സാമൂഹ്യ ഇടപെടലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ)

<ജി.എച്ച്. എസ്. എസ്. കൊട്ടോടി

ചെന്നൈ പ്രളയ ദുരിതബാധിതർക്ക് കുട്ടികളുടെ കൈത്താങ്ങ്

2015 നവംബർ 8 ന് ആരംഭിച്ച മഴ ചെന്നൈ നഗരത്തെ പ്രളയത്തിലാഴ്‌ത്തി,422 ലധികം ആളുകൾ മരിച്ച പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ മാതൃഭൂമി നന്മ ക്ലബ്ബ് അംഗങ്ങൾ തയ്യാറായി.ഒരു ദിവസം കൊണ്ട് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോയെ ഏൽപ്പിച്ചു.ദുരിത ബാധിതരെ സഹായിക്കാനുള്ള വിദ്യാർത്ഥികളുടെ നല്ല മനസ്സിനെ മാതൃഭൂമി അഭിനന്ദിച്ചു.

സൗരാജിന് വീട്

പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സൗരാജിനും കുടുംബത്തിനും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള വീടില്ലെന്നുള്ള സത്യം അദ്ധ്യാപകരറിഞ്ഞത് കുട്ടികളെ അറിയാൻ ഭവനസന്ദർശന പരിപാടിയിലൂടെയാണ്.അതിനെ തുടർന്ന് സ്കൂളധികൃതർ പ്രത്യേകിച്ച് ഇംഗ്ലീഷ് അധ്യാപകനായ പ്രശാന്ത് പി.ജി പഞ്ചായത്തംഗമായ ബി.രമ യുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ആ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.ഭൂമിയുണ്ടെങ്കിൽപ്പോലും അതിന് രേഖകളുണ്ടായിരുന്നില്ല.ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രേഖകൾ(പട്ടയം) ലഭ്യമാകുന്നതിനുള്ള അനുമതി വാങ്ങിക്കുകയും ചെയ്തു.തുടർന്ന് റവന്യൂ അധികാരികൾ സ്ഥലം അളന്ന്തിട്ടപ്പെടുത്തി രേഖകൾ നൽകി.ഇതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് വീട് ലഭിക്കുന്നതിനുള്ള അനുമതിയും വാങ്ങിച്ചെടുത്തു.കുട്ടിയെ അറിയാൻ എന്ന പരിപാടിയിലൂടെ ഒരു കുട്ടിക്ക് വീട് ലഭിക്കാനിടയായതിൽ അദ്ധ്യാപകർക്ക് സന്തോഷമാണുള്ളത്.നിരന്തരശ്രമത്തിലൂടെ കാര്യം നേടിയെടുത്ത പഞ്ചായത്തംഗം ബി.രമയെ അഭിനന്ദിക്കുന്നു.

റൺ കേരള റൺ

2015 ലെ ദേശീയഗെയിംസിന്റെ പ്രചരണാർത്ഥം കേരളമൊട്ടാകെ സംഘടിപ്പിച്ച റൺ കേരള റൺ പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഭാഗഭാക്കായി.കൊട്ടോടി മുതൽ ചുള്ളിക്കര വരെ നടത്തിയ മാരത്തണിൽ നിരവധിയാളുകൾ പങ്കെടുത്തു.

ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി വെളിച്ചം

കുട്ടികളെ അറിയാൻ പരിപാടിയിലൂടെ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വീടുകളെക്കുറിച്ചുള്ള സ്കൂൾ അധ്യാപകരുടെയും പി.ടി.എ യുടെയും അന്വേഷണത്തിലാണ് ആടകം നീളങ്കയത്തെ പ്ലസ്‌ടു,ഹൈസ്കൂൾ വിദ്യാർത്ഥിനികളായ ശ്രീജയുടെയും പ്രിയയുടെയും ദുരിതം അറിഞ്ഞത്. അഞ്ച് സെന്റിലെ കൊച്ചു വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു ഇവരുടെ പഠനം.വൈദ്യുതീകരിക്കുന്നതിന്റെ മുന്നോടിയായി വീട് വയറിംഗ് നടത്തുന്നതിനുള്ള സാമ്പത്തിക പ്രയാസം മനസ്സിലാക്കിയ പി.ടി.എ കമ്മിറ്റി ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ സഹായം തേടി. ശ്രീജയുടെയും സഹോദരി പ്രിയയുടെയും ദുരിതമറിഞ്ഞ് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ രാജപുരം അംഗങ്ങൾ ശ്രീജയുടെയും പ്രിയയുടെയും വീട് വൈദ്യുതീകരിച്ച് നൽകിയത്.നന്മയുള്ള മനസ്സുകൾ സഹായിച്ചതോടെ വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിക്കാനായതിന്റെ സന്തോഷത്തിലാണ് ശ്രീജയും പ്രിയയും കുടുംബവും.

ആൽഫി മാർട്ടിൻ ചികിത്സാ സഹായം

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരിയണ്ണി സ്കൂളിലെ ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥിനി ആൽഫി മാർട്ടിന്റെ ചികിത്സാ നിധിയിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സമാഹരിച്ച 17000/-ത്തോളം രൂപ കുടുംബത്തിന് കൈമറി. .

അർച്ചന ചികിത്സാ സഹായം

റാസൽ ഖൈമയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികത്സയിൽ കഴിയുന്ന കൊട്ടോടി സ്വദേശിനിയും കൊട്ടോടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയുമായ അശ്വജിത്തിന്റെ അമ്മയുമായ അർച്ചനയുടെ ചികത്സ സഹായമായി ഹൈസ്കൂൾ സ്റ്റാഫ് സമാഹരിച്ച 10000 രൂപ അർച്ചന ചികിത്സാ സഹായകമ്മിറ്റി അംഗം ഫിലിപ്പ് കൊട്ടോടിയ്ക്ക് സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് പി.ജി.കൈമാറി.ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിനെ കാണാൻ അവധിക്ക് പോയതായിരുന്നു അർച്ചനയും കുട്ടികളും.അപ്പോഴാണ് അപകടം സംഭവിച്ചത്.

ആൽമര സംരക്ഷണം

പൂടംകല്ലിൽ ആൽമരം നശിപ്പിക്കപ്പെട്ട സംഭവത്തിനെതിരെ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.50ഓളം എൻ.എസ്.എസ് അംഗങ്ങളും അധ്യാപകരും പി.ടി.എ ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു.കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.രേഖ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വി.ജഹാംഗീർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന,സുകുമാരൻ പെരിയച്ചൂർ,ചാരുകൃപ മേലത്ത്,രവീന്ദ്രൻ കൊട്ടോടി എന്നിവർ സംസാരിച്ചു.

എൻ.എസ്.എസ്.ക്യാമ്പുകൾ

ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം

നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ചരിത്രസ്മാരകമായ ഹോസ്‌ദുർഗ്ഗ്കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കോട്ടയ്ക് സംരക്ഷണം തീർത്ത് പ്രതിജ്ഞയെടുത്തു.ചരിത്രാധ്യാപകനായ സുകുമാരൻ പെരിയച്ചൂർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന എന്നിവർ നേതൃത്വം നൽകി.

വെളിച്ചമേകി നന്മ കൂട്ടുകാർ

|

പഠനയാത്രയ്ക്കായി സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്നുള്ള വിഹിതം കൊണ്ട് വീട്ടിൽ വൈദ്യുതിയില്ലാത്ത വിദ്യാർത്ഥികൾക്ക് നന്മ കൂട്ടുകാരുടെ സ്നേഹസമ്മാനം.സ്കൂളിലെ 10ാം ക്ലാസ്സിലെ 17 വിദ്യാർത്ഥികളാണ് എൽ.ഇ.ഡി എമർജൻസി ലാംപുകൾ സമ്മാനിച്ച് നന്മയുടെ പാഠങ്ങൾ പ്രാവർത്തികമാക്കിയത്.സ്കൂളിൽ നിന്ന് കുട്ടിയെ അറിയാൻ സർവ്വേയിലൂടെയാണ് വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്.

ആദർശ് ചികിത്സാ സഹായം

ശ്വാസകോശാർബുദരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്കൂളിലെ തന്നെ +2 ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ ആദർശിന്റെ ചികിത്സയ്ക്കായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് അരലക്ഷത്തോളം രൂപ സമാഹരിച്ച് ആദർശിന്റെ കുടുംബത്തിന് കൈമാറി.

പ്രളയദുരിത ബാധിതർക്ക് സീഡ് - ജെ.ആർ.സി അംഗങ്ങളുടെ കൈത്താങ്ങ്

കേരളം കണ്ട മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറായി ജെ.ആർ.സി യൂണിറ്റ് , സീഡ് ക്ലബ്ബംഗങ്ങൾ.കുറഞ്ഞ സമയം കൊണ്ട് സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സുമനസ്സുകളായ നാട്ടുകാരിൽ നിന്നും സമാഹരിച്ച 11500/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു.

"https://schoolwiki.in/index.php?title=സാമൂഹ്യ_ഇടപെടലുകൾ&oldid=511954" എന്ന താളിൽനിന്ന് ശേഖരിച്ചത്