പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ആപത്താണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പലപ്പോഴും വിശേഷബുദ്ധിയുള്ള മനുഷ്യൻ്റെ പല ചെയ്തികളും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. നമ്മുടെ പരിസരം ,നമ്മുടെ പ്രകൃതി ,അതിൻ്റെ കാവൽക്കാർ നാം തന്നെയാണ്. ആകാശം, ഭൂമി, വായു, വെള്ളം, വനങ്ങൾ എന്നിവ അടങ്ങുന്നവയാണ് പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ്. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. മലമുകളിൽ നിന്ന് ഒഴുകി വരുന്ന ജലം സമീപപ്രദേശത്തുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിലെത്തുന്നു. ഇപ്രകാരം ഔഷധഗുണമുള്ള വെള്ളത്തെ മലിനമാക്കുന്നത് എന്തെല്ലാമാണ്. നമുക്ക് നോക്കാം. ബോട്ടുകളിൽനിന്നും കപ്പലുകളിൽനിന്നും ചോരുന്ന എണ്ണ ജലത്തെ മലിനമാക്കുന്നു. വീട്ടിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ പുഴക്കരയിൽ നിക്ഷേപിക്കരുത്. ഫാക്‌ടറി മാലിന്യങ്ങൾ പുഴയിൽ കലർത്തുന്നത് ഗുരുതരമായ തെറ്റാണ്.ശുദ്ധജലാശയങ്ങളായ തോടുകളിലേക്കും മറ്റും വീട്ടിൽനിന്നുമുള്ള മലിനജലം ഒഴുക്കിവിടരുത്. തോടുകൾ നികത്തപ്പെട്ടതോടെ കുളക്കോഴി, കാട്ടുതാറാവ് മുതലായ പക്ഷികൾക്ക് വാസസ്ഥലം ഇല്ലാതായി. താമരയും, ആമ്പലും മറ്റുസസ്യങ്ങളും ഇന്ന് വംശനാശത്തിന്റെ പിടിയിലാണ്. എന്നാൽ ഇന്ന് ഏറ്റവും ഭയാനകം വാഹനപൊടിയും ഫാക്‌ടറി പുകയുമാണ്. വാഹനം കാർബൺമോണോക്സൈഡ്, കാർബൺഡൈഓക്സൈഡ് എന്നിവ അന്തരീക്ഷത്തിലേക്കു തള്ളുന്നു. ഇത് ശുദ്ധവായുവിന്റെ അളവ് കുറയ്ക്കുന്നു. ആഗോളതാപനത്തിനു കരണമാകുകയും ചെയ്യുന്നു. ഭൂമി ദൈവത്തിന്റെ ദാനമാണ്. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ പ്രത്യക്ഷമാകുന്ന കളകൾ നശിപ്പിക്കാൻ വേണ്ടി മനുഷ്യൻ കളനാശിനികൾ ഉപയോഗിക്കുന്നു. ഇത് നമ്മുടെ ഭക്ഷണം വിഷമയ മാക്കുകയാണ് ചെയ്യുന്നത്. വനങ്ങൾ നാടിന്റെസമ്പത്താണ്. വനനശീകരണം മഴകുറയ്ക്കുകയും താപനില വർധിപ്പിക്കുകയും ചെയ്യുന്നു. വരൾച്ച വനനശീകരണത്തിൻ്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്. ആരും അത്രതന്നെ ചിന്തിക്കാത്ത ഒന്നാണ് പ്രകാശമലിനീകരണം. രാത്രി ഇരതേടുന്ന പക്ഷികളാണ് പ്രകാശമലിനീകരണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് .മൂങ്ങ, വവ്വാൽ എന്നീ പക്ഷികൾ കണ്ണുകാണാതെ കൂറ്റൻ ടവറുകളിൽ ചെന്നിടിച്ചു വീഴുന്നു. കവി കാളിദാസൻ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ തന്റെ കൃതികളിൽ എടുത്തുകാണിച്ചിട്ടുണ്ട്. ശ്രീ. വൈക്കം മുഹമ്മദ് ബഷീർ, ശ്രീമതി സുഗതകുമാരി, ശ്രീ. ഒ. എൻ. വി. കുറിപ്പ് എന്നിവരും പ്രകൃതിയ്ക്ക് വേണ്ടി തങ്ങളുടെ തൂലികയാകുന്ന ഉടവാൾ ചലിപ്പിച്ചവരാണ്. കൂരിരുട്ടിലും മിന്നിത്തിളങ്ങുന്ന ചെറു നക്ഷത്രങ്ങളാണവർ. അവരുടെ നന്മൊഴികൾ നമുക്ക് ദിശാബോധം നൽകും. ഇനി ഇച്ചെറു ജീവിതം ധന്യമാക്കാൻ നമുക്ക് എന്തു ചെയ്യാനാവുമെന്ന് നോക്കാം നടപ്പ് ശീലമാക്കുക, പൊതുഗതാഗതം ഉപയോഗപ്പെടുത്തുക ജലാശയങ്ങൾ സംരക്ഷിക്കുക, മറ്റു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക, ഭൂമിയിൽ ജൈവവളങ്ങൾ വേണ്ട വിധം ഉപയോഗിക്കുക. വനങ്ങൾ ധനമാണെന്ന് തിരിച്ചറിഞ്ഞു സംരക്ഷിക്കുക. സർവ്വോപരി വ്യക്തി ശുചിത്വം പാലിക്കുക .നാം പിറന്നു വീണതും ചവിട്ടി നിൽക്കുന്നതും ഒടുവിൽ അലിഞ്ഞു ചേരേണ്ടതും ഈ മണ്ണിലാണെന്ന് മറക്കരുത്. മണ്ണെറിഞ്ഞാലും പൊന്നുവിളയുന്ന ഈ നാട്ടിൽ - ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ പ്രകൃതിയെ സ്നേഹിച്ചും ആദരിച്ചും നമ്മുടെ ജീവിതങ്ങൾ പച്ച പിടിച്ച് തളിർത്ത് പടർന്ന് വേരോട്ടമുള്ളതായി മാറട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kaniyapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kaniyapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Thiruvananthapuram ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ