ഡയറ്റ് മായിപ്പാടി/അക്ഷരവൃക്ഷം/ കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണുകൾ | color= 5 }} കടുവയുടെ കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണുകൾ

കടുവയുടെ കണ്ണുകൾ എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കും. തവിട്ടുകലർന്ന തൻ്റെ പച്ചക്കണ്ണുകളിൽ എപ്പോഴും കാട് മാത്രം പ്രതിഫലിച്ചുകൊണ്ടിരുന്നെങ്കിൽ എന്നത് ആശിക്കാറുണ്ടായിരുന്നു.

കാട് കടുവയെ നെഞ്ചിനുള്ളിലാണ് കൊണ്ടു നടക്കാറ്. കടുവ വടവൃക്ഷങ്ങൾ കയറിയും കാട്ടുചോലയിൽ നീന്തിത്തുടിച്ചും പുൽമേടുകളിൽ ഇരയെ തിരഞ്ഞും പൊന്തകളിൽ അന്തിയുറങ്ങിയും നടന്നു.

എന്നാൽ ഒരു കാര്യം കടുവയുടെ കണ്ണുകളിൽ അസ്വസ്ഥത നിറച്ചിരുന്നു. ആ പാത. അത് കടുവയുടെ പ്രഭാതസവാരികളുടെ പ്രശാന്തതയിലേക്ക് അതിക്രമിച്ചുകയറി. മഴയുടെയും വെയിലിൻ്റെയും മൂടൽമഞ്ഞിൻ്റെയും ആവരണങ്ങളിലേക്ക് തുളച്ചു കയറി.

ആ വഴിത്താരയെ കടുവ വെറുത്തു; കാടും. ആ പാതയിലൂടെ കാലുകളുടെ സ്ഥാനത്ത് ചക്രങ്ങൾ ഘടിപ്പിച്ച ബഹളക്കാരായ ജീവികൾ ഇരുകാലികളെയും വഹിച്ച് ഇരമ്പിയാർത്ത് കടന്നുവന്നുകൊണ്ടിരുന്നു. അവയുടെ പിളർന്ന വായിലിരുന്ന് ഇരുകാലികൾ കടുവയെ ആഘോഷിച്ചു. ആർപ്പുവിളികളും ആഹ്ലാദപ്രകടനങ്ങളും അസംഖ്യം ക്ലിക്കുകളുമായി അവർ കടുവയെ പൊതിഞ്ഞു.

എന്നാൽ ഇപ്പോൾ എന്തോ സംഭവിച്ചിരിക്കുന്നു. പാതയൊഴിഞ്ഞു കിടക്കുന്നു. ബഹളങ്ങൾ പോയിട്ട് ബഹളക്കാരുടെ നിഴലുകൾ പോലുമില്ല.

മടിച്ച് മടിച്ച് കടുവ വഴിത്താരയിൽ പാദം പതിപ്പിച്ചു. ആ മൃദുസ്പർശമേറ്റ് പാത പുളകമണിഞ്ഞു.

                *     *     *

കൂട്ടിലെ പുലി പതിവില്ലാതെ ആനന്ദത്തിലാണ്. കൂടിനുമുന്നിൽ വന്ന് നിരന്ന് നിന്ന് അതിൻ്റെ നിസ്സഹായതയ ആസ്വദിക്കാനാരുമില്ലാതായിരിക്കുന്നു. തന്നെ പറിച്ചെടുത്ത് കൊണ്ടുവന്ന ആ പഴയ കാടിനെ കുറിച്ച് ഒന്ന് സ്വപ്നം കാണാനെങ്കിലും സമയമുണ്ട്.

നഗരമധ്യത്തിലെ മതിൽക്കെട്ടിനുള്ളിലെ ഇരുമ്പഴികൾക്കകത്ത് കിടന്ന് പുലി സ്വപ്നം കണ്ടു. ആ കണ്ണുകളിൽ ഒരിക്കൽക്കൂടി കനവുകൾ പൂത്തു.

                 *     *     *

അവൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. എവിടേക്കും പോവാനില്ലായിരുന്നു. ടെലിവിഷൻ ഓൺ ചെയ്താൽ വൈറസ് വാർത്തകൾ മാത്രമായതിനാൽ മടുപ്പോടെ അവളതിനെ ഉപേക്ഷിച്ചിരുന്നു.

ഒന്നും ചെയ്യാനില്ലെന്ന് തോന്നിയതുകൊണ്ട് അവൾ വാതിൽക്കലിരുന്ന് പുറത്തേക്കൊന്ന് കണ്ണുകൾ പായിച്ചു. മുറ്റത്തെ മരത്തിൻ്റെ ഇലകൾക്ക് എന്തൊരു പച്ചയാണ്! ചില്ലക്കൂട്ടിനകത്ത് മയക്കത്തിലാഴുന്ന കിളിക്കുഞ്ഞിൻ്റെ ഇളം തൂവലുകൾക്ക് എന്തൊരു മിനുക്കം! അണ്ണാറക്കണ്ണൻ്റെ ചിലപ്പിൽ ഇത്രയും കുസൃതിയോ! സുവർണസൂര്യന് എന്ത് ശോഭ ! കാറ്റിൻ്റെ മുഖത്ത് ഇത്രയേറെ വാത്സല്യമോ! മണ്ണിനും മണമുണ്ടോ!

അവൾ പേനയും കടലാസുമെടുത്ത് എഴുതിത്തുടങ്ങി.

CINASHA
7 B ഡയറ്റ് മായിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ