ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/നാം കരുത്തരാണ്
നാം കരുത്തരാണ്
ദൈവത്തിൻറെ സ്വന്തം നാട് എന്ന് കേട്ടിട്ടേ ഉള്ളൂ . ഇന്നിതാ അവിടേക്ക് കാലെടുത്തു വെക്കുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങിയതിനുശേഷം എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അത് ചിലപ്പോൾ വിമാനം ഉയരുന്ന ശബ്ദം കേട്ടതു കൊണ്ടാകാം. പിന്നീട് ജലദോഷവും പനിയും അനുഭവപ്പെട്ടു. ഹോസ്പിറ്റലിൽ കാണിച്ചപ്പോഴാണ് അറിഞ്ഞത് താൻ കൊറോണയെന്ന മഹാ ശൂരന് ഇരയായി കഴിഞ്ഞിരിക്കുന്നുവെന്ന്. പല വിദേശ രാജ്യങ്ങളിലും അവരുടെ രാഷ്ട്രക്കാരെ മാത്രം ചികിത്സിച്ച് ബാക്കിയുള്ളവരെ മരണത്തിന് വിട്ട് കൊടുക്കുകയാണ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇവിടെയും അങ്ങനെ ആകുമോ? അയാൾ ഒന്ന് പതറി. പക്ഷേ അയാളെ കേരളമെന്ന കൂട്ടായ്മ ഞെട്ടിച്ച് കളഞ്ഞു. പൂർണ്ണ ചികിത്സ. ഏത് രാഷ്ട്രമെന്നോ മതമെന്നോ ഇല്ല. ഓരോ നിമിഷവും ഓടിയെത്തുന്ന നഴ്സുമാർ , ചികിത്സിക്കാൻ ഡോക്ടർമാർ, അതിലുപരി തങ്ങളുടെ സ്ഥാപനങ്ങൾ കൊറോണ രോഗികൾക്ക് വിട്ട് കൊടുക്കാൻ തയ്യാറായ സുമനസ്സുകൾ. ഒന്നിനൊന്ന് മെച്ചം. പരിശുദ്ധ മനസ്കരായ ജനങ്ങൾ. ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. പൂർണ്ണ രോഗ പ്രതിരോധശേഷി നേടി തിരിച്ചു മടങ്ങാൻ സമയമായി. കേട്ട വാക്യം ഒന്ന് കൂടി ഉറപ്പിച്ചു. ഇതുതന്നെ ദൈവത്തിൻറെ സ്വന്തം നാട്. അത് വെറും വാക്കല്ല. തനിക്കും ബോധ്യപ്പെട്ടിരിക്കുന്നു. ഇത്രയും നല്ലൊരു സ്ഥലത്ത് ജനിക്കാൻ കഴിഞ്ഞില്ലല്ലോ. കേരളത്തിൽ നിന്നും പൂർണ്ണ സുഖത്തോടെ മടങ്ങിയ ഓരോരുത്തർക്കും പറയാനുള്ളത് ഇത് തന്നെയാകും. ഈ അടുത്ത് കേരളത്തിൽ നിന്നും പൂർണ്ണ സൗഖ്യത്തോടെ മടങ്ങിയവരുണ്ട്. അവർക്കെല്ലാം ഈ നാട് മാതൃകയാണ്. കേരളം എന്ന കൂട്ടായ്മയുടെ മാതൃക. ഇപ്പോൾ ഇത്രയേ സംഭവിച്ചിട്ടുള്ളൂ. ഇനി നാം ഒരുമിച്ച് നിന്നാൽ നിപ്പയെയും രണ്ട് പ്രളയത്തെയും എല്ലാം അതിജയിച്ച കരുത്തുകൊണ്ട് ഈ മഹാമാരിയെയും അതിജീവിക്കാം. മികച്ച ഒന്നാണ് രോഗപ്രതിരോധശേഷി. അത് ഇല്ലാത്തവരിൽ ആണ് ഈ രോഗം ആദ്യം കുടി ഉറപ്പിക്കുന്നത്. അതിനായി വ്യായാമവും നല്ല ഭക്ഷണവും നാം ഉറപ്പുവരുത്തേണ്ടതുണ്ട്. കൊറോണ കാലത്ത് വീട്ടിലിരുന്ന് മൊബൈലിൽ അടയിരിക്കുന്ന സമയത്തിൽ അരമണിക്കൂർ നാം നിർബന്ധമായും വ്യായാമത്തിന് വിട്ടുകൊടുക്കണം. പോഷകാഹാരങ്ങൾ, പഴവർഗങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കണം. അതോടൊപ്പം തന്നെ അതീവ ജാഗ്രത പുലർത്തണം. ഗവൺമെന്റ് കോടികൾ മുടക്കി നമ്മെ സഹായിക്കുന്നതും നിരവധി ജീവനക്കാർ തങ്ങളുടെ ശമ്പളം ഗവൺമെന്റിന് വിട്ടു കൊടുക്കുന്നതും അവർക്ക് പണത്തിന് വില ഇല്ലാഞ്ഞിട്ടല്ല. നമുക്കുവേണ്ടിയാണ്. അതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം നാം പുറത്തിറങ്ങുക. നിലവാരമുള്ള മാസ്‍കുകൾ ധരിക്കുക. പുറത്തുനിന്ന് വന്നാൽ സോപ്പ് ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് എങ്കിലും കഴുകുക. പുറത്തുപോകുമ്പോൾ മറ്റുള്ളവരുമായുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കുക. നാം അതിജയിക്കും. Stay home, Stay safe.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം