എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/കൊറോണാ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ

കൊറോണാ എന്ന വൈറസ് നമ്മുടെ ലോകത്തുള്ള എല്ലാവർക്കും രോഗം പരത്തി കൊണ്ടല്ലെങ്കിലും മറ്റേതൊക്കെയോ വഴികളിൽ ദുഃഖങ്ങൾ സമ്മാനിച്ചു. ആദ്യമായി ഇത് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലയിരുന്നു. ആദ്യമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഏതോ ഒരു രാജ്യത്തെ ആയിരകണക്കിന് മനുഷ്യരുടെ ജീവനെടുത്ത ഒരു ദുഷ്ടകഥാപാത്രമായിരുന്നു വൈറസ്. എന്നാൽ അത് സാരമായ രീതിയിലല്ലെങ്കിലും ചെറിയൊരു ദുഃഖവും ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം എനിക്കും നൽകി. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ഇത് എന്റെ സ്കൂളിലെ അവസാന വർഷമായിരുന്നു. അതുകൊണ്ട് പുതിയ സ്കൂളിൽ പോകാനും പുതിയ ക്ലാസ്സിൽ ഇരുന്ന് പഠിക്കാനും പുതിയ ഒരുപാട് കൂട്ടുകാരുമൊത്തും അധ്യാപകരുമൊത്തും സൗഹൃദം പങ്കുവെയ്ക്കുവാനും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ വാർത്ത തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏകദേശം സ്കൂൾ അടയ്ക്കാറായി പരീക്ഷ എഴുതാനുള്ള തയാറെടുപ്പുകൾ തുടങ്ങി,പരിക്ഷയുടെ ടെൻഷൻ ഉണ്ടായിരുന്നെകിലും അത് ഞങ്ങളെ നിരുത്സാഹപ്പെടുത്തിയില്ല.

അങ്ങനെയിരിക്കെ മാർച്ച്‌ മാസം പത്താം തീയതി ചൊവ്വാഴ്ച ഏകദേശം ഉച്ചയോടെ സ്കൂളിൽ അധ്യാപകർ ഞങ്ങളെ ആ വിവരം അറിയിച്ചത്. കൊറോണ നമ്മുടെ രാജ്യത്തെയും കീഴടക്കിയിരിയ്കുന്നു നൂറോളം ആളുകൾ മരിക്കാൻ ഇടയായി. ആയിരകണക്കിന് മനുഷ്യർ രോഗം ബാധിച്ചു ഭയാക്രാന്തരായി കഴിയുന്നു. അതിനാൽ എല്ലാ സ്കൂളുകളും നാളെ മുതൽ അടച്ചിടുന്നു തല്കാലം പരീക്ഷകളും ഇല്ല ഈ വാർത്ത കേട്ടപ്പോൾ മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് സന്തോഷമായെങ്കിലും ഞാനടക്കമുള്ള ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആ വാർത്ത സന്തോഷം തരുന്നതായിരുന്നില്ല. കുറച്ചു പേർ കരഞ്ഞു. വൈകുന്നേരമായ പ്പോൾ വീട്ടിൽ എത്തിയപ്പോൾ എന്റെ കയ്യിൽ നിന്നും എന്തോ ഒന്ന് താത്കാലികമായി നഷ്ടമായതുപോലെ. സ്കൂളടച്ചിടുന്നു, പരിക്ഷ ഇല്ല, ഒപ്പംപടിച്ചിരുന്ന സഹപാഠികളെഒരിയ്ക്കൽ കൂടി ഒന്ന് കാണാനോ യാത്ര പറഞ്ഞു പിരിയുവാനോ കഴിയുന്നില്ല, എന്റെ പ്രിയപ്പെട്ട അധ്യാപകരെ കാണാനും അവരുടെ അനുഗ്രഹം വാങ്ങാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്നിനും കഴിയുന്നില്ല ഇത്തരം ചിന്തകളായിരുന്നു എന്റെ മനസ്സ് നിറയെ. ഇത് ഇ സ്കൂളിലെ എന്റെ അവസാന അധ്യയന വർഷം ആയിരുന്നു. അതുകൊണ്ട് തന്നെ ഇ അധ്യയന വർഷത്തിന്റ അവസാന നാളുകൾ ഞങ്ങൾക്ക് എല്ലാം വിലപ്പെട്ട ദിവസങ്ങൾ തന്നെ ആയിരുന്നു. അപ്പോഴാണ് സത്യത്തിൽ ആ സ്കൂളും അവിടത്തെ അധ്യാപകരും സഹപാടികളും കൂട്ടുകാരുമെല്ലാം എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ഞാൻ മനസിലാക്കിയത്. ഇ കൊറോണ എന്ന വൈറസ് എന്റെ മാത്രമല്ല ഇ ലോകത്തിലെ തന്നെ എല്ലാ മനുഷ്യരുടെയും ജീവിതം മാറ്റിമറിച്ചിരിയ്കുന്നു. ഏകദേശം ഒന്നര ലക്ഷത്തോളം ജീവനുകൾ ഇതുവരെ നമുക്ക് നഷ്ടമായിരിയ്കുന്നു. ഇതിൽ നിന്ന് തന്നെ ഇ വൈറസ് എത്ര മാരകം ആണെന്ന് നമുക്ക് മനസിലാകും.

ഇ അവസരത്തിൽ ഞാൻ ബഹുമാനത്തോടെ ഓർക്കാൻ ആഗ്രഹിക്കുന്നചില സേവനങ്ങൾ ഉണ്ട്. പ്രധാനമായും ഗവണ്മെന്റ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സ്മാർ, പോലീസ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ ആണ്. ഇവർ എല്ലാം തന്നെ അവരുടെ സുഖവും ആരോഗ്യവും നമുക്കായി സമർപ്പിച്ചു പ്രവർത്തിയ്ക്കുന്നവർ ആണ്. ഇ മാരകമായ വൈറസിനെ തുരത്തുവാൻ നമുക്ക് ഒറ്റകെട്ടായി നിൽക്കണം എന്ന വസ്തുത ഞാൻ ഇ അവസരത്തിൽ ഓർക്കുകയാണ്. ഇതിനായി നാം നമ്മുടെ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ അതുപോലെ തന്നെ പാലിയ്ക്കേണ്ടത് അത്യാവശ്യമാണ്. സാമൂഹിക അകലം പാലിച്ചും, അനാവശ്യ യാത്രകൾ ഒഴിവാക്കിയും, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകിയും, മാസ്ക് ഉപയോഗിച്ചും നമുക്ക് ഇ വൈറസിനെ ശക്തമായി പ്രതിരോധിയ്ക്കാം " ബ്രേക്ക്‌ ദി ചെയിൻ " എന്നതാകട്ടെ ഇനിയുള്ള നമ്മുടെ മുദ്രവാക്യം. ഇ യാതനയുടെ കാലവും കടന്നുപോകുമെന്നും നമുക്കായി നല്ലൊരു നാളെ കാത്തിരിക്കുന്നു എന്നുള്ള ശുഭ പ്രതീക്ഷയിലും, അവിടെ എന്റെ അധ്യാപകരെയും പ്രിയ സുഹൃത്തുക്കളെയും വീണ്ടും കണ്ടുമുട്ടാനാകും എന്ന പ്രതീക്ഷയോടെ ഞാൻ ദിവസങ്ങൾ തള്ളിനീക്കുന്നു.......

സാന്ദ്ര. എസ്
7 എം. ജി. എം. യു. പി. എസ്. എടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - ലേഖനം