ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ചവറ്റുകുട്ട

Schoolwiki സംരംഭത്തിൽ നിന്ന്
ചവറ്റുകുട്ട

മുയൽക്കുട്ടനും കുരങ്ങച്ഛനും അയൽക്കാരായിരുന്നു. മുയൽക്കുട്ടൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമായിരുന്നു.പക്ഷേ കുരങ്ങച്ഛൻ വീടിനു ചുറ്റും എപ്പോഴും ചവറിടും .മുയൽക്കുട്ടൻെറ വീടിൻെറ പുറകിലും ചവറിടും. മുയൽക്കുട്ടൻ പല പ്രാവശ്യം പറഞ്ഞി‍ട്ടും കുരങ്ങച്ഛൻ കേട്ടില്ല.

ഒരു ദിവസം കുരങ്ങച്ഛൻെറ മകൻ കുരങ്ങൻ കുട്ടിക്ക് പനി വന്നു. വീട്ടിലുണ്ടായിരുന്ന മരുന്ന് കൊടുത്തിട്ടൊന്നും പനി മാറിയില്ല. അവസാനം ആനവൈദ്യൻെറ അടുത്തു കൊണ്ടുപോയി. ആനവൈദ്യൻ കുറെ മരുന്നൊക്കെ കൊടുത്ത് വീട്ടിൽ വിട്ടു. പക്ഷേ കുറെ മരുന്ന് കഴിച്ചിട്ടും കുരങ്ങൻ കുട്ടിയുടെ പനി മാറിയില്ല.പിറ്റേ ദിവസം രാവിലെ കുരങ്ങൻ കുട്ടിക്ക് പനി കൂടി. കുരങ്ങച്ഛനും കുരങ്ങമ്മയും നിലവിളിയായി.അതുകേട്ട് മുയൽക്കുട്ടൻ ഓടി വന്നു.എന്നിട്ട് വേഗം ആനവൈദ്യനെ കൂട്ടി കൊണ്ടു വന്നു.

ആനവൈദ്യൻ കുരങ്ങൻകുട്ടിയെ പരിശോധിച്ചു. മരുന്നൊക്ക കൊടുത്തപ്പോൾ പനി കുറച്ച് കുറഞ്ഞു. എന്നിട്ട് ആനവൈദ്യൻ കുരങ്ങച്ഛനോടും കുരങ്ങമ്മയേടും പറഞ്ഞു, " നിങ്ങളെന്താ ഈ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തത് ? അതുകൊണ്ടല്ലേ കുരങ്ങൻകുട്ടിയ്ക്ക് അസുഖം വന്നത്.ചവറൊക്കെ വലിച്ചെറിഞ്ഞാൽ അവിടെ ഈച്ചയും കൊതുകും ഒക്കെ വരും.ഈച്ച ആഹാരത്തിൽ വന്നിരുന്നാൽ വയറിളക്കം,കോളറ,തുടങ്ങിയ രോഗങ്ങൾ വരും.കൊതുക് കടിക്കുമ്പോഴാണ് ഡങ്കിപ്പനിയും, ചിക്കൻഗുനിയയും മന്തും മലേറിയയും ഒക്കെ വരുന്നത്.വൃത്തിയുള്ള പരിസരമാണ് നമ്മുക്ക് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും നല്കുന്നത്."

കുരങ്ങച്ഛനും കുരങ്ങമ്മയും അന്നു തന്നെ വീടും പരിസരവും വൃത്തിയാക്കി. മുയൽക്കുട്ടനും അവരെ സഹായിച്ചു.എന്നിട്ട് കുരങ്ങച്ഛന് മുയൽക്കുട്ടൻ നല്ലൊരു സമ്മാനം കൊടുത്തു 'ഒരു ചവറ്റുകുട്ട ' എന്നിട്ട് മുയൽക്കുട്ടൻ പറഞ്ഞു "ഇനി ഒരിക്കലും ചവർ വലിച്ചെറിയരുത് ഈ ചവറ്റു കുട്ടയിലേ ഇടാവൂ."അതു കേട്ട് കുരങ്ങൻകുട്ടി കൈകൊട്ടി ചിരിച്ചു.

നിയത് എ രാജീവ്
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ