പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിവിജ്ഞാനത്തിന്റെ ആവശ്യകത.

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിവിജ്ഞാനത്തിന്റെ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിവിജ്ഞാനത്തിന്റെ ആവശ്യകത

പരിസ്ഥിതിവിജ്ഞാനം മനുഷ്യവർഗത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. ലോകമെങ്ങും ജനസംഖ്യ ക്രമാതീതമായി വർധിച്ചുവരുന്ന ഈ നാളുകളിൽ പരിസ്ഥിതിയ്ക്കും പരിസ്ഥിതിവിജ്ഞാനത്തിനുമുള്ള പ്രാധാന്യം എടുത്തു പറയത്തക്കതുതന്നെ. നമ്മുടെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദുരുപയോഗവും ദൗർലഭ്യവും ഇന്ന് ഒരു വലിയ പ്രശ്നമാണ്. മനുഷ്യവർഗത്തിനാവശ്യമായ വിഭവങ്ങളുടെ പങ്കുവെക്കലിൽ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളെപ്പോലെ പരിസ്ഥിതി വിജ്ഞാനത്തിനും പങ്കുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കുന്നതിലൂടെ ദുർലഭമായ വിഭവങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിന്റെ പ്രാദേശികവും ആഗോളവുമായ അനന്തരഫലങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും.

ഇതിന് പുറമെ മനുഷ്യവർഗത്തിന്റെയും പ്രകൃതിയുടെയും പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാനും പരിസ്ഥിതിവിജ്ഞാനം സഹായിക്കുന്നു. ജൈവമണ്ഡലത്തിലും ജീവസമൂഹത്തിലും അവയുടെ ആവാസവ്യവസ്ഥയിലും നടക്കുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളാണ് പ്രക്യതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങൾക്കും നിദാനം. അതിനാൽ പരിസ്ഥിതി വിജ്ഞാനത്തിലെ ശാസ്ത്രീയ പഠനങ്ങൾ പലപ്പോഴും ജീവസമൂഹത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. ഏതെങ്കിലും ഒരു ജീവിവർഗം മാത്രമുള്ള ജീവസമൂഹത്തെ കേന്ദ്രീകരിച്ച് പഠനം നടത്തുന്ന പരിസ്ഥിതിവിജ്ഞാനം ചിലപ്പോൾ ഒന്നിലേറെ ജീവിവർഗങ്ങൾ ഉൾക്കൊള്ളുന്ന സമൂഹത്തെയോ ഒരു ജീവിസമുദായം മുഴുവനേയോ അല്ലെങ്കിൽ ഒരു ആവാസവ്യവസ്ഥ തന്നെയോ പഠനവിധേയമാക്കാറുണ്ട്.

പരിസ്ഥിതിവിജ്ഞാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതിസംരക്ഷണത്തിനാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ല തന്നെ. പരിസ്ഥിതിവിജ്ഞാനത്തിലെ പല ഗവേഷണങ്ങൾക്കും മനുഷ്യർ വിഷയമാവാറുണ്ട്. നാം ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ ചുറ്റുപാടുകൾ പരിസ്ഥിതി പഠനത്തിലെ മുഖ്യകണ്ണികൾ തന്നെ. മനുഷ്യരെക്കുറിച്ചു മാത്രമല്ല. പ്രകൃതിയിലെ മറ്റ് ജീവികളെക്കുറിച്ചും അവയുടെ ചുറ്റുപാടുകളെക്കുറിച്ചും പഠിക്കുന്ന ചില പ്രത്യേക വിഭാഗങ്ങൾ പരിസ്ഥിതിവിജ്ഞാനത്തിലുണ്ട്. ഒരു പ്രത്യേക ആവാസ വ്യവസ്ഥയെയോ അല്ലെങ്കിൽ ഒരു പ്രത്യേക ജീവിവർഗത്തെയോ ആണ് ഇങ്ങനെ പഠനവിധേയമാക്കുന്നത്.

പരിസ്ഥിതിവിജ്ഞാനത്തിൽ ഒരു ജീവിയെക്കുറിച്ച് പഠിക്കുമ്പോൾ അതിന്റെ ചുറ്റുപാടും അത് ജീവിക്കുന്ന സാഹചര്യങ്ങളും വിശദീകരിക്കപ്പെടുന്നു. കൂടാതെ അവയ്ക്ക് സ്വന്തം വർഗത്തോടും മറ്റു വർഗത്തിൽപ്പെട്ട ജീവികളോടും പരിസ്ഥിതിയോടുമുള്ള ബന്ധങ്ങളും പ്രവർത്തനങ്ങളും പഠനവിഷയമാക്കപ്പെടുകയും ചെയ്യുന്നു.

പരിസ്ഥിതിവിജ്ഞാന വ്യാപനത്തിലെ ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി സംഘടനകൾ. പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതിയുടെ സംതുലനാവസ്ഥ നിലനിർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനകളെ ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും കാണാൻ കഴിയും. പ്രധാനപ്പെട്ട പരിസ്ഥിതി സംഘടനകളെക്കുറിച്ച് പരിസ്ഥിതി സംരക്ഷണം എന്ന അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചിപ്കോ, എപികോ എന്നീ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

ജലം, മണ്ണ്, വായു തുടങ്ങിയ പ്രകൃതിവിഭവങ്ങൾ മലിനമാകാതെ സംരക്ഷിച്ചു നിർത്തുകയാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രധാന ലക്ഷ്യം. നിരവധി ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയ്ക്കായി അവർ പോരാടുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള അണക്കെട്ടുകളുടെ നിർമ്മാണത്തിനെതിരെയും ഇവർ രംഗത്തിറങ്ങാറുണ്ട്. ഇതിനുപുറമെ പ്രകൃതിദത്തമായ വനസമ്പത്തും സംരക്ഷിക്കുന്നതിനുവേണ്ടിയും പരിസ്ഥിതി സംഘടനകൾ പ്രയത്നിക്കുന്നു.

പ്രക്യതിയിലെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസ ഉൽപ്പന്നങ്ങൾക്കെതിരെയും അവർ ശബ്ദമുയർത്താറുണ്ട്. ആണവ പരീക്ഷണങ്ങളും രാസ-ജൈവ ആയുധങ്ങളും നിരോധിക്കുന്നതിനുവേണ്ടിയും പരിസ്ഥിതി സംഘടനകൾ പോരാടുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും നാശമുണ്ടാക്കുന്ന ഖനന പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുന്നതിനും ജാഗരൂകരാണ് ഇവർ. മാംസത്തിനും ചർമ്മത്തിനും മറ്റുമായി മൃഗങ്ങളെ വേട്ടയാടുന്നതിനെതിരെ സമൂഹത്തിൻറെ പ്രതികരണവും പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നു.

  • നമ്മുടെ ചുറ്റുപാടുകൾ*

നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ജീവിയുടെ ജീവിത ചുറ്റുപാട് ആവാസവ്യവസ്ഥ എന്നാണറിയപ്പെടുന്നത്. ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യർക്കുമാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്.

ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവീയ ഘടകങ്ങൾക്കും അജീവിയ ഘടകങ്ങൾക്കും പ്രാധാന്യമുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പല ജീവിവർഗങ്ങളും നമ്മുടെ ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നു. അതുപോലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനിൽപ്പിനായി ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയുണ്ടായിരിക്കും. അവിടുത്തെ ഭൗമാന്തരീക്ഷവും കാലാവസ്ഥയും അവയുടെ ജീവിതത്തെ സ്വാധീനിക്കുന്നു.

  • പരിസ്ഥിതി രൂപപ്പെടുന്നത്*

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതിവിജ്ഞാനക്കുറിച്ചും പഠിക്കുമ്പോൾ, പരിസ്ഥിതി എങ്ങനെ രൂപം പ്രാപിച്ചു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായോ മറിച്ച് പ്രകൃതിദത്തമായോ രൂപപ്പെട്ട ഒന്നാണ് പരിസ്ഥിതി. ജീവജാലങ്ങളും പ്രക്യതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം. ഓരോന്നിനും ജീവിക്കുന്നതിനാവശ്യമായ ചുറ്റുപാടുകൾ ഒരുക്കുന്നതും പരിസ്ഥിതിതന്നെ. ജീവജാലങ്ങളുടെ സ്വഭാവം നിർണയിക്കുന്നതിലും പരിസ്ഥിതിക്ക് പങ്കുണ്ട്. ജീവീയ ഘടകങ്ങളും അജീവീയഘടകങ്ങളും ചേർന്നാണ് പരിസ്ഥിതി രൂപപ്പെടുന്നതെന്ന് നാം കണ്ടുവല്ലോ. പരിസ്ഥിതിയിൽ കാണുന്ന ജീവനുള്ള എല്ലാ വസ്തുക്കളും ജീവീയഘടകങ്ങളിൽപ്പെടുന്നു. ഭൗമാന്തരീക്ഷം, കാലാവസ്ഥ, സൂര്യപ്രകാശം തുടങ്ങിയവ അജീവീയ ഘടകങ്ങളിലും. ഇതിൽ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമടങ്ങുന്ന ജീവീയ ഘടകങ്ങൾ ബയോസിനോസ് എന്നറിയപ്പെടുന്നു. ജീവീയഘടകങ്ങൾ നിലനിൽക്കുന്നത് ജൈവമണ്ഡലത്തിലാണ്. ശിലാമണ്ഡലവും ജലമണ്ഡലവും അന്തരീക്ഷവും ചേർന്നതാണ് ജൈവമണ്ഡലം. ജൈവമണ്ഡലത്തിലെ ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള പരസ്പരബന്ധത്തിലൂടെ പരിസ്ഥിതി രൂപപ്പെടുന്നു. ഇവയിൽ ഓരോ ഘടകവും മറ്റൊന്നിന്റെ നിലനിൽപ്പിനെ സ്വാധീനിക്കുന്നു.

ജീവജാലങ്ങളുടെ പരസ്പരബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗ്ഗത്തിൽപെട്ട ജീവികൾ നിലനിൽപ്പിനുവേണ്ടി പരസ്പരം മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും മറ്റുള്ളവയുടെ ഇരകളാവുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിലുള്ളത്.k അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവി വർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്

ആസിഫ. എ. കെ
X A പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verified1|name=Panoormt| തരം= ലേഖനം }