കുയ്തേരി എം എൽ പി എസ്/ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വളയം പഞ്ചായത്തിലെ 10 -ആം വാർഡിൽ സ്ഥിതിചെയ്യുന്നതും കളരിക്കൽ സ്കൂൾ എന്ന് വിളിക്കുന്നതുമായ കുയ്തേരി എം എൽ പി സ്കൂൾ അഥവാ കുയ്തേരി മാപ്പിള ലോവർ പ്രൈമറി സ്കൂൾ 100 വയസ്സ് തികയാൻ അടുത്തിരിക്കുന്ന വിദ്യാലയമാണ് .വടക്കേ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ വെള്ളിയോട് അംശം കുയ്തേരി ദേശത്തിലെ കോളൂന്നുമ്മൽ എന്ന സ്ഥലത്തെ ചെറുവലത്ത് എന്ന പറമ്പാണ് ഈ സ്കൂളിന്റെ ജന്മസ്ഥലം .ചെറുവലത്ത് എന്ന പറമ്പിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് ചെറുവലത്ത് സ്കൂൾ എന്നാണ് നാട്ടുകാർ അന്നുവിളിച്ചിരുന്നത് .
വെള്ളിയോട് അംശം അധികാരിയായിരുന്ന വലിയപറമ്പത്ത് കൃഷ്ണക്കുറുപ്പിന്റെ മരുമകനായ നടുക്കണ്ടിയിൽ കേള്ക്കുറുപ്പാണ് ചെറുവലത്ത് എന്ന പറമ്പിൽ സ്കൂൾ സ്ഥാപിച്ചതെങ്കിലും ഇത് ഒരു സർക്കാർ അംഗീകൃത എയിഡഡ് സ്കൂളായി തീരുന്നത് 1923 ലാണ് .അപ്പോഴേക്കും സ്ഥാപകനായിരുന്ന കേളുക്കുറുപ്പിൽ നിന്നും അദ്ദ്ദേഹത്തിന്റെ അനുജൻ കളരിക്കൽ പി വി നാരായണകുറുപ്പ് മാനേജ്മെന്റ് ഏറ്റെടുത്തിരുന്നു .അംശം അധികാരിയുടെ മരുമകനും സ്കൂൾ മാനേജരുമായ കളരിക്കൽ പി വി നാരായണക്കുറുപ്പ് കുയ്തേരി ദേശത്തിലെ ഹൈസ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ച ആദ്യ ആളാണ് .അദ്ധ്യാപകൻ കൂടിയായിരുന്ന അദ്ദ്ദേഹം കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും കൂടിയായിരുന്നു .സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ : കേളുക്കുറുപ്പും ആദ്യ വിദ്യാർത്ഥി മുതിരക്കാലിൽ മൊയ്ദുവുമാണ് . സ്കൂളിന്റെ ചുറ്റുമായി വിരലിലെണ്ണാവുന്ന വീടുകളെ ഉണ്ടായിരുന്നുള്ളൂ . നായർ ,തിയ്യ ,മുസ്ലിം തറവാടുകളായിരുന്നു അവയിൽ പ്രധാനം .ഈ തറവാടുകാരുടെ ആശ്രിതരും കൂലിപ്പണിക്കാരുമായിരുന്നു മറ്റുള്ളവർ . ദേശത്തിന്റെ വടക്കും കിഴക്കും അതിരുകൾ കാടും കുന്നും നിറഞ്ഞ മലയോര മേഖലയും തെക്ക് പടിഞ്ഞാറേ അതിരിലായി പ്രതേശത്തെ ബാഹ്യ ലോകവുമായി വീർപ്പെടുത്തുന്ന വാണിമേല്പ്പുഴ സാമൂഹികവും ഭൂമിശാസ്ത്ര പരവുമായ പ്രതികൂലാവസ്ഥകളിൽ ഞെരുങ്ങുന്നുണ്ടായിരുന്ന കുയ്തേരി നിവാസികൾക്ക് തികച്ചും അനുഗ്രഹീതമായ ഒരു ചരിത്ര സംഭവമായിരുന്നു കുയ്തേരി എയിഡഡ് എലിമെന്ററി സ്കൂളിന്റെ ഉദയം .
1923 ൽ പ്രധാനാധ്യാപകനായ കേള്ക്കുറുപ്പും സഹാധ്യാപകനായ രാമക്കുറുപ്പും ഒന്നും രണ്ടും ക്ലാസുകളിലായി 25 ആൺ കുട്ടികളും 20 പെൺകുട്ടികളും ആണ് ഉണ്ടായിരുന്നത് . അടുത്ത വർഷം കുട്ടികളുടെ അറബി പഠനത്തിന് സ്കൂൾ മാനേജർ ഒരു അറബി അദ്ധ്യാപകനെ നിയമിച്ചു. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9.45 വരേയായിരുന്നു ഈ അദ്യാപകന്റെ പ്രവൃത്തി സമയം .വര്ഷം തോറും കുട്ടികളുടെയും ക്ളാസുകളുടെയും എണ്ണം വർധിച്ചു .1929 ആയതോടെ സ്കൂളിൽ നാല് ക്ളാസുകളും നാല് അദ്യാപകരുമായി .സ്കൂൾ പരിസരത്ത് കൂടുതൽ മുസ്ലിം കുട്ടികൾ ആയിരുന്നിട്ടും അവരുടെ പ്രത്യേയക പoനത്തിന് അദ്യാപകൻ ഉണ്ടായിരുന്നിട്ടും മുസ്ലിം കുട്ടികളുടെ ഹാജർ പ്രതീക്ഷക്കൊത്ത് ഉയര്ന്നുണ്ടായിരുന്നില്ല .മുസ്ലിം സ്കൂളായി അംഗീകാരമുള്ള സ്കൂളിൽ പകുതിയിലേറെ ഹിന്ദുക്കുട്ടികളായിരുന്നു .സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രധാനഅദ്യാപകനുമായ ശ്രീ കേള്ക്കുറുപ്പിന്റെ നിര്യാണത്തെ തുടർന്ന് പകരം വന്ന വി കെ രാമക്കുറുപ്പിന് പുറമെ പി മൂത്താൻ ,വി പി കുഞ്ഞിക്ക്രഷ്ണക്കുറുപ്പ് ,ശങ്കരക്കുറുപ്പ് ,എന്നീ അദ്ധ്യാപകരുമായി സ്കൂൾ മുന്നോട്ട് പോകവേ 1937 ൽ സ്കൂൾ പരിശോധന നടത്തിയ ഡപ്യൂട്ടി ഇൻസ്പെക്ടർ തന്റെ പരിശോധനാറിപ്പോർട്ടിൽ ഒരു പ്രത്യേക കാര്യം റിപ്പോർട്ട് ചൂണ്ടിക്കാട്ടി .ടീച്ചർ മാനേജരായ വി പി നാരായണക്കുറുപ്പ് മറ്റൊരു സ്കൂളിൽ അദ്യാപകനായിരിക്കുന്നത് ശരിയല്ലെന്നും സ്വന്തം സ്കൂളിൽ അദ്ധ്യാപകനായി വന്ന് സ്കൂളിന്റെ ഉന്നമനത്തിന് ശ്രമിക്കണമെന്നുമായിരുന്നു അത് .ഈ നിർദേശത്തെ മാനിച്ച് വി പി നാരായണ കുറുപ്പ് സ്വന്തം സ്കൂളിൽ തന്നെ അദ്ധ്യാപകനായി വന്നു. 1938 ൽ 5 -ആം ക്ലാസ്സ് ആരംഭിച്ചു .ഒരു മുസ്ലിംസ്കൂൾ എന്ന നിലയിൽ മൊത്തം കുട്ടികളുടെ പകുതിയെങ്കിലും മുസ്ലിം കുട്ടികൾ ഇല്ലെങ്കിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കുമെന്ന് 26 .10 .42 ലെ ഡപ്യൂട്ടി ഇൻസ്പെക്ടറുടെ പരിശോധനാകുറിപ്പിന്റെ കരിനിഴലിൽ ദിവസങ്ങൾ നീങ്ങവേ 1947 ൽ ഹെഡ്മാസ്റ്ററുടെ പദവിയിൽ പുതിയ അദ്ധ്യാപകൻ വന്നു .ശ്രീ :സി എച്ച് ചന്തപ്പൻ മാസ്റ്റർ അദ്ദ്ദേഹത്തെ കൂടാതെ എൻ മമ്മു മാസ്റ്റർ ,എം കുഞ്ഞിരാമപ്പണിക്കർ ,എം നാരായണൻ നമ്പ്യാർ , പി അപ്പൻ നമ്പ്യാർ , എന്നീ അധ്യാപകരും സൂപ്പിക്കുട്ടി മുസ്ലിയാർ എന്ന അറബി അദ്യാപകനും ചേർന്നപ്പോൾ കുട്ടികളുടെ ഹാജർ നില അല്പാല്പമായി മേച്ച്ചമാകാൻ തുടങ്ങി .
അക്കാലത്ത് സാധാരണ ക്ലാസ് സമയമായ 10 മാണി മുതൽ 4 മണിവരെ ഉള്ള പഠനത്തിന് പുറമെ യുള്ള കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ പ്രത്യേകം പരാ മർശയോഗ്യമാണ് .എല്ലാ വർഷവും നവരാത്രി പൂജയും വിജയദശമി നാളിലെ വിദ്യാരംഭവും സ്കൂളിൽ ആഘോഷിക്കാറുണ്ട് . സ്കൂളിങ്ങനെ തുടർന്ന് മുന്നോട്ട് നീങ്ങവേ 16.11.1950 ൽ സ്കൂൾ സന്ദർശിച്ച ഡപ്യൂട്ടി ഇൻസ്പെക്ടർ തന്റെ പരിശോധനാ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി . ഇതൊരു ബേസിക് സ്കൂളായി മാറ്റാൻ മാനേജർ സമ്മതിച്ചിട്ടുണ്ട് .ഇവിടെ നിന്ന് ഒരു ഫർലോങ് വടക്ക് മാറി സ്കൂൾ സ്ഥലം മാറ്റം ചെയ്യാൻ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് ..ആ സ്ഥലം സ്കൂളിന് യോജ്യമാണ് .ഇതിൻ പ്രകാരം 25 .05 .51 ന് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് സ്കൂളിനെ സംബന്ധിച്ചിടത്തോളം സുപ്രധാന സംഭവമാണ് .ശ്രീ :സി എച്ച് ചന്തപ്പൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ ),പി അപ്പനമ്പ്യാർ ,എം നാരായണൻ നമ്പ്യാർ ,എം കുഞ്ഞിരാമപ്പണിക്കർ ,ചാപ്പൻ നമ്പ്യാർ ,എ കെ കൃഷ്ണക്കുറുപ്പ് ,കൃഷ്ണൻ നമ്പ്യാർ എന്നിവരാണ് കളരിക്കൽ എന്ന് പേരുള്ള സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചച്ചപ്പോഴുള്ള അധ്യാപകർ .
കുയ്തേരി മാപ്പിള എൽ പി സ്കൂൾ എന്ന് പേരുണ്ടെങ്കിലും ആ സമയത്ത് ഒറ്റ മുസ്ലിം വിദ്യാര്തഥി പോലും സ്കൂളിൽ ഇല്ലായിരുന്നു .സ്കൂളിന്റെ അംഗീകാരം പിൻവലിക്കാതിരിക്കാൻ മാനേജർ കാരണം കാണിക്കണമെന്ന് പരിശോധനാ ഉദ് യോഗസ്ഥൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹാജർ നില മേച്ച്ചപ്പെടുത്തികയും സ്കൂൾ വീണ്ടും നല്ലനിലയിൽ പ്രവർത്തിക്കാനും തുടങ്ങി . പുത്തൂർ ഓമന ,പി കണ്ണൻ എന്നീ രണ്ട് പുതിയ അധ്യാപകരുടെ നിരന്തരവും കഠിനവുമായ പരിശ്രമ ഫലമാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് .തുടർന്നുള്ള വർഷങ്ങളിൽ പുതിയ ഡിവിഷനുകളും പുതിയ അധ്യാപകരും വന്നു .കെ എം ദാമോദരൻ നമ്പ്യാർ ,പത്മനാഭൻ അടിയോടി ,പി നാരായണക്കുറുപ്പ് ,എന്നിവരായിരുന്നു പിന്നീട് വന്ന പുതിയ അധ്യാപകർ .അറബിക്കിന് അധ്യാപക താസ്തുതികയും അനുവദിക്കപ്പെട്ട .പുത്തൂർ ഓമന, പി കണ്ണൻ എന്നിവർ വിട്ട് പോകുകയുണ്ടായി .ചന്തപ്പൻ മാസ്റ്റർ വിരമിച്ചപ്പോൾ എം നാരായണൻ നമ്പ്യാരും തുടർന്ന് പി നാരായണ കുറുപ്പ് ,എം ദാമോദരൻ എന്നിവരും ഹെഡ്മാസ്റ്റർ ആയിട്ടുണ്ട് .എം ദാമോദരൻ വിരമിച്ചച്ചപ്പോൾ എം സി ചാത്തു മാസ്റ്റർ പ്രധാന അധ്യാപകനായി .
പഴയ കാല അധ്യാപകരെല്ലാം പെൻഷനാകുകയും പുതുമുഖങ്ങൾ സ്ഥാനമേൽക്കുകയും ആയിരുന്നു .ശ്രീ : എം ദാമോദരൻ ,വി പി രാഘവൻ ,എ കെ അമ്മദ് ,കെ ഖാദർ (അറബിക് അദ്ധ്യാപകൻ ),എം സി ചാത്തു ,ടി കെ സുശീല ,സി മൂസ്സ , കെ രവീന്ദ്രൻ ,ടി കെ സതി ,എം പി ഗംഗാധരൻ ,എം രമാദേവി എന്നിവരടങ്ങുന്ന പുതിയ തലമുറയുടെ പ്രവർത്തന ഫലമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിക്കാൻ തുടങ്ങി .1983 -84 ൽ സ്കൂളിൽ നിന്ന് ആദ്യമായി ചെറുവലത്ത് വിനോദൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു .വിനോദൻ ഇപ്പോൾ ഒറീസ്സയിൽ നവോദയ വിദ്യാലയത്തിൽ അധ്യാപകനാണ് .86 -87 ൽ രജീഷ് ആർ ,95 -96 ൽ രാജേഷ് കെ ,ശ്രേയസ്സ് എസ് ,97 -98 ൽ മുഹമ്മദ് പി ,സഫിയ പി ,98 -99 ൽ അശ്വതി എസ് എ ,രാംനാ ആർ ,99 -2000 ൽ ജിതിൻ രാജ് കെ കെ ,2000 -01 ൽ ആതിര എസ് എ ,അനുരഞ്ജ് എൻ ,തീർത്ഥ പി , 2002 -03 ൽ രാഹുൽ കെ കെ ,എന്നീ വിദ്യാർത്ഥികളും എൽ എസ് എസ് നേടി . 97 -98 ൽ ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു .97 -98 വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്ത് തലത്തിൽ നടത്തടിയ പൊതു പരീക്ഷയുടെ അടിസ്ഥാനത്തിൽ പഠന നിലവാരത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയം നേടി .2000 -01 ൽ ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .ലളിത ഗാനം ,കഥാപ്രസംഗം എന്നിവയിൽ ജില്ലാതല മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട് .യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ അധിക വർഷങ്ങളിലും A ഗ്രേഡ് ഈ സ്കൂളിനാണ് ലഭിച്ചത് .1994 -95 ൽ ജില്ലാ കായിക മേളയിൽ പെൺ കുട്ടികളുടെ 100 മീറ്റരിൽ ഒന്നാം സ്ഥാനം ഈ സ്കൂളിലെ കുടിക്കാണ് ലഭിച്ചത് .2002 -03 ൽ ഉപജില്ലാ കായിക മേളയിൽ എൽ പി വിഭാഗം വ്യക്തിഗത ചാമ്പ്യാൻ ഷിപ്പും കരസ്ഥമാക്കി .
1992 ഡിസംബർ ൽ ആണ് സ്കൂൾ മാനേജരായ ശ്രീ :വി പി നാരായണക്കുറുപ്പ് അന്തരിച്ചത് .അദ്ദേഹത്തിന്റെ മകനും സ്കൂളിലെ അദ്ധ്യാപകനുമായ കെ രവീന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ .ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കി സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ നേടിയവർ നിരവധിയാണ് . കേരള ആരോഗ്യ വകുപ്പിൽ സൂപ്പർവൈസർ ആയിരുന്ന കെ പി ഗോപാലൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന വി പി ജനാർദൻ ,കേരള സിവിൽ സപ്ലൈസ് വകുപ്പിൽ ഓഫീസർ ആയ എൻ കെ വിജയ ലക്ഷ്മി എന്നിവർ അവരിൽ ചിലർ മാത്രം .