സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വ്യക്തിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (added Category:അധ്യാപക രചനകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിയും ശുചിത്വവും      

ഭക്ഷണത്തിനു മുമ്പും പിമ്പും കൈകളും വായും നന്നായി കഴുകണം :- ചെറുപ്പകാലത്തു പഠിച്ച ശുചിത്വ ശീലം. ഇനി കൊറോണ കാലമാകട്ടെ, ചെറുപ്പകാലത്തു പഠിച്ച പാഠത്തിന്റെ പ്രായോഗിക പരിശീലനവും.

മലയാളികൾ പൊതുവേ ശുചിത്വ ശീലമുള്ളവരാണ്. രണ്ടു നേരമുള്ള കുളിയും ദന്ത പരിചരണത്തിലും എല്ലാം കൃത്യനിഷ്ഠയുള്ളവർ, തലമുറകൾ കൈവിടാത്ത വൃത്തി ശീലം. എങ്കിലും, ഈ ശുചിത്വ ശീലങ്ങളിൽ ലേശം വിള്ളലുകളില്ലാതില്ല. ചെറുപ്പത്തിലെ ഓതികൊടുത്തു വളർത്തിയിട്ടും പല ശുചിത്വ ശീലങ്ങളും ഇന്നു നാമാവശേഷമായികൊണ്ടിരിക്കുന്നു. സമയവും സ്ഥലവും കുറയുമ്പോൾ ശീലങ്ങളും മാറുന്നു. തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ പലരും മാറ്റി വയ്ക്കുന്ന, ഉപേക്ഷിക്കുന്ന ശീലമാണ് ശുചിത്വം. നേരാംവണ്ണം ഭക്ഷണം കഴിക്കുവാൻ പോലും സമയമില്ലാത്തപ്പോൾ പാലിക്കപ്പെടേണ്ട പല വൃത്തി ശീലങ്ങളും മനപ്പൂർവമല്ലെങ്കിൽ പോലും മാറ്റിവയ്ക്കപ്പെടുന്നു.

മാലിന്യ നിർമ്മാർജ്ജനമാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.മാലിന്യങ്ങൾ സ്വന്തം ഭൂമിയിൽ നിർമ്മാർജ്ജനം ചെയ്യുവാൻ സാധിക്കാതെ വരുമ്പോൾ അത് അന്യന്റ പറമ്പിലോ പൊതുസ്ഥലത്തോ തള്ളുന്നതിനൊപ്പം തുടങ്ങുന്നു വൃത്തിഹീനതയുടെ ആദ്യ പാഠം. അതിന്റെ അനന്തര ഫലമോ, മരുന്നു പോലും കണ്ട് പിടിക്കപ്പെട്ടിട്ടില്ലാത്ത തരത്തിലുള്ള സാംക്രമിക രോഗങ്ങളും.

ഏത് പൊതുനിരത്തുകളും ഭക്ഷണ ശാലകളായി മാറുന്നതാണ് മറ്റൊരു കാഴ്ച. ഇരുന്ന് കഴിക്കേണ്ട ഭക്ഷണം നടന്നു കഴിക്കുന്ന, ഭക്ഷണക്രമത്തിന്റെ ശുചിത്വങ്ങൾ ഒന്നും പാലിക്കപ്പെടാത്ത ശീലങ്ങൾ. രാവിലെ അഞ്ച് മണിക്കു തുടങ്ങുന്ന ട്യൂഷനുൾപ്പെടെ രാത്രി ഏറെ വൈകിയും വീട്ടിലെത്താൻ കഴിയാത്ത നമ്മുടെ കുഞ്ഞുങ്ങൾ ഇത്തരം വൃത്തികെട്ട പരിശീലനങ്ങളുടെ ഇരകളാണെന്നുള്ളതാണ് വാസ്തവം. ആരോഗ്യ പരമായ ഭക്ഷണ ശീലങ്ങൾക്കു പകരം വിവിധ തരം സ്നാക്സുകളും, ജംഗ് ഫുഡുകളും ഇന്ന് കുട്ടി മനസ്സുകളെ കീഴടക്കിയിരിക്കുന്നു. ഒരു കഷണം ഭക്ഷണം പല കൈകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് പതിവ് പരിപാടി ആകുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന വൈറസുകളും കൂടുതലായിക്കും. സമയ കുറവുള്ളവരോട് പറഞ്ഞിട്ട് എന്ത് കാര്യം. അവരുടെ ശീലങ്ങളെല്ലാം അത്തരത്തിലായിപ്പോയി.

മുഖം പൊത്തി തുമ്മുകയും ചുമക്കുകയും ചെയ്യണമെന്നത് ഒരു സാമാന്യ മര്യാദ ശീലമാണ്. ചെറിയ ക്ലാസ്സുകളിലെ പഠിക്കുന്നതും എന്നാൽ ഇന്ന് പൊതുസമൂഹത്തിൽ തീരെ മാനിക്കപ്പെടാത്തതുമായ ഒരു വൃത്തി ശീലമാണിത്. നിസ്സാരമായ ഒരു തുമ്മലിലൂടെ ചുറ്റുപാടും പരക്കുന്നത് പതിനായിരകണക്കിന് സൂക്ഷമാണുക്കളാണ്. അതു പോലെ പൊതുനിരത്തുകളിൽ തുപ്പുന്നതും വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ചുറ്റുപാടുമുള്ള ആളുകളെ തീർത്തും അവഗണിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ രോഗ സംക്രമണo ത്വരിതപ്പെടുത്തുകയേ ഉള്ളൂ.

അപ്രതീക്ഷിത സന്ദർശകനായെത്തിയ കൊറോണ എല്ലാവരുടെയം ശീലങ്ങൾ ഒന്നു മാറ്റി. കൈ കഴുകാത്തവർ കൈ കഴുകി തുടങ്ങി. ഓടിനടന്ന് ഭക്ഷണം കഴിച്ചിരുന്നവർ സ്വസ്ഥമായിരുന്ന് കഴിക്കുവാൻ തുടങ്ങി. അങ്ങനെ കാലാഹ രണപ്പെട്ട നല്ല ശീലങ്ങൾ പലതും തിരികെ വരാൻ തുടങ്ങി. അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നെങ്കിലും മനുഷ്യൻ ഒന്നിരുന്ന് ചിന്തിക്കാൻ തുടങ്ങി.

കഴിഞ്ഞ കാലം ഇനി മടങ്ങി വരില്ല, നഷ്ടപ്പെട്ട ജീവിതങ്ങൾ ഇനി തിരികേയും ലഭിക്കില്ല. കൊറോണക്കാലം നീണ്ട നഷ്ടങ്ങളുടെ കാലമായിരുന്നു, ഇനി ഒരിക്കെലും ഇത്തരം ഒരവസ്ഥ ഉണ്ടാകരുതെ എന്നു പ്രാർത്ഥിച്ചു പോകുന്ന കാലം. ഇത്തിരിപ്പോന്ന നുറുങ്ങുവെട്ടം പോലെ നമുക്ക് തിരികെ ലഭിച്ച വൃത്തി ശീലങ്ങളെ വീണ്ടും തല്ലിക്കെടുത്താതെ നോക്കേണ്ടത് നാമോരുത്തരു മാണ്. കൈവിട്ട് പോയിരുന്ന നല്ല ശീലങ്ങളിൽ നിന്നും നമുക്ക് ഒന്നെന്നു തുടങ്ങാം. ആരോഗ്യപരമായ ഒരു നല്ല നാളയേപടുത്തുയർത്താം. വ്യക്തി ശുചിത്വം സമൂഹശുചിത്വത്തിലേക്ക് നയിക്കുന്നു എന്നുള്ള തിരിച്ചറിവിലൂടെ പുതിയ സമൂഹത്തെ വാർത്തെടുക്കാം.

സിജൂ ജോർജ്
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം