ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം
കോതച്ചിറ
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോതച്ചിറ.

പഴമക്കാർ ഇന്നും “കോതര” എന്ന് വിളിച്ചുവരുന്ന കോതചിറ ഗ്രാമം ഒറ്റപ്പാലം താലൂക്കിന്റെ തെക്കേയറ്റത്ത് തൃശ്ശൂർ ജില്ലയോടു ചേർന്നു കീടക്കുന്ന പ്രകൃതിരമണീയമായ ഭൂ പ്രദേശമാണ്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ ജനപദത്തിന്റെ ഒരു ഭാഗം നിബിഡവനപ്ര ദേശമാണ്. താഴ്വരകളിൽ തെങ്ങും സമതലങ്ങളിൽ നെല്ലും ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും കൃഷി ചെയ്യപ്പെടുന്നു. ഗ്രാമവാസികളിൽ ഭൂരി പക്ഷവും കർഷകരാണ്.
ഭൂമിശാസ്ത്രം
ഒരുപാട് വർഷങ്ങൾക്കു മുൻപ് ഇത് കാരോപ്പാടം ആയിരുന്നു. കിഴക്ക് നരിക്കുഴി മുതൽ പടിഞ്ഞാറ് സാമൂതിരിയുടെ സാമ്രാജ്യം വരെ പരന്ന് കിടന്നിരുന്ന പാടശേഖരം. കാരോപ്പോടത്തിനുടയവൻ അയ്യപ്പസ്വാമിയും, ഉടമകൾ കോമം ചങ്കരൻമാരും. പാടത്തു പണിക്കുവേണ്ടി തെക്ക് കൊച്ചിയിൽ നിന്നും വടക്ക് മലബാറിൽ നിന്നും ചെറുമക്കളും കോമം ചങ്കരൻമാരുടെ ബന്ധുക്കളും ഉൾപ്പടെ ഒരു ചെറിയ ജനസമൂഹം ഈ പാടശേഖരത്തെ ആശ്രയിച്ച് ജീവിച്ചിരുന്നു. അവർ ഈ മണ്ണിനെ മുറിച്ച് കനകം വിളയിച്ചു. വെയിലേറ്റ് അവരുടെ പുറം തൊലി കറുത്തു. അവരാണ് നമ്മുടെ മുതുമുത്തച്ഛൻമാർ.
പത്ത് അംശങ്ങൾ ഉൾക്കൊണ്ടിരുന്ന ഈ ദേശം ഇന്നും നാഗലശ്ശേരി പഞ്ചായത്തിലെ വലിയ പ്രദേശം തന്നെയാണ്. മൂന്ന് വാർഡുകളിൽ ആയി കോതചിറ പരന്ന് കിടക്കുന്നു.
ഗ്രാമ രൂപീകരണത്തിനുശേഷം ഇവിടേക്ക് കുടിയേറിയവരിൽ പ്രധാനികൾ വേങ്ങാട്ടൂർ മനക്കാരാണ്. ഇവർ സാമൂതിരി സാമ്രാജ്യത്തിൽ നിന്ന് പാലായനം ചെയ്തവരാണെന്നും പന്നിയൂർ വരാഹമൂർത്തിയുടെ ശക്തി ക്ഷയിപ്പിക്കാൻ ശ്രമം ചെയ്ത‌് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട 42 ഇല്ലക്കാരിൽ ഒരുവരാണെന്നും ശ്രുതിയുണ്ട്. ഇവർ കുടിയേറിയതിന് ശേഷമാണ് ഇവിടുത്തെ ഗ്രാമ വ്യവസ്‌ഥ ഒട്ടാകെ സുദൃഢമായത്. ഈ വിഭാഗത്തിന്റെ സഹായത്തിനുവേണ്ടി സമീപഗ്രാമങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം ക്ഷണിക്കപ്പെട്ടവരാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലാളികൾ.
1901 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 30-ൽ താഴെ കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1925 ലെ കൊച്ചി സർവ്വേയിൽ ഇവിടെ 300 കുടുംബങ്ങൾ ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സർവ്വേക്ക് ശേഷമാണ് കാരോർ ദേശത്തിൽ ഉൾപ്പെട്ട നെല്ലിക്കാടുകൾ, അന്നത്തെ മൂപ്പുതമ്പുരാന്റെ അഭ്യർത്ഥന പ്രകാരം കൊച്ചി രാജാവ് സമ്മാനിച്ചത്. ഇതിന്റെ വിദരത്തിൽ നിന്ന് ഊറി വന്ന ഒരു കൊച്ചരുവിയാണ് വരണ്ടു കിടന്നിരുന്ന നമ്മുടെ സംസ്കാരത്തെ നനച്ചത്.
നാമകരണം
കോതചിറയെന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നത് വ്യക്തമല്ല. കുളം എന്നർത്ഥമുള്ള ചിറയിൽ നിന്നായിരിക്കാം (ഇവിടെ കുളങ്ങൾക്ക് ക്ഷാമമില്ലല്ലോ). ഒരു ഐതിഹ്യത്തെ ആസ്‌പദമാക്കി "കുടയുറച്ചൂർ" എന്നതിൽ നിന്നായിരിക്കാം കോതചിറ ഉത്ഭവിച്ചത്. (കുടയുറച്ചൂർ - കുടച്ചൂർ - കുടച്ചുറ - കുതച്ചുറ - കോതച്ചിറ).