ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/എന്റെ ഭാവനയിൽ കൊറോണ വൈറസ്/. കൊറോണക്കാലത്തെവായന
കൊറോണക്കാലത്തെവായന
വായനാശീലമുള്ള ഒരു കുട്ടിയേ അല്ല ഞാൻ. സിനിമയോടാണെങ്കിൽ വലിയ ഇഷ്ടവും. കൊറോണക്കാലമായതിനാൽ എല്ലാരും വീട്ടിലുണ്ട്. പത്രവായനക്കിടയിൽ അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പോയ പൃഥ്വിരാജും സംഘവും ഇസ്രായേലിൽ കുടുങ്ങികിടപ്പാണെന്ന്. ഈ വാർത്ത എനിക്ക് കൗതുകമായി. അച്ഛനോട് കൂടുതൽ ചോദിച്ചപ്പോൾ ആടുജീവിതം ഒരു നോവലാണെന്നും അതെഴുതിയത് ബെന്യാമിൻ എന്നഎഴുത്തുകാരനാണെന്നും പറഞ്ഞു. ഭാര്യയുടെസ്വർണവും കടം വാങ്ങിയ പണവുമായി ഗൾഫിലേക്ക് പോയ നജീബ് എന്ന മനുഷ്യന്റെ ജീവിത കഥയാണിത്. കൂടെ ഹക്കീമും. സ്വപ്നം കണ്ടതൊന്നുമായിരുന്നില്ല അയാളെ കാത്തിരുന്നത്. എങ്ങനെയെങ്കിലും ജയിലിലാകാൻ മോഹിച്ചു 'ബത്ത 'പോലിസ് സ്റ്റേഷന് മുന്നിൽ നിൽക്കുന്ന നജീബിനെയും ഹമീദിനെയും ആണ് നാം ആദ്യം കാണുന്നത്. "ജീവിതം തുടരാനുള്ള കൊതിയിൽ ആണ് ജയിലിനുള്ളിൽ ഞാൻ സ്വയം എത്തിപ്പെട്ടത്" എന്നാണ് നജീബ് പറയുന്നത്. അതിൽ നിന്ന് തന്നെ അതിന് മുൻപ് അവർ അനുഭവിച്ച ജീവിതം എത്രമാത്രം കഷ്ട പ്പാട് നിറഞ്ഞതായിരുന്നുവെന്ന് നമുക്ക് ഊഹിക്കാം.മരുഭൂമിക്കുള്ളിലെവിടെയോ ആടുകളെ നോക്കാനുള്ള ജോലി ആയിരുന്നു അയാൾക്ക്. കുടിവെള്ളമോ, കിടക്കയോ, വസ്ത്രമോ ഒന്നുമില്ലാത്ത ജീവിതം. അയാളുടെ കഷ്ടപ്പാടിനെക്കുറിച്ചോർക്കുമ്പോൾ നമുക്ക് കരച്ചിൽ വരും. അവസാനം ഹക്കീമും നജീബും ഒളിച്ചോടാൻ തീരുമാനിച്ചു. കൂടെ ഹക്കീമിന്റെ കൂടെയുള്ള ഇബ്രാഹിം ഖാദിരിയും. മരുഭൂമി എന്ന് കേട്ടറിവ് മാത്രമുള്ള നമുക്ക് അതിന്റെ പേടിപ്പെടുത്തുന്ന മറ്റൊരു രൂപം നമുക്കീ നോവലിൽ കാണാം. കുടിക്കാനിത്തിരി വെള്ളമില്ലാതെ, ദിക്കറിയാതെ, രാത്രിയോ പകലോ എന്നില്ലാതെ അവർ നടന്നു. വഴിയിൽ തളർന്നു വീണുമരിച്ചഹക്കീമിനെ ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു. വേദനയോടെ അവർ വീണ്ടും നടന്നു. ഇത്തിരി വെള്ളം കിട്ടുന്ന ഒരിടം തേടി. ദാഹിച്ചു മരിച്ചു പോകുമെന്ന അവസ്ഥ. ഒടുവിൽ ഇത്തിരി വെള്ളമുള്ളൊരിടം എത്തി. ഇബ്രാഹിം ഖാദിരി തോർത്ത് വെള്ളത്തിൽ മുക്കി നാവിലിറ്റിച്ചു. നജീബിന് മതിയായശേഷമാണയാൾ നാവ് നനച്ചത്.മൂന്നാം നാൾ ആരോടും പറയാതെ അയാൾ അപ്രത്യക്ഷനായി. ഈ നോവലിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഇബ്രാഹിം ഖാദിരി. നജീബിന്റെ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ട ദൈവം. മരണത്തിൽ നിന്ന് അയാളെ രക്ഷിച്ചിട്ട് ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കാതെ പോയവൻ. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മനുഷ്യരല്ലേ ദൈവങ്ങൾ. തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഒരാളെ സഹായിക്കുമ്പോഴാണ് നമ്മൾ നല്ല മനുഷ്യരാകുന്നത്. അത്തരം കുറേ നല്ല മനുഷ്യർ ഈ നോവലിൽ ഉണ്ട്. ഒരു പരിചയവുമില്ലാത്ത മുഷിഞ്ഞു നാറിയ അപരിചിതനായ നജീബിനെ തന്റെ വില കൂടിയ കാറിൽ കയറ്റി കൊണ്ടു പോകുന്ന പയ്യൻ, നജീബിന് താമസവും ആഹാരവും നൽകുന്ന കുഞ്ഞിക്കഎന്നിവരൊക്കെ. കുഞ്ഞിക്കയുടെ ഫോണിൽ നിന്ന് തന്റെ ഭാര്യ സൈനുവിനോട് നജീബ് സംസാരിക്കുന്നത് കരഞ്ഞു കൊണ്ടല്ലാതെ വായിക്കാനാകില്ല. ഒടുവിൽ നാട്ടിലേക്ക് പോകാനായി അനുവാദം കിട്ടുന്നു നജീബിന്. ശരിക്കും ആടായി മാറിയിരുന്നോ നജീബ്. "അനുഭവങ്ങളുടെ നജീബ് അധികം ഓർമ്മകളുടെ ബെന്യാമിൻ സമം ആടുജീവിതം" എന്നാണ് ബെന്യാമിൻ ഈ നോവലിനെ ക്കുറിച്ച് പറയുന്നത്. നജീബിന്റെ ജീവിതത്തെകുറിച്ചോർക്കുമ്പോൾ എനിക്കിപ്പോഴും സങ്കടം വരുന്നു. സിനിമയിൽ നജീബിനെ കാണാൻ ഞാൻ കാത്തിരിക്കുന്നു.
|