പരപ്പ ജി യു പി സ്കൂൾ/ചരിത്രം
ചരിത്രം
കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയിൽ വളരെ പ്രദാനം അർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആലക്കോട് പരപ്പ. മണ്ണിനോടും കാടിനോടും കാലാവസ്ഥയോടുമൊക്കെ പടപൊരുതി സമൃദ്ധിയുടെ പുതിയ നാളെക്കായി ജനങ്ങൾ ഒന്നായി പ്രയത്നിച്ചു. തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും വിദ്യാഭ്യാസത്തിന്റെ പ്രാദാന്യത്തെക്കുറിച്ച് ഇന്നാട്ടുകാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തൽഫലമായി തങ്ങളുടെ നാട്ടിലും ഒരു പ്രാഥമീക വിദ്യാലയമെങ്കിലും ഉണ്ടായിരിക്കണം എന്ന ഉറച്ച നിലപാടിൽ അവർ എത്തിച്ചേർന്നു.
1965 കാലഘട്ടത്തിൽ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി 1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകനായി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.
വലിയ മനസിന് ഉടമയായിരുന്ന ശ്രീ തലയന്റകത്ത് ഹംസയായിരുന്നു സ്കൂളിനാവശ്യമായ ഒരേക്കർ ഭൂമി വിട്ടുനൽകിയത്. ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ, പി ജെ ജോസഫ് പാഴൂത്തടം, ഹംസ തലയന്റകത്ത്, മായിൻ പുതിയവളപ്പിൽ, വി സി ജോസ് വരിക്കമാക്കൽ, പി ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ, പൂമംഗലോരകത്ത് സാവാൻ, കോട്ടാളകത്ത് അബ്ധുള്ള, ചേളൻ ആലി, തോമസ് കുഴിവേലി, ഇബ്രഹിൻ ഹാജി തുടങ്ങി നിരവധിപ്പേരുടെ കൂട്ടായ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത്.
1990 -ൽ യു പി സ്കുളായി ഉയർത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങൾ 4 കി മീ അകലെയാണ് . ഹൈസകൂൾ പഠനത്തിനായി കാർത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എൻഎസ് എസ് എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
ഗതാഗത- താമസസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകർ കുറവായിരുന്നു. 1971 മുതൽ 1999 -ൽ റിട്ടയർ ചെയ്യുന്നത് വരെ ശ്രീ എൻ കെ വിശ്വംഭരൻ മാസ്റ്ററുടെ ആത്മാർഥസേവനം സ്കുളിന് കൈത്താങ്ങായി.
1968 മുതൽ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റർമാർ : സർവശ്രീ എൻ സുകുമാരപ്പണിക്കർ, ഭാസ്ക്കരൻ കർത്താ, ഗർവാസിസ് വർക്കി, നാരായണൻ നമ്പ്യാർ, കെ വി നാരായണി, എൻ മധുസൂദനൻ നമ്പൂതിരി, അബ്ദുൽ ഖാദർ, കെ വി ഗോപാൻ നമ്പ്യാർ, കെ കോരൻ, ശ്രീധരൻ നമ്പ്യാർ, ഭാനുമതി, കെ സഹദേവൻ, എൻ കെ വിശ്വംഭരൻ, പത്മാവതി, ആന്റണി, ത്രേസ്യ കെ സി, ഗോപി, കുര്യാക്കോസ്, സത്യേന്ദ്രൻ, ടോമി ജോസഫ്, വി ജെ പ്രകാശ്,എം.സതീശൻ, ശ്രീ.സുരേഷ് എം കെ, ശ്രീ.മധുസൂദനൻ എസ് പി.