സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‍ുഖം

ഒരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. ഇത് അവിടുത്തെ ജനതയുടെ കൂട്ടായ്മ സൃഷ്ടിച്ചതാണ്. ഈ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാ രൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാ രൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ.

നാടൻ കലകൾ, പാട്ടുകൾ, ജനതയുടെ വാമൊഴി സാഹിത്യം, ആചാരങ്ങൾ, ചികിത്സാ രീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷ ഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടി വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നവയാണ്.

ഞ‍ങ്ങള‍ുടെ പ്രദേശത്ത് പണ്ട് മുതൽ നിലനിന്നു വരുന്ന  കലകളും ആചാരങ്ങളുമൊക്കെയായി,ക്ലാസ‍ുകളിലെ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും,രക്ഷിതാക്കള‍ും ക‍ൂടി ശേഖരിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്.

പ്രദേശത്തെ പ്രധാന കലകൾ

വടം വലി

രണ്ട് സംഘങ്ങളുടെ ബല പരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായിക വിനോദമാണ് വടംവലി എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർ കക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലി മത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം. കേരളത്തിൽ പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.

കോൽക്കളി

കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

ഒപ്പന

ഒപ്പന സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘ നൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്.