എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

📰ധ്വനി📰

കേരളപ്പിറവി ദിനത്തിൽ  പ്രൗഢഗംഭീരമായ പ്രവേശനോത്സവം ഒരുക്കി കിടങ്ങൂർ എൻ.എസ്.എസ്


കിടങ്ങൂർ : പത്തൊൻപത് മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേയ്ക്ക് കടന്നുവന്ന വിദ്യാർത്ഥികളെ ആവേശപൂർവ്വം വരവേറ്റ് കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ .സ്കൂൾ ജീവനക്കാരുടെയും രക്ഷകർത്താക്കളുടെ യും  നേതൃത്വത്തിൽ  ശുചിയാക്കിയ വിദ്യാലയം വിദ്യാർത്ഥികളെ സ്വീകരിക്കാനായി കമനീയമായി

അണിഞ്ഞൊരുങ്ങിയിരുന്നു. കുരുത്തോലകളും വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക്  ആകാംക്ഷയോടെയും ആവേശത്തോടെയും കടന്നുവന്നകുരുന്നുകളുടെ മുഖത്ത്  വിരിഞ്ഞ സന്തോഷം ആരുടേയും മനം കുളിർപ്പിക്കുന്ന തായിരുന്നു. കേരളപ്പിറവി ദിനത്തിൽ  നാടിന്റെ തനിമ വിളിച്ചോതുന്ന ഗരുഡൻ പറവ യുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വിദ്യാർത്ഥികളെ  അധ്യാപകർ  സ്വീകരിച്ച് ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു.തെർമൽ സ്കാനർ ഉപയോഗിച്ചും  സാനിറ്റൈസർ നൽകിയും സാമൂഹിക അകലം പാലിച്ചും അതിജീവനത്തിന്റെ പ്രാഥമികപാഠങ്ങൾ പകർന്നു നൽകി കൊണ്ടാണ്  വിദ്യാർത്ഥികളെ  വിദ്യാലയാങ്കണത്തിലേയ്ക്ക് എതിരേറ്റത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാൻ  കുട്ടികളെ ഓർമ്മിപ്പിക്കുന്ന  നിർദ്ദേശങ്ങൾ വിദ്യാലയത്തിൽ പലയിടത്തായി സ്ഥാപിച്ചിരുന്നു.ലോങ്ങ് ബെല്ലും പ്രാർത്ഥനാ ഗാനവും തുടർന്നു ഹെഡ്മാസ്റ്ററുടെ  സന്ദേശവും  കോവിഡ് ബോധവൽക്കരണ പ്രതിജ്ഞയും കഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികളോടെ ക്ലാസുകൾ സജീവമായി .ഉച്ചഭക്ഷണത്തിന് ശേഷം 12 .30 ഓടെ രക്ഷിതാക്കളുടെ കൈകളിൽ തൂങ്ങി കുരുന്നുകൾ വീടുകളിലേക്ക് മടങ്ങി.

കിടങ്ങൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ കലയുടെ കളിവിളക്ക് തെളിഞ്ഞു

കിടങ്ങൂർ: പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളും വികസിക്കേണ്ടതാണ് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളം ക്ലബ്ബായ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ 2021- 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ആഗസ്റ്റ് 10 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക്   ഓൺലൈൻ ആയി ആയി നടന്നു. വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗിരിജ  എസ് പിള്ള യോഗത്തിലേക്ക്  ഏവർക്കും  സ്വാഗതം ആശംസിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുകുമാർ യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. പത്തനംതിട്ട ഡയറ്റ് റിട്ട: സീനിയർ ലക്ചറർ  ശ്രീ.ശ്രീകുമാർ എസ് നായർ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.തന്റെ വാങ്മാധുരിയിലൂടെ അദ്ദേഹം വിദ്യാർഥികളെ സാഹിത്യത്തിന്റെ അനന്ത വിസ്തൃതമായ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സാഹിത്യ സൗന്ദര്യത്തിന്റെ  പുതുമഴയിൽകുളിച്ച കുരുന്നു ഹൃദയങ്ങൾ സർഗ്ഗാത്മകതയുടെ വിത്ത് മുളക്കാൻ ഒരുങ്ങിനിൽക്കുന്ന പാടങ്ങളായി മാറി. മാളവിക ദീപുവിൻറെ കവിതാലാപനവും അമ്പാടി ജയപ്രകാശിന്റെ നാടൻപാട്ടും പരിപാടിയുടെ മധുരം ഇരട്ടിയാക്കി. മലയാളം അധ്യാപിക അമ്പിളി ടീച്ചറുടെ കൃതജ്ഞതയോടെ കൂടി  പുതിയൊരു സർഗ്ഗവസന്തത്തിന് കാതോർത്തുകൊണ്ട്കൊണ്ട് ഉദ്ഘാടന  പരിപാടി അവസാനിച്ചു.

വായനാ വഴിയിലെ സൂര്യതേജസ്സിന് ആദരവർപ്പിച്ച് കൊണ്ട് വായനാദിനാചരണം

കിടങ്ങൂർ :കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പി എൻ പണിക്കരുടെ സ്‌മരണ ഉയർത്തിക്കൊണ്ട് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു . കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടത്തിയ വായനാദിനാചരണ പരിപാടിയിൽ ആദരണീയനായ പാലാ DEO ശ്രീ ഭാസ്കരൻ വി വി വിദ്യാർഥികൾക്ക് വായനാദിന സന്ദേശം പകർന്നു നൽകി. പി എൻ പണിക്കരുടെപുത്രൻ ശ്രീ കൃഷ്ണ കുമാർ 'പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം' നടത്തി. വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കവിതാലാപനം ഓൺലൈൻ പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകാസ്വാദനം, എൻറെ ഇഷ്ട കഥാപാത്രം കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഭാഷാ നൈപുണികൾ സ്വാംശീകരിക്കുന്ന തിനും വായനയെ ഒരു സംസ്കാരം ആക്കി വളർത്തുന്നതിനും വായനാദിന പരിപാടികൾ കുട്ടികൾക്ക് പ്രചോദനമായി.

ശാസ്ത്രമേളയുടെ ആരവത്തിൽ കിടങ്ങൂർ എൻ.എസ്.എസ്

കിടങ്ങൂർ :  കർമ്മോത്സുകരായ യുവശാസ്ത്ര പ്രതിഭകളുടെ  സർഗ്ഗ ചേതനകൾക്ക്  പുതിയ മാനങ്ങൾ നൽകിക്കൊണ്ട്, കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി  സ്കൂളിലെ ശാസ്ത്രമേള ബഹുമാന്യനായ സ്കൂൾ HM ശ്രീ. R ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ മിടുമിടുക്കരുടെ, കഠിനാധ്വാനവും ശാസ്ത്രബോധവും മാറ്റുരച്ചപ്പോൾ കിടങ്ങൂർ എൻഎസ്എസിന്റെ ചരിത്രത്തിലെ മികച്ച ശാസ്ത്രമേള ആണ് പിറവിയെടുത്തത്. ശാസ്ത്ര പരീക്ഷണങ്ങൾ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ തുടങ്ങി നിരവധി ഇനങ്ങൾ കുട്ടികൾ മേളയിൽ അവതരിപ്പിക്കുകയുണ്ടായി. സങ്കീർണമായ ശാസ്ത്രതത്വങ്ങളെ ലളിതമായ പരീക്ഷണങ്ങളിലൂടെ കുട്ടികൾ സമർത്ഥിച്ചു കാണിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും  ഇത്തരം മേളകൾ സഹായകമാകും എന്ന ആശയമാണ് കിടങ്ങൂർ എൻഎസ്എസ് മുന്നോട്ടുവയ്ക്കുന്നത്.

പരിസ്ഥിതി ദിനത്തിൽ പ്രൗഢഗംഭീരമായ  പരിപാടികൾ ഒരുക്കി കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസ്

കിടങ്ങൂർ :ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം പുനർനവം 2022 എന്ന പേരിൽ പൂർവ്വാധികം ഭംഗിയായി ഈ വിദ്യാലയത്തിൽ നടന്നു. ജൂൺ അഞ്ചാം തീയതി എസ് പി സി യുടെ നേതൃത്വത്തിൽ  വൃക്ഷത്തൈകൾ നട്ടു. ജൂൺ ആറാം തീയതി തിങ്കളാഴ്ച സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് പരിസ്ഥിതി കവിത, പ്രസംഗം, പരിസ്ഥിതിഗാനം , ഡാൻസ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ ആർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നല്കി.പരിസ്ഥിതി പ്രവർത്തകനും ,മൂന്നര ഏക്കർ സ്ഥലത്ത്  വിവിധ ഇനം  പ്ലാവിൻ തൈകൾ നട്ട് ഒരു പ്ലാവ് ഗ്രാമം  എന്ന ആശയത്തിന്  തുടക്കം കുറിക്കുകയും ചെയ്ത ഇരിങ്ങാലക്കുട സ്വദേശി ശ്രീ കെ ആർ ജയൻ (പ്ലാവ് ജയൻ ) വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തുകയും ഒരു മികച്ചയിനം പ്ലാവിൻതൈ വിദ്യാലയ അങ്കണത്തിൽ നടുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്ലക്കാർഡ് നിർമ്മാണം, ചിത്രരചന ,ക്വിസ്,പ്രസംഗം  എന്നീ ഇനങ്ങളിൽ  മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.

പ്രൗഢഗംഭീരമായ വായനവാരത്തിന് തുടക്കം കുറിച്ച് കിടങ്ങൂർ എൻ.എസ്. എസ്

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാവാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  എസ് രാമചന്ദ്രൻ സാർ സ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വർഷങ്ങളായി നമ്മുടെ സ്കൂളിൽ  വായനാദിനത്തിന് പുസ്തക പ്രദർശനവും വിൽപനയും നടത്തിവരുന്ന പുസ്തക സാർ എന്ന് കുട്ടികളും അധ്യാപകരും വിളിക്കുന്ന ഗോപാലകൃഷ്ണൻനായർ സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു - ഈ യോഗത്തിൽ വെച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ  അനുമോദിച്ചു. പി ടി എ പ്രസിഡൻറ്  ഹരിദാസ് പി.എസ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.പതിനൊന്നര മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു വളരെയേറെ ആവേശത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ  എസ്പിസി, നല്ലപാഠം, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായന മരം ഒരുക്കി 'സമകാലിക പത്രമാസികകളും ആഴ്ചപ്പതിപ്പുകളും കുട്ടികൾക്കായുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുക എന്നതായിരുന്നു  ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം ,അതോടൊപ്പം തന്നെ  സ്കൂൾ ലൈബ്രറി  ,ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു. കഥാപാത്ര നിരൂപണം ,പുസ്തകാസ്വാദനം ,വായനമത്സരം, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.