എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ദുരന്തം വിതക്കുന്ന കൊറോണ .
ദുരന്തം വിതക്കുന്ന കൊറോണ
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. മുൻ വർഷങ്ങളിൽ നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 ആഗോളതലത്തിൽ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയർന്ന സാധ്യതയാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള അറിയിപ്പാണിത്. വളരെ ഗുരുതരമായ ചില രോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിർത്തി ഭേദിച്ച് അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗബാധയെ ചെറുക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഒത്തൊരുമിച്ച് നടപടികൾ ആവശ്യമായി വരുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്. കോവിഡ്-19 ന്റെ പ്രത്യേകതകൾ. സാധാരണ ജലദോഷപ്പനി മുതൽ സാർസ്(സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ എന്ന് പൊതുവേ അറിയപ്പെടുന്നത്. ഇവ ആർ.എൻ.എ. വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. 1960-കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്. പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഇവ രോഗമുണ്ടാക്കാറുണ്ട്. ഈ വൈറസ് അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാറുമുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാൽ ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്. 2002-2003 കാലത്ത് ചൈനയിൽ പടർന്നുപിടിച്ച് 776 പേരുടെ ജീവനെടുത്ത സാർസ്, 2012-ൽ സൗദി അറേബ്യയിൽ 858 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ മെർസ് എന്നീ പകർച്ചവ്യാധികൾ കൊറോണ വൈറസ് മൂലം ഉണ്ടായതാണ്. ഇപ്പോൾ ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്. ഏതാണ്ട് അമ്പതോളം ഇനം കൊറോണ വൈറസുകൾ മൃഗങ്ങളിൽ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതൽ കാണാറുള്ളത്. ഇതിൽ ആറുതരം കൊറോണ വൈറസുകൾ മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ 229E,NL63,OC43,HKU1 എന്നീ നാലു തരം വൈറസുകൾ മനുഷ്യരിൽ ജലദോഷപ്പനിക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇപ്പോൾ വ്യാപിക്കുന്ന കോവിഡ്-19 ജനിതകമാറ്റം വന്ന വൈറസാണ് എന്നാണ് കണ്ടെത്തൽ. കോവിഡ്-19 ന്റെ യഥാർഥ ഉദ്ഭവ സ്ഥാനം ഗവേഷകർക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതക വസ്തു വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാക്കാനായത് വവ്വാലിൽ കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുള്ള തരം ആണ് ഇത് എന്നാണ്. വൈറസ് ഡാറ്റ പങ്കുവയ്ക്കുന്ന അന്തരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബൽ ഇനിഷിയേറ്റീവ് ഓൺ ഷെയറിങ് ഓൾ ഇൻഫ്ളുവൻസ ഡാറ്റ (GISAID) അഭിപ്രായപ്പെടുന്നത് ഈ കൊറോണ വൈറസിന്റെ ജനിതകഘടനയ്ക്ക് എൺപത് ശതമാനം സാർസ് വൈറസിനോട് സാമ്യതയുണ്ടെന്നാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ