലാസുകളിലെ 122 പേരെയും കോർത്തിണക്കികൊണ്ട് ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു കൂട്ടായ്മ രൂപം നൽകുകയെന്ന ദുഷ്കരമായ ദൈത്യം ഏറ്റെടുത്ത് എല്ലാവരെയും കണ്ടെത്തി വ്യക്തിപരമായി ക്ഷണിച്ച് ഒരു സ്നേഹസംഗമം നടത്തിയത് 2018 മെയ് 29 ന് ആണ്. ഈ ക്ലാസ് മേറ്റ്സ് കോർണറിൽ പഠിപ്പിച്ച അധ്യാപകരെയെല്ലാം കണ്ടെത്തി ക്ഷണിച്ച് ആദരിക്കാനായത് വലിയ ആത്മാഭിമാനത്തിനും അനുഗ്രഹത്തിനും കാരണമായി.പഴയ കൂട്ടുകാരെ കാണാനും പരസ്പരം കുടുംബത്തോടൊപ്പം ചേർന്ന് സ്നേഹം പങ്കുവയ്ക്കാനായതും മറക്കാനാവാത്ത അനുഭവമായി മാറി.
ഈ സംഗമം ഒരു ആഘോഷത്തിലൊതുക്കി തീർക്കാതെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന അംഗങ്ങളുടെ ആഗ്രഹപ്രകാരം 70 പേർ ചേർന്നുള്ള ഒരു സഹകരണസംഘം ആരംഭിക്കുകയും ഈ വെൽഫെയർ സൊസൈറ്റി ചിട്ടി പോലുള്ള സംരംഭങ്ങൾ ആരംഭിക്കുകയും ഇന്നും അത് കാര്യക്ഷമമായി തുടരുകയും ചെയ്യുന്നു.ഈ സൊസൈറ്റിയിലൂടെ സ്നേഹത്തിന്റെയും സഹകരണത്തിന്റെ ബാല്യകാലസ്മരണകൾ ഞങ്ങളെ ജീവിതത്തിന്റെ വെല്ലുവിളികൾക്കിടയിലും മുന്നോട്ട് നയിക്കുകയും ഞങ്ങളുടെ കുടുംബങ്ങളിലെ വരും തലമുറയ്ക്ക് ഇന്ന് അന്യം നിന്നു പോകുന്ന നിസ്വാർത്ഥസേവനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുന്ന പാഠശാലയായി ഇത് മാറുകയും ചെയ്യുന്നു.നിലവിൽ ഈ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നത് ശ്രീ.മുഹമ്മദ് റാഫിയാണ്(എസ്.എം.സി ചെയർമാൻ)സെക്രട്ടറിയായി ശ്രീ.അനിൽകുമാറും ട്രഷററായി ശ്രീ.ലക്ഷ്മി മോഹനും പ്രവർത്തിവരുന്നു.ഇവർ ഉൾപ്പെടെയുള്ള 14 അംഗകമ്മിറ്റി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
വെറുതെ കൂടി പിരിഞ്ഞുപോകുന്ന ഒരു സംഗമമല്ല,ഈ ബാച്ചിന്റേത് എന്നത് ഇതിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്.ഇതിലെ അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ജന്മദിനം പോലുള്ള ഫങ്ഷനുകൾ ഏതെങ്കിലും അനാഥാലായങ്ങളിലോ വൃദ്ധസദനങ്ങളിലോ പങ്കുവയ്ക്കുന്ന വിധത്തിലാണ് നടത്തുന്നത്.മാത്രമല്ല ഓണം,ക്രിസ്തുമസ്,റംസാൻ പോലുള്ള ആഘോഷങ്ങൾ ഒന്നുപോലെ ആചരിക്കാൻ ശ്രദ്ധിക്കുകയും വർഷത്തിൽ ഇതിൽ ഏതെങ്കിലും ഒരെണ്ണം സൗകര്യം പോലെ തിരഞ്ഞെടുത്ത് വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്യുന്നു.കൊറോണകാലത്ത് വാട്ട്സാപ്പിലൂടെ കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും വേണ്ട സഹായങ്ങൾ പരസ്പരം പകർന്നു നൽകുകയും ചെയ്തു.കൊറോണയ്ക്ക് ശേഷം വീണ്ടും ഗവ.വി.എച്ച്.എസ്.എസിൽ കൂട്ടുകാരോടൊപ്പം ഒന്നിച്ചുകൂടാനായത്
1998 SSLC ബാച്ച്
1998 എസ് എസ് എൽ സി ബാച്ചുകാരുടെ അലുമ്നി അസോസിയേഷൻ റൂട്ട്സ് എന്ന പേരിൽ രൂപീകരിക്കുകയും ബാച്ചിലെ എല്ലാവരെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.പൂർവവിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചതു പ്രകാരം2019 സെപ്റ്റംബർ ഏഴാം തീയതി വീരണകാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒന്നിച്ചു കൂടുകയും വിപുലമായ ആഘോഷങ്ങൾ നടത്തുകയും ചെയ്തു.
2004 SSLC ബാച്ച്
2004 എസ്. എസ്. എൽ. സി. ബാച്ചിന്റെ ആദ്യ സംഗമം 2022 മെയ് മാസം 28 ന് നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറുടെ ആധ്യക്ഷതയിൽ ചേർന്ന പൂർവ വിദ്യാർത്ഥി സംഗമം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രിയ ഗുരുനാഥ രാജം ടീച്ചർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീ. വിജയൻ ആശംസകൾ അറിയിക്കുകയും നമ്മുടെ സ്കൂളിലെ അദ്ദേഹത്തിന്റെ പൂർവകാലം ഓർക്കുകയും ചെയ്തു. അദ്ധ്യാപകർക്ക് പൊന്നാടയും മൊമെന്റവും നൽകി ആദരിച്ചു. നമ്മുടെ സ്കൂളിലെ പൂർവവിദ്യാർഥിയും വി. എച്ച്. എസ്. ഇ. വൊക്കേഷണൽ ഇൻസ്ട്രക്ടറുമായ ബിജു സർ അദ്ദേഹത്തിന്റെ സ്കൂൾ ജീവിതവും അധ്യാപന ജീവിതവും പങ്കുവെച്ചു. സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്ന ചിത്രജയ ചേച്ചിയുടെ സാന്നിധ്യം സന്തോഷം പകരുന്നതായിരുന്നു. സ്കൂൾ ജീവിതത്തിലെ മനോഹരവും മറക്കാനാകാത്തതുമായ അനുഭവം സുഹൃത്തുക്കളോട് പങ്കുവച്ചത് പഴയ കാലത്തേക്ക് നമ്മെ നയിച്ചു. എല്ലാവരും സന്തോഷത്തോടും അഭിമാനത്തോടുമാണ് റിയൂണിയനിൽ പങ്കെടുത്തത്. കുറച്ചു കൂട്ടുകാർ കുടുംബമായി പങ്കെടുത്തു. കുഞ്ഞുങ്ങളുടെ പ്രോഗ്രാമും അവരുടെ സന്തോഷവുമൊക്കെ നല്ല അനുഭവം ആയിരുന്നു. നമ്മളാൽ കഴിയുന്ന ചെറിയ സംഭാവന സ്കൂളിന് നൽകാൻ സാധിച്ചു. നമ്മുടെ ക്ലാസ്സിലെ തന്നെ കൂട്ടുകാരി തയ്യാറാക്കിയ കേക്ക് എല്ലാവരും ചേർന്ന് മുറിച്ചു കഴിച്ചത് നല്ലൊരു അനുഭവം ആയിരുന്നു. ഒരുമിച്ച് ആഹാരം കഴിച്ചതും സന്തോഷപ്രദമായിരുന്നു.
18 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുചേരാൻ ലഭിച്ച അവസരം എല്ലാവരിലും സന്തോഷം ഉളവാക്കി. പഠിച്ച ക്ലാസ്സുകളിൽ ഒരുവട്ടം കൂടെ ചെന്നപ്പോൾ പഠനകാലത്തെ പ്രായത്തിലേക്കും സ്വഭാവത്തിലേക്കും തിരികെ പോയി. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം സമ്മാനിച്ച, നമ്മുടെ വിജയത്തിന്റെ ആദ്യപടവുകൾ ആയ നമ്മുടെ വിദ്യാലയത്തിൽ ഒരു വട്ടം കൂടി കടന്നുവരാൻ കഴിഞ്ഞ സന്തോഷത്തോടെ റിയൂണിയൻ പ്രോഗ്രാം കഴിഞ്ഞു എല്ലാവരും മടങ്ങി. 2004 Gangs എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നമ്മുടെ ബാച്ചിലെ എല്ലാ കൂട്ടുകാരെയും ഉൾപ്പെടുത്തി ആരംഭിക്കുകയും വളരെ ആക്റ്റീവ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ സംഗമം 2023 മെയ് മാസം 14 ന് ഇതിലും മനോഹരമായി നടത്താൽ തീരുമാനിച്ചു.