ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ഹൈസ്കൂൾ/2025-26
| Home | 2025-26 | 2026-27 |
ക്ലാസ്സുകളിൽ നടന്ന തനതായ പ്രവർത്തനങ്ങൾ
2025-26 അധ്യയന വർഷത്തിൽ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മികവാർന്ന ധാരാളം പ്രവർത്തനങ്ങളാണ് സ്കൂളിൽ ഓരോ ക്ലാസ്സുകളിലും നടന്നത്.
മലയാളം
ഒൻപതാം ക്ലാസ്സിൽ മലയാളം പാഠഭാഗമായ സുകൃതാഹാരങ്ങളെ ആസ്പദമാക്കി ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യാവിഷ്കാരവും ചിത്രരചനയും അവയുടെ പ്രദർശനവും വിവിധ ക്ലാസ്സുകളിലായി നടന്നു. കൂടാതെ വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും കിട്ടുമ്മാവൻ എന്ന പാഠഭാഗത്തിന്റെ റോൾ പ്ലേയും വളരെ ശ്രദ്ധേയമായിരുന്നു . മാധവിക്കുട്ടിയുടെ 'അമ്മ' എന്ന ചെറുകഥയും അഷിതയുടെ ഓരോ വിളിയും കാത്ത് എന്ന പാഠഭാഗവും ഗ്രേസി ടീച്ചറുടെ കിളിക്കൂട്ട് എന്ന കഥയും ആസ്പദമാക്കി വാർധക്യത്തിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെ കുറിച്ചും കൂണുകൾ പോലെ മുളച്ച് പൊന്തുന്ന വൃദ്ധ സദനങ്ങളെ കുറിച്ചുമൊക്കെ സംവാദങ്ങൾ,പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു.
പത്താം ക്ലാസ്സിൽ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി പതിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. കഥകളിയുടെ ഉദഭവം, വളർച്ച ,വികാസം, കഥകളി ചടങ്ങുകൾ , വേഷങ്ങൾ ,പ്രധാനപ്പെട്ട ആട്ടക്കഥകൾ എന്നിവയെ കുറിച്ച വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുവാനും പതിപ്പ് തയ്യാറാക്കുവാനും നിർദേശം നൽകി . കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ ഏറെ ആകര്ഷകമായിരുന്നു. കഥകളിയെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കിയ പ്രസന്റേഷൻ വിഡിയോയും ശ്രദ്ധേയമായിരുന്നു.
കൂടാതെ ചിത്രകാരി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നടത്തിയ സംവാദവും ഏറെ ശ്രദ്ധനേടി. സമകാലിക സമൂഹത്തിൽ പോലും അടുക്കളയുടെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ അടുത്തറിയുന്നതിനും അതിനെതിരെ പ്രതികരിക്കുന്നതിനും പര്യാപ്തമായ രീതിയിലായിരുന്നു സംവാദം നടന്നത്.