ആനപ്പാറ
ചരിത്ര പരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രദേശമാണ് ആനപ്പാറ.വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലുക്കിൽ നെൻമേനി ഗ്രാമപഞ്ചായത്തിലെ ചുള്ളിയോടിന് സമീപത്തായി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമമാണ് ആനപ്പാറ.വയനാട് ജില്ലയിലെ തന്നെ പുരാതന ചരിത്രശേഷിപ്പുകൾ നില നിൽക്കുന്ന എടക്കൽ ഗുഹ, അമ്പുകുത്തി മല, തൊവരി മല തുടങ്ങിയ പ്രദേശങ്ങളോട് ചേർന്ന് സ്ഥിതിചെയുന്ന ആനപ്പാറയ്ക്ക് പ്രാധാന്യമേറെ. ചരിത്രാതീത കാലം മുതൽക്കുതന്നെയുള്ള ചരിത്രശേഷിപ്പകൾ ഇവിടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത സ്ഥിതിചെയ്യുന്ന ആനയുടെ രൂപസാദൃശ്യമുള്ള ഒരു പാറയിൽ നിന്നാണ് ' ആനപ്പാറ' എന്ന സ്ഥലനാമം ഉണ്ടായത്.

ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് സൈന്യത്തിൽ നിന്നും വിരമിച്ച ഇന്ത്യക്കാരായ വിമുക്ത ഭടൻമാർക്ക് പതിച്ചു നൽകിയ സ്ഥലമാണ് ഈ പ്രദേശം. നിരവധി ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന ഈ ഭൂപ്രദേശം ആദ്യകാലത്ത് നിലമ്പൂർ കോവിലകത്തിന്റെ അധീനതയിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന: സംഘടിപ്പിച്ചപ്പോൾ, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം കേരളത്തിൽ ഉൾപ്പെട്ട് വയനാട് ജില്ല രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി.