സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ശുചിത്വം എന്റെ കാഴ്ചപ്പാടിലൂടെ

ശുചിത്വം എന്റെ കാഴ്ചപ്പാടിലൂടെ

മനുഷ്യൻറെ അശ്രദ്ധയോടെയുള്ളതും അശാസ്ത്രീയവുമായ ഇടപെടൽ നിമിത്തം നമുക്ക് ചുറ്റുമുള്ള ജീവജാലകങ്ങൾക്ക് നേരിടേണ്ടിവരുന്ന പല ദുരിതങ്ങളും അത്യന്തം ദയനീയമായ കാഴ്ചകളാണ് . പക്ഷികൾക്കും മൃഗങ്ങൾക്കും മാത്രമാണോ ഈ പ്രവൃത്തി മൂലം ആപത്ത് നേരിടേണ്ടി വരുന്നത് ? അല്ല . ഇതിലും എത്രയോ മടങ്ങ് മനുഷ്യർക്ക് അത് തിരിച്ചടിയാകുന്നു. ജലസ്രോതസുകളിലേക്ക് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൊണ്ടിട്ട് വെള്ളത്തെ മലിനമാക്കുമ്പോൾ അറിഞ്ഞു കൊണ്ടുതന്നെ നാം നമ്മുടെ കുടിവെള്ളം മുട്ടിക്കുകയാണ് ചെയ്യുന്നത് .

ഞാൻ മനസ്സിലാക്കിയിടത്തോളം, ശുചിത്വമെന്നാൽ, ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തിശുചിത്വമാണ്. വ്യക്തിശുചിത്വമെന്നാൽ വെറുതെ കൈയും കാലും കഴുകി വൃത്തിയുള്ള വേഷം ധരിക്കൽ മാത്രമല്ല. വ്യക്തിശുചിത്വം നേടണമെങ്കിൽ നമ്മൾ ആദ്യം നമ്മുടെ മനസിനെ ശുദ്ധമാക്കണം. അതിന് കൃത്യനിഷ്ഠയുള്ള ജീവിതരീതിയാണ് വേണ്ടത് . കൃത്യസമയത്ത് എഴുന്നേൽക്കുക, പ്രാർത്ഥിക്കുക , ദിനചര്യകൾ പൂർത്തിയാക്കുക, പോസിറ്റീവ് ചിന്തകളിൽ മറ്റുള്ളവരോട് പെരുമാറുക , സമൂഹനന്മയ്ക്കായി പ്രവർത്തിക്കുക. ഇങ്ങനെ മനസ്സ് ശുചിയാകുമ്പോൾ ശരീരവും ശുചിയാകുന്നു. മനസ്സും ശരീരവും ശുചിയാകുമ്പോൾ വീടും പരിസരവും ശുചിയാക്കണമെന്ന ബോധം വരുന്നു.

എന്റെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്ന എനിക്ക് എന്റെ മുന്നിൽ വന്നുപെടുന്ന ചപ്പുചവറുകൾ നീക്കം ചെയ്യാനുള്ള പ്രവണതയും അതിനെതിരെ ആരോഗ്യകരമായി പ്രതികരിക്കാനുള്ള ധൈര്യവും വന്നുചേരുന്നു . വ്യക്തി നന്നാവുന്നതോടെ കുടുംബവും അയല്പക്കവും നാടും രാജ്യവും ലോകവും പരിസ്ഥിതിയും നന്നാവും . എല്ലാ വികസനവും നമുക്ക് ആവശ്യമാണ് . എന്നാൽ സൂക്ഷിച്ചുപയോഗിക്കൂ എന്ന് പറഞ്ഞു ഭൂമി നമ്മെ ഏല്പിച്ചതൊക്കെ ഉപയോഗശേഷം വൃത്തിയായി തിരിച്ചു നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ ? വികസനങ്ങൾക്ക് കോട്ടം തട്ടാതെ തന്നെ നമ്മുടെ നാടിനെ സംരക്ഷിച്ചു കൊണ്ടുപോകാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. മാത്രമല്ല, ഈ കോവിഡ് കാലം നമ്മുടെ വ്യക്തിശുചിത്വത്തിനായി ഉപയോഗിക്കാം.

                                                "നാടിൻറെ നന്മയാണ്  നമ്മുടെ ഐശ്വര്യം"
ഐശ്വര്യദേവി കെ പി
4 A സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം