കെ.എം.ജി.യു.പി എസ് തവനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തവനൂർ

മലപ്പുറം ജില്ലയിൽ‍, പൊന്നാനി താലൂക്കിൽ‍, പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂർ, കാലടി എന്നീ വില്ലേജുകളും 15 വാർഡുകളും ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: വടക്കും പടിഞ്ഞാറും ഭാരതപ്പുഴ (വടക്ക് പുഴയ്ക്കക്കരെ തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് പുഴയ്ക്കകരെ തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകളും), കിഴക്ക് ആനക്കര (പാലക്കാട് ജില്ല), വട്ടംകുളം പഞ്ചായത്തുകൾ‍, തെക്ക് എടപ്പാൾ, ഈഴുവത്തുരുത്തി പഞ്ചായത്തുകൾ. നിളാനദിയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ സ്ഥലനാമപുരാണത്തിൽ 'താപസനൂർ' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മൺപാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നിവർ ദേശീയ പ്രസ്ഥാനത്തിന് തവനൂരിൽ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം തവനൂരിൽ ശക്തി പ്രാപിച്ചു. 1948-ൽ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിമജ്ജനം ചെയ്യപ്പെട്ടു.

കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് തവനൂർ. ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരു കാർഷിക ഗ്രാമമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയർ, എള്ള്, പച്ചക്കറികൾ, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു.

കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പും കെൽട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഫർണിച്ചർ നിർമ്മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേർപ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകൽച്ചെരിപ്പുനിർമ്മാണവും എടുത്തുപറയത്തക്ക കുടിൽ വ്യവസായങ്ങളാണ്. സ്കൂളുകൾ, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിർത്തിയിൽനിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. തൃശൂർ-കുറ്റിപ്പുറം ഹൈവേയും നാഷണൽ ഹൈവേ 66-ഉം ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്

ലോകത്തിൽ ബ്രഹ്മാവ് പ്രതിഷ്ഠയായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം, തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തവനൂർ ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത് തവനൂർ ഗ്രാമപഞ്ചായത്തിലാണ്

വിദ്യാഭ്യാസം

കേളപ്പജി സ്മാരക കേരള കാർഷിക എൻജിനീയറിങ് കോളേജ്, ഭാരതപ്പുഴയുടെ തെക്കേ അറ്റത്തുള്ള തവനൂർ ഗ്രാമ പഞ്ചായത്തിലാണ് സ്ഥിതി ചെയുന്നത് .

[[പ്രമാണം:19254_agriculturaluniversity.jpeg|thumb|കേളപ്പജി സ്മാരക കേരള കാർഷിക എൻജിനീയറിങ് കോളേജ്]]

അതിരുകൾ

  • കിഴക്ക് - കുറ്റിപ്പുറം, ആനക്കര (പാലക്കാട് ജില്ല) പഞ്ചായത്തുകൾ
  •  പടിഞ്ഞാറ് - ഭാരതപ്പുഴ (അപ്പുറം തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകൾ)
  •  തെക്ക്‌ - വട്ടംകുളം, കാലടി പഞ്ചായത്തുകൾ
  •  വടക്ക് - ഭാരതപ്പുഴ (അപ്പുറം തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകൾ)

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീര്ണ്ണം 42.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 46,993
പുരുഷന്മാർ 22,587
സ്ത്രീകൾ 24,406
ജനസാന്ദ്രത 1109
സ്ത്രീ : പുരുഷ അനുപാതം 1080
സാക്ഷരത 87.12