സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസര ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ . ആരോഗ്യം പോലെ തന്നെ വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ് എന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് .ആരും കാണാതെ മാലിന്യം അയൽക്കാരുടെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ മലിനജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യ ബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം' എന്ന ബഹുമതിക്കാവും നാം അർഹരാവുക. ഈ സ്ഥിതിക്ക് മാറ്റം വന്നേ മതിയാകൂ ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലനമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മാലിന്യ നിർമ്മാർജ്ജനത്തിനും അതിലൂടെ ശുചിത്വമുള്ള ഒരു സംസ്കാരത്തെ പുനഃസൃഷ്ടിക്കുന്നതിനുമായി അധികൃതർ അനവധി പ്രവർത്തനങ്ങളും പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും അതൊന്നും തന്നെയും പൂർണ്ണമായി വിജയിപ്പിക്കുവാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ല നാമോരോരുത്തരും ഇതൊക്കെയും അവനവന്റെ കടമയും ഉത്തരവാദിത്വവുമാണ് എന്ന ബോധ്യത്തോടെ പ്രവർത്തിച്ചാൽ നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് വളരെ മാറ്റം വരുത്തുവാൻ നമുക്ക് കഴിയും വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ഇതിൽ ഉൾപ്പെടുന്നു . പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത് .ഏവരും തങ്ങളുടെ ഉത്തരവാദിത്വംബോധത്തോടുകൂടി പ്രവർത്തിക്കുകയാണ് വേണ്ടത് . അതിലൂടെ ഒരു ശുചിത്വ കേരളം നമുക്ക് പടുത്തുയർത്താൻ സാധിക്കട്ടെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ