കാരാറത്ത് യു പി എസ്‍/അക്ഷരവൃക്ഷം/ആശങ്കാകുലം

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കാകുലം
  ഉറക്കമുണർന്ന് നേരെ വാഷ്ബേസിനരികിലേക്ക് നീങ്ങുന്ന സമയത്താണ് ഞാൻ ശ്രദ്ധിച്ചത് അച്ഛനും അമ്മയുമൊക്കെ ടി.വിക്ക് മുന്നിൽ നിരന്നിരിക്കുന്നു .എല്ലാവരുടേയും മുഖത്ത് വല്ലാത്ത ആകാംക്ഷ.എനിക്ക് കാര്യം മനസ്സിലായില്ല. എന്തോ കാര്യമായ വാർത്ത നടക്കുന്നുണ്ട്. അച്ഛൻ ചാനൽ മാറ്റി മാറ്റി വാർത്തകൾ നോക്കുന്നുണ്ട്. പെട്ടെന്ന് പല്ലുതേച്ച് കഴിഞ്ഞ് ഞാനും ചെന്നു.കൊറോണാ വൈറസ് അത് ലോകമൊട്ടാകെ പടർന്നു പിടിക്കുന്നുണ്ടത്രേ. ചൈനയിലും ഇറ്റലിയിലും അമേരിക്കയിലുമൊക്കെ മണിക്കൂറുകൾക്കിടയിൽ ഒരു പാട് പേർ മരിക്കുന്നു. നൂറു കണക്കിനാളുകൾക്ക് രോഗം പിടിപെടുന്നു.ഞാൻ അച്ഛനെ തൊട്ടു വിളിച്ചു ." അച്ഛാ നമ്മൾക്കും വരുമോ ഈ അസുഖം?" അച്ഛനും അമ്മയും എന്നെ നോക്കി പരിഭ്രാന്തിയോടെ പിന്നേയും വാർത്തയിലേക്ക് ശ്രദ്ധിച്ചു.             
          ഞാൻ മുറ്റത്തേക്കിറങ്ങി .ചുറ്റുമുള്ള വീടുകളിൽ നിന്നും ഉച്ചത്തിൽ വാർത്തകൾ കേൾക്കുന്നുണ്ട്. പിന്നെ കോലായിലേക്ക് കയറി.ടിപ്പോയിൽ പത്രം.അതിലും കൊറോണ .ഇതിന് കോവിഡ് എന്നും പറയുമത്രേ. സ്കൂൾ പരീക്ഷ പോലും നടന്നിട്ടില്ല. അച്ഛൻ ജോലിക്കും പോകുന്നില്ല. അടുത്ത വീട്ടിൽ പോയി കളിക്കാനും പറ്റുന്നില്ല.
           കുറച്ചു കഴിഞ്ഞ ശേഷം അച്ഛൻ അടുത്തിരുത്തി കാര്യങ്ങൾ പറഞ്ഞു തന്നു സാമൂഹിക അകലം, ജാഗ്രത, സാനിറ്റേസർ മുഖാവരണം ഇവയുടെ പ്രാധാന്യവും ഗുണവുമൊക്കെ മനസ്സിലാക്കി. കൈകളൊക്കെ സോപ്പിട്ട് കഴുകാറുണ്ടെങ്കിലും ഈ വൈറസിനെ കൊല്ലാൻ ഏതു വിധത്തിൽ കഴുകണമെന്ന് അമ്മ പറഞ്ഞു തന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ എനിക്ക് ചെറിയ പേടി തോന്നിയെങ്കിലും ഞാനുറപ്പിച്ചു.അച്ഛനുമമ്മയും പറഞ്ഞു തന്ന കാര്യങ്ങൾ ഞാൻ അതു പോലെ അനുസരിക്കും.
    മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നപ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട് അവരെന്നോട് ചോദിച്ചു "മോളേ അവരൊക്കെ ടിവീല് എന്ത് കാണുകയാ. ചൈനയെ അമേരിക്ക തോൽപ്പിച്ചെന്നോ .ഇറ്റലിയും ജപ്പാനുമൊക്കെ മത്സരിക്കുന്നുണ്ടോ. കേര ള ത്തിന് ഏറ്റവും കുറവാണെന്നൊക്കെ കേൾക്കുന്നു". ഞാൻ മുത്തശ്ശിയെ അതിശയത്തോടെ നോക്കി .പാവം! മരണത്തിന്റെ കണക്ക് വിവരങ്ങൾ കേട്ടിട്ടാ മുത്തശ്ശി ഇങ്ങനെ പറയുന്നത്. ഫുട്ബോൾ മത്സരമാണെന്നാ വിചാരം
        അച്ഛനുമമ്മയും പറഞ്ഞു തന്ന കാര്യങ്ങൾ മുത്തശ്ശിക്ക് പറഞ്ഞു കൊടുത്തു. അവരുടെ മുഖത്ത് നല്ല പേടിയുണ്ട്. "മുത്തശ്ശി ഒട്ടും പേടിക്കണ്ട കേട്ടോ നമുക്ക് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതു പോലെ അനുസരിക്കാം. അപ്പോൾ ഒരു വൈറസും അടുത്തു വരില്ല". മുത്തശ്ശി ഒന്നും പറയാതെ അകത്തേക്ക് നടന്നു.
ശ്രീലക്ഷ്മി.കെ
6A കാരാറത്ത് .യു.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ