എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കഥ

തോരാത്ത മഴ

മഴ പെയ്യുകയായിരുന്നു..... ഇടയ്ക്ക് ശക്തി കൂടി.............. കുറഞ്ഞ്....................... ആ മഴ തുടരുന്നു. കണ്ണീർ മഴയായി. പക്ഷെ അതൊരു തിരിച്ചു വരവിനായുള്ള പോരാട്ടമായിരുന്നു. ഇത്തിരി തിരിവെട്ടം തേടിയുള്ള യാത്രയായിരുന്നു അവളുടേത്. നിറഞ്ഞ നിസ്സഹായതയും പ്രശ്നങ്ങളും അലങ്കരിച്ച അവളുടെ ജീവിതത്തിൽ കനലെരിഞ്ഞുകൊണ്ടേ ഇരുന്നു. ഇതൊരു പെണ്ണിന്റെ കഥയാണ്. ജീവിക്കാനാഗ്രഹിച്ച സിതാരയുടെ കഥ. ജീവിക്കാൻ ഇഷ്ടമുള്ള, ആഗ്രഹമുള്ള എല്ലാവരും ചെയ്യതേ അവളും ചെയ്തുള്ളു. ഒരേ ഒരു കൂട്ടായിരുന്ന ഭർത്താവ് തനിക്ക് ഒരു മകളെ സമ്മാനിച്ച് യാത്രയായപ്പോൾ അവൾ വിചാരിച്ചിരുന്നില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന്...ഗോവിന്ദ് എന്ന ബിസിനസ്സുകാരൻ അവളെ പണ്ടൊരിക്കൽ ആഗ്രഹിച്ചിരുന്നതാണ്. അയാളെ അവൾക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിന്ന് തുടങ്ങുകയായി അവളുടെ ജീവിത പരീക്ഷണങ്ങൾ. ഭർത്താവിന്റെ മരണശേഷം രോഗബാധിതയായ മകളെയും കൊണ്ട് അവൾ ജീവിക്കാനിറങ്ങിത്തിരിച്ചു.ആദ്യം അവളൊരു തയ്യൽക്കാരിയായി. നാട്ടുകാരുടെ പ്രിയങ്കരിയായി. അപ്പോഴും അവൾക്കാശ്രയും പൊന്നു എന്ന മകൾ മാത്രമായിരുന്നു.അവളുടെ ലക്ഷ്യവും അത് തന്നെയായിരുന്നു തന്റെ മകളുടെ ലക്ഷ്യവും പരിശ്രമ ഫലവും ഉയരങ്ങളിലേയ്ക്കുള്ള പടവുകളും. നാട്ടുകാരോട് ഏറെ അവൾ കടപ്പെട്ടിരുന്നു. കാരണം അവൾ അനാഥയായിരുന്നപ്പോഴും അവൾ വളർന്നത് ആ നാട്ടിലാണ്. പലരുടേയും സഹായങ്ങളും സഹകരണങ്ങളും അവളെ തയ്യലിൽ അഗ്രഗണ്യയാക്കി. അങ്ങനെയിരിക്കെ അവൾക്ക് വിദേശത്ത് പോവാൻ അവസരം ലഭിച്ചു. മകളെ ബോർഡിംഗിലാക്കി മറുനാട്ടിൽ പോയി പണമുണ്ടാക്കി തന്റെയും മകളുടെയും ജീവിതം സുന്ദരമാക്കാൻ ആഗ്രഹിച്ച് അവൾ യാത്രയായി. ഗോവിന്ദനാണ് അവൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തത്. അവിടെച്ചെന്ന അവൾക്ക് ലഭിച്ചത് അടിമപ്പണിയായിരുന്നു. ആവശ്യത്തിന് ഭക്ഷണമില്ല..... ഉറക്കമില്ല. അയാൾതന്നെ ചതിക്കുകയായിരുന്നുവെന്ന് അവൽക്ക് മനസ്സിലായി. അവൾ കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു. ആ മഴ തുടർന്നുകൊണ്ടേയിരുന്നു...................... അവൾക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവൾ തളർന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാൻ കൊതിച്ച് കൊതിച്ച് പൊന്നുമോൾ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു. സിതാരയ്ക്ക് തന്റെ നരക യാതനയിൽ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക് ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു.......

                                                                                                                                                                                            ആദില മീരാൻ X B


കാത്തിരിപ്പ്

വരണ്ടു കീറിയ നെൽപ്പാടങ്ങൾക്കു നടുവിലൂടെ ഒരു കണ്ണീർച്ചാലുപോലെ, തന്റെ പ്രതീക്ഷയുടെ നീർച്ചാലായി ഒഴുകുക്കൊണ്ടിരുന്ന ചെറിയ കൈത്തോട്ടിലേയ്ക്കു തുറിച്ചുനോക്കിക്കൊണ്ട് വൈക്കോൽ കൂനമേൽ ഒറ്റക്കാൽകൊണ്ട് നിൽക്കാൻ പ്രയാസപ്പെട്ട് ആ കൊക്കിരുന്നു. കാർമുകിലുകൾക്ക് കടന്നുവരാനാകാതെ തടയണയുമായി നിൽക്കുന്ന സൂര്യന്റെ കരങ്ങൾ ഭൂമിയിലെ അവസാന തുള്ളി ഝലത്തേയും ഊറ്റിക്കുടിക്കുന്നതും കൊക്ക് ഒരു നെടുവീർപ്പോടെ, ഒരു തേങ്ങലോടെ കണ്ടു നിന്നു. കർക്കിടകമാസത്തിലെ കൊരിച്ചൊരിയുന്ന മഴയെ സ്വപ്നം കണ്ടുകൊണ്ട് ശുഭകരമായ അക്കാലത്തെ ഇളം വെയിലിന്റെ മധുരിമയെ സ്വപ്നം കണ്ടുകൊണ്ടാണ് താൻ കഴിഞ്ഞ ദിവസം ഉറക്കമുണർന്നതെന്ന് കൊക്ക് ഒരു നിസ്സപായതയോടെ ഓർത്തു. പക്ഷേ, കണി കണ്ടത് ദാഹജലമില്ലാതെ അവസാനമായി ഒരിറ്റു വെളളം കുടിക്കാതെ മരിച്ച തന്റെ കൂട്ടുകാരിയുടെ മൃതശരീരവും ഇന്നും മഴയില്ലെങ്കിൽ ആ വെടിച്ചുകീറിയ കുളത്തിന്റെ കരയിൽ താൻ ഒറ്റക്കാലിൽ തപസ്സുചെയ്ത അവിടെത്തന്നെ ഉറച്ചുപോകുമെന്ന കൊക്ക് ഭയന്നു. ആകാശം അന്ന് പൊഴിയാൻ വിമ്മിഷ്ടപ്പെട്ടു നിൽക്കുന്ന ഒരു പൂവിനെപ്പോലെ ചൊരിയാൻ വിസമ്മതിച്ചു നിന്നു. കള്ളക്കർക്കിടകത്തിൽ ആ മാരിയിൽ മുങ്ങിക്കളിച്ച ഒരു പുഴുക്കുഞ്ഞിനെ ഒറ്റക്കൊത്തിന് താൻ അകത്താക്കിയതും അത് കണ്ട് തന്റെ സഹോദരൻമാർ തന്നെ കളിയാക്കിയതും അവനോർമ്മവന്നു. അപ്പോളവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. തന്റെ സഹോദരങ്ങൾ! മൂന്നുദിവസത്തിന് മുമ്പാണ് തന്റെ ഇളയ സഹോദരനും വെള്ളമില്ലാതെ ചത്തുപോയത്. എന്റെ ദൈവമേ, എന്റെ കുഞ്ഞുങ്ങളെയെങ്കിലും എനിക്ക് തിരിച്ചു തരേണമേ. ഏറെ വെള്ളവുമായി ഒഴുകിക്കൊണ്ടിരുന്ന നെയ്യാറിൽ അണക്കെട്ട് നിർമ്മിച്ചതൊടെയാണ് തങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് അവൻ ഒരു ഞെട്ടലോടെ ഓർത്തു. ഈ നെൽപ്പാടങ്ങളും തങ്ങളുടെ നാടും എല്ലാം ഉപയോഗിച്ചിരുന്ന ആ വെള്ളം ഇല്ലെങ്കിലും മഴയെങ്കിലും പെയ്തിരുന്നാൽ മതിയായിരുന്നു. അതെങ്ങനെ? ഈ മനുഷ്യരുടെ ഓരോ അബദ്ധങ്ങൾ കൊണ്ടു ശൂന്യമാകുന്നതും നരകയാതന അനുഭവിക്കുനതും തങ്ങളാണ്. മറ്റു ജീവികളാണ്. തന്റെ ഹൃദയം അതിഭീകരമായി തുടിക്കുന്നതായി ആ കൊക്ക് അറിഞ്ഞു. ആ ഉണങ്ങിയ വൈക്കോൽതറകൾ തന്റെ കണ്ണുകളിൽ മങ്ങിമങ്ങിപ്പോകുന്നത് അവൻ അത്യന്തം വേദനയൊടെ അറിഞ്ഞു. അപ്പോഴും ഒരിറ്റുവെള്ളത്തിനായി, ഒരു മഴക്കായി തന്റെ തൊണ്ടയിലെ ഓരോ കോശങ്ങളും കാത്തിരിക്കന്നത് അവനറിഞ്ഞു. ഒറ്റ കാൽ മാത്രം കാണിക്കാറുള്ള തന്റെ രണ്ട് കാലുകളും ഒരു വേദനയിൽ ഞെളിപിരികൊള്ളുന്നു. അപ്പോഴെല്ലാം ഒരു തുള്ളി മഴയ്ക്കായി അവൻ കാത്തിരുന്നു. വേനൽ ഒട്ടിപ്പിടിച്ച് കടുത്ത മഞ്ഞ നിറം ബാധിച്ച ആ വെയിൽ മലമുകളിൽ നിന്ന് ചായുന്നതായി അവന് തോന്നി. എന്നാൽ ആ കറുപ്പ് നിറം ഭൂമിയെ മൂടി. കരിമുകിലുകൾ ആകാശത്ത് നിരന്നു. സ്ഫടിക പാത്രത്തിൽ വിള്ളൽ വീഴുന്നതുപോലെ ഒരു കൊള്ളിയാൻ ആകാശം വഴി പാഞ്ഞു. മണ്ഡുകങ്ങളുടെ കരച്ചിൽ കൊണ്ട് ശബ്ദമുകരിതമാകുന്ന ആ മണ്ണിൽ ആ കൊക്ക് തന്റെ അന്ത്യശ്വാസം വലിക്കാൻ തയ്യാറായി നിന്നു. ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു തുള്ളി ജലം വീണു. പുതുമണ്ണിന്റെ സുഗന്ധം നിറഞ്ഞ ആ അന്തരീക്ഷത്തിൽ മഴ പെയ്തതിന്റെ ആനന്ദം ഇഴുകിച്ചേർന്നു.ആകാശത്തിലും തന്റെ മസ്തിഷ്ക്കത്തിലും ഒരേപോലെ ഒരു കൊള്ളിയാൻ പായുന്നത് കൊക്കറിഞ്ഞു. അതേ, തന്റെ കാത്തിരിപ്പ് പൂർണ്ണമായി. അത് വ്യർത്ഥമായില്ല

                                                                                                                                                 ശ്രീലക്ഷ്മി സി എസ്