അധ്യാപകദിനം
അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റേയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം. കിഴാറ്റൂർ എ എൽ പി സ്കൂളിൽ ഇന്ന് വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകദിനത്തോട് അനുബന്ധിച്ച് നടന്നു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പി ടി എ അംഗങ്ങൾ പഴയ അധ്യാപകർ വാർഡ് മെംബർ എന്നിവർ സംബന്ധിച്ചു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് റിട്ടയേർഡ് അധ്യാപകനായ മത്തളി ബാലകൃഷ്ണൻ മാഷ് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. മുൻ എച്ച് എം ശങ്കുണ്ണിമാഷും പി ടി എ പ്രസിഡന്റ് അബ്ദുൾ നാസർ പാറക്കോടനും ചടങ്ങിൽ സന്നിഹിതരായിരുന്നു. ശേഷം സ്കൂളിലെ മിടുക്കരായ കുട്ടികളുടെ സംഘം മുൻ നിശ്ചയിച്ച പ്രകാരം ചോക്കുമെടുത്ത് അവരവർക്ക് നിശ്ചയിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് പോയി. സാരിയുടത്തും മുണ്ട് ചുറ്റിയും വന്ന അധ്യാപകരെ ചെറു ചിരിയോടെ മറ്റ് കുട്ടികൾ സ്വാഗതം ചെയ്തു. ആദ്യമായി ക്ലാസിലേക്ക് അധ്യാപകരായി പോയതാണെന്ന് തോന്നിപ്പിക്കാത്ത വിധം അവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പുതിയ അധ്യാപകരെ കണ്ട മറ്റു കുട്ടികൾ അത്ഭുതത്തോടെ ഇരുന്നു. തെല്ലും വികൃതി കാണിക്കാതെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഉച്ചയോടെ ക്ലാസുകൾ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം പഴയകാല അധ്യാപകരെ കാണാൻ അവരുടെ വീട്ടിലേക്കുള്ള യാത്ര ആയിരുന്നു. ഖദീജ ടീച്ചറുടേയും പ്രസന്ന ടീച്ചറുടേയും ദുർഗ്ഗാവതി ടീച്ചറുടേയും ശങ്കുണ്ണി മാഷിന്റേയും വീട്ടിൽ ചെന്ന് അവരോട് പഴയ കാല അനുഭവങ്ങൾ ചോദിച്ച് മനസ്സിലാക്കി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പഴയ തലമുറ വാചാലരായി.









