സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsmutholapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡും രോഗപ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡും രോഗപ്രതിരോധവും

മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല എന്നാൽ ലോകം ഒന്നടങ്കം ഒരേസമയം ഒരു ഹർത്താൽ സംഭവിച്ചാലോ? ഇന്ന് കൊറോണാ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്‌ഡൗൺ ആക്കിയിരിക്കുകയാണ് ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.


ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരി ആണ് കോവിഡ്-19. കഴിഞ്ഞവർഷം സ്ഥിരീകരിക്കുകയും ഈ വർഷം കാട്ടുതീപോലെ ആളി പടരുകയും ചെയ്ത ഈ മഹാമാരിയെ 2020 മാർച്ച്‌ 11 നാണ് ലോകാരോഗ്യസംഘടന മഹാമാരി ഗണത്തിൽ ഉൾപ്പെടുത്തിയത്. ചൈനയിലെ വുഹാനിൽനിന്നാണ് കോറോണയുടെ ഉത്ഭവം. ചൈനയിലെ വുഹാനിലെ വമ്പൻ മാർക്കറ്റിൽ നിന്നാണ് 2019ലെ കൊറോണ വൈറസ് ബാധയുടെ തുടക്കം. ആദ്യം രോഗം സ്ഥിരീകരിച്ച 41 പേരിൽ 27 പേരും രോഗബാധിതരായത്  ഇവിടെ നിന്ന് തന്നെയാണ്. സാധാരണ പകർച്ചപ്പനി പോലെ തന്നെയാണ് കോവിഡ്-19 ആരംഭം. പനി ചുമ ശ്വാസതടസ്സം ദഹനപ്രശ്നങ്ങൾ തുടങ്ങിയവയാണ് രോഗത്തിന് പൊതു ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ കടുത്ത ശ്വാസതടസം വൃക്കത്തകരാറ് എന്നിവ മരണത്തിലേക്ക് നയിച്ചേക്കാം. ശ്വസനകണങ്ങളിലൂടെയാണ് കോവിൽ-19 രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം അയാളെ ബാധിക്കും. അതുകൊണ്ടുതന്നെ ഇത് പകരാനും എളുപ്പമാണ്. ഇതിന് മരുന്നോ പ്രതിരോധ കുത്തിവയ്പ്പോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗി ആവുക എന്ന് മാത്രമേ വഴിയുള്ളൂ. രോഗാണു സമ്പർക്കം ഉണ്ടാകുന്ന സമയം മുതൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി രണ്ടു മുതൽ 14 ദിവസം വരെയാണ്.


ഇപ്പോൾ പടർന്നുപിടിക്കുന്ന വൈറസ് രോഗം കോവിഡ്-19, കൊറോണ എന്ന രണ്ടു പേരിലും അറിയപ്പെടുന്നു. എന്നാൽ കൊറോണ എന്നത് വൈറസും കോവിഡ്19 എന്നത് കൊറോണ മൂലമുണ്ടാകുന്ന രോഗവുമാണ്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് കോവിഡ് 19 എന്നതിന്റെ പൂർണ്ണനാമം.


കോവിഡ് 19 ഒരു വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. ലോകത്തിലെ പല മരുന്ന് കമ്പനികളും കൊറോണ വൈറസ്നെതിരെ വാക്സിൻ വികസിപ്പിക്കാൻ ശ്രമം തുടരുകയാണ്. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകി ആണ് രോഗം മാറ്റുന്നത്. ശരീരത്തിന് പ്രതിരോധശേഷി കൂടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയുവാൻ സഹായകരമാകും. അൾട്രാവയലറ്റ് വികിരണങ്ങൾക്കും, 75 ശതമാനം വരെയുള്ള ഈഥർ എഥനോൾ, ക്ലോറിൻ അടങ്ങിയ അണുനാശിനികൾ, പെറോസി അസിറ്റിക്ക് അമ്ലം, ക്ലോറോഫോം എന്നിവയ്ക്കും വൈറസിനെ നശിപ്പിക്കാൻ കഴിവുണ്ട്.


പകരാൻ എളുപ്പം ആയതിനാൽ രോഗം പ്രതിരോധിക്കുക തന്നെ രക്ഷയുള്ളൂ. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം മറക്കണം, ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ച് ആയാലും മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം അതായത് ഒരു മീറ്ററെങ്കിലും പാലിക്കുക രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യണം. കൂടെ കൂടെ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്ററിസറോ ഉപയോഗിച്ച് കൈ ശുദ്ധിയാക്കണം. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം, വീട്ടിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കണം, യാത്രകളും പൊതുപ്രവർത്തനങ്ങളും ഒഴിവാക്കുക, പൊതുപരിപാടികൾ മാറ്റുക എന്നിവയും അഭിലഷണീയമാണ്. ശ്വസനശുചിത്വം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. N 95 എന്നയിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം. കോവിഡ് രോഗികളെ പരിചരിക്കുന്നവർ പിപി റ്റി ധരിക്കുകയും വേണം.


ലോകത്തിലാകെ ഇതുവരെ 25 ലക്ഷം ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു. അതിൽ 165000 പേർ രോഗം ബാധിച്ചു മരണമടഞ്ഞു എന്നത് ഞെട്ടിക്കുന്ന കണക്കാണ്. ശത്രുവിനെ കണ്ണുകൊണ്ട്കാണാനാവില്ല എങ്കിലും ബോധവത്കരണത്തിലൂടെയും പ്രതിരോധ പ്രവർത്തങ്ങളിലൂടെയും ഈ മഹാമാരിയെ നമുക്ക് ചെറുത് തോല്പിക്കാനാകും. നാം ഇതും അതിജീവിക്കും തീർച്ച.


സഞ്ജന സജോയി
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം