ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/പൊരുതാം കരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Goodshepherdems (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം കരുതാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം കരുതാം

ആകാശസീമകളും ആധുനിക നേട്ടങ്ങളും കൈയടക്കി സർവ്വാധികാരിയായ മനുഷ്യൻ സ്വന്തം നിലനിൽപ്പിനായി ഇന്ന് കേഴുമ്പോൾ നാം തിരിച്ചറിയേണ്ടുന്ന ഒത്തിരി കാര്യങ്ങളുണ്ട്. മഹത്തായ ചരിത്രവും പാരമ്പര്യവും സംസ്കാരവുമുള്ള ഈ മഹാ പ്രപഞ്ചത്തിലെ ഓരോ ജീവിയുടേയും സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതം കെട്ടിപ്പടുക്കേണ്ടത് വിവരവും വിദ്യാഭ്യാസവും കൊണ്ട് ഉന്നതിയിലാണെന്നഭിമാനിക്കുന്ന മനുഷ്യന്റെ കരങ്ങളാണ്. എന്നാൽ ഇന്ന് പരിസ്ഥിതി ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ശുചിത്വമില്ലായ്മയുടേയും മനപൂർവ്വവും അപക്വവുമായ അറിവ് കൊണ്ട് മനുഷ്യൻ സകല സസ്യ ജീവജാലങ്ങൾക്കും പ്രകൃതി സമ്പത്തുകൾക്കും ലോകത്തിനു തന്നെയും സർവ്വനാശം വിതയ്ക്കുകയാണ്.

നാം നൽകുന്നതാണ് നമുക്ക് തിരികെ കിട്ടുന്നത് എന്നൊരു ചൊല്ലുണ്ട്. ലോകമേ തറവാട്; നാമെല്ലാം സഹോദരർ എന്ന ഭാരതീയ ചിന്ത അർത്ഥവത്താണ്. മനുഷ്യൻ മാത്രമല്ല മറ്റ് ജീവജാലങ്ങളും നമ്മുടെ മിത്രങ്ങളും സഹജീവികളുമാണ് എന്നും ഓർക്കണം. ചെറിയൊരു വൈറസിനു മുന്നിൽ ലോകം പകച്ചുനിൽക്കുമ്പോഴെങ്കിലും നാം അറിയണം – മലിനപ്പെടാത്ത പരിസ്ഥിതിയുടെ മറുവശമാണ് ആരോഗ്യം എന്ന്. അപ്പോൾ പരിസ്ഥിതിയോ? ജീവജാലങ്ങൾക്കു സ്വസ്ഥമായി വളരാനുള്ള ചുറ്റുപാടുകളെയാണ് പരിസ്ഥിതി എന്നതു കൊണ്ടർത്ഥമാക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതിരുന്നാലേ നമ്മുടെ ആരോഗ്യത്തിന് നിലനില്പുള്ളു. മനുഷ്യന്റെ ഓരോ പ്രയത്നവും അവന് ദീർഘായുസ്സും, ആരോഗ്യവും, സന്തോഷവും മേൽക്കുമേൽ നേടിയെടുക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനം ഉണ്ടാക്കേണ്ടത്. ആ ഓർമ്മ നമുക്കെന്നും ഉണ്ടായിരിക്കണം.

സർവ്വ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും അർത്ഥപൂർണ്ണമായ ജീവിതത്തിന്റെതുമായ ഒരു നൂതന ലോകം കെട്ടിപ്പടുക്കേണ്ടതിന് ഇനിയും നാം തിരിച്ചറിവ് കാണിക്കണമെന്നാണ് ഇപ്പോൾ ഈ 2020 നമ്മെ പഠിപ്പിക്കുന്നത്. നാം എത്ര തന്നെ ശാസ്ത്ര-സാങ്കേതിക-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഉന്നതികളിലെത്തിയാലും ഈ പ്രപഞ്ചത്തിനു മുന്നിൽ നാം ഒന്നുമല്ലാത്ത ഒന്നുമില്ലാത്ത നിസ്സഹായരാണ്. പ്രകൃതിയെന്ന അമ്മ സർവ്വം സഹയാണ്. എന്നാലും അളമുട്ടിയാൽ ചേരയും കടിക്കും എന്ന പഴമൊഴി പോലെ നമ്മുടെ ദുഷ് പ്രവർത്തികളാൽ സഹികെട്ട പ്രകൃതി കോവിഡ്-19 എന്ന കൊച്ചു വൈറസിലൂടെ നമ്മെ പഠിപ്പിക്കുന്നുവെങ്കിൽ അത് അഹന്തയുടെ ഉത്തുഗ ശൃംഗത്തിൽ വിഹരിച്ച് സഹജീവികളോടും പ്രകൃതിയോടും, കാരുണ്യലേശമില്ലാതെ നാം പ്രവർത്തിച്ചതു കൊണ്ട് മാത്രമാണ്. ഇനിയെങ്കിലും നാം ഉണരേണ്ടിയിരിക്കുന്നു. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടിരിക്കുന്നു. നമുക്കു മാത്രമല്ല, ലോകത്തെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണീ പ്രപഞ്ചം. അതിനെ മലിനമാക്കാതെ നശിപ്പിക്കാതെ ശുചിത്വ ബോധത്തോടെ നാം പരിപാലിക്കണം എന്ന തിരിച്ചറിവ് പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും നാം നൽകണം. പറഞ്ഞ് പറഞ്ഞ് നാം പഠിപ്പിക്കണം. നാം മാതൃക കാട്ടണം.

നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിയ്ക്കണമെന്ന് ശ്രീയേശു ചൊല്ലിത്തന്നതും ഈ പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യന്റെ ആവശ്യത്തിനായിട്ടുള്ളതാണെന്നും എന്നാൽ ആർത്തിക്കായിട്ടുള്ളതല്ലെന്നും മഹാത്മജി പറഞ്ഞു തന്നതും മറ്റൊന്നല്ല. പ്രപഞ്ചശക്തി ഒഴികെ മറ്റെല്ലാ ശക്തികളും വെറും നൈമിഷികമായ ശക്തികളാണ്. അത്തരം ശക്തികൾ വെള്ളത്തിലെ കുമിളകൾ പോലെ ഭംഗുരമാണ്. അതിനാൽ തന്നെ ശുചിത്വത്തോടെ പരിസ്ഥിതിക്ക് കോട്ടം ഒരു കാരണവശാലും തട്ടാതെയുള്ള പ്രവർത്തനങ്ങളാവണം നാം നടത്തേണ്ടത്. മനുഷ്യൻ പ്രകൃതിയെ അറിഞ്ഞു പെരുമാറിയില്ലെങ്കിൽ പ്രകൃതി തന്നെ അതിനു മുന്നിട്ടിറങ്ങുമെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ അവസാനപാഠം കൊറോണയിലൂടെയാകട്ടെ. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളോടും നമ്മോടു തന്നെയും ഏറ്റവും സ്നേഹത്തോടെയും വിനയത്തോടെയും കരുണയോടെയും കരുതലോടെയും മാത്രമേ പെരുമാറുകയുള്ളു എന്ന് പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്. ഭയമല്ല നമുക്കിപ്പോൾ വേണ്ടത്, ജാഗ്രത തന്നെയാണ്. ഞാൻ കാരണം ഈ പ്രപഞ്ചത്തിലെ ഒരു അണുവിനു പോലും ഉപദ്രവം ഉണ്ടാകില്ല എന്നു നമുക്ക് ശപഥം ചെയ്യാം. ജീവിതത്തിന്റെ യഥാർത്ഥ അർത്ഥവും മൂല്യവും മനസ്സിലാക്കാനുള്ള സമയമാണ് നമുക്ക് ദൈവം ഇപ്പോൾ നൽകിയിരിക്കുന്നത്. ജീവിതത്തിന്റെ സത്യവും പൂർണ്ണതയും ഗുണവും തന്റെ ജീവിതം മാത്രമല്ല – പരിസ്ഥിതിയുടെ പരിശുദ്ധി കൂടിയാണെന്നും നാം അതിന്റെ കാവൽമാലാഖമാരാണെന്നും നാം അറിയണം. മനുഷ്യനാണ് ദൈവസൃഷ്ടികളിൽ ഏറ്റവും ഉന്നതമായുള്ളത്. ദൈവം അവന്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചത് അവനായി ദൈവം ഒരുക്കിയ പ്രകൃതിയുടെ സംഹാരത്തിനായല്ല, സംരക്ഷണത്തിനായാണ് എന്നും നാം അറിഞ്ഞേ തീരൂ.

മനുഷ്യൻ ഇന്ന് പ്രകൃതിയുടെ കരങ്ങളിലെ നിസ്സഹായനായ കളിപ്പാട്ടമാണ്. രോഗം, അറിവില്ലായ്മ, സംശയം, ആശങ്ക, അസഹിഷ്ണുത എന്നിവ മാത്രമാണ് ഇന്ന് ലോകം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ മുന്നിലുള്ളത്. ഇതിന്റെയെല്ലാം പ്രധാനകാരണം നാം പരിസ്ഥിതിയെ നശിപ്പിച്ചതും അതുവഴി നാം നേരിടേണ്ടി വന്ന തൽഫലങ്ങളുമാണ്. വിവേകപൂർവ്വം നാം ജീവിക്കേണ്ടിയിരിക്കുന്നു. നാം തളരരുത്. വലിയ വലിയ വെല്ലുവിളികൾക്കുമുന്നിലാണ് നാം എന്നാൽ എല്ലാറ്റിനെയും അതിജീവിക്കാൻ നമുക്ക് കഴിയും ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകൾ നമ്മെ കൂടുതൽ ശക്തരാക്കണം. അറിവിന്റെ വെളിച്ചമായ് നാം മാറണം. ജീവിതത്തിൽ ഉണ്ടായ വേദനകൾ , പ്രയാസങ്ങൾ, ദുരിതങ്ങൾ, ദൗർഭാഗ്യങ്ങൾ തുടങ്ങിയവ നമ്മുടെ ആത്മാവിനെ ഉദാത്തീകരിക്കുമെന്നും നമ്മുടെ തീരുമാനങ്ങളെയും കാഴ്ചപ്പാടുകളെയും പക്വമാക്കി നല്ലൊരു ഭാവി ഈ സുന്ദര പ്രപഞ്ചത്തിൽ നമുക്കായി വിടരുമെന്നും പ്രത്യാശിക്കാം. പ്രശസ്ത കവി വൈലോപ്പിള്ളി പറഞ്ഞതുപോലെ പ്രകൃതിയെ കീഴടക്കാതെ സ്നേഹിച്ച് ആത്മസഖിയാക്കാം. പരിസ്ഥിതിയെ പരിലാളിച്ച് പരസ്പരം സ്നേഹിച്ച് സേവിച്ച് പ്രത്യാശയുടേയും അതിജീവനത്തിന്റേയും കരുത്താർജിച്ച് ജാഗ്രതയോടെ നമുക്ക് മുന്നേറാം. അതിനുള്ള നല്ല പ്രവർത്തനങ്ങളോടൊപ്പം നമുക്ക് ഒരുമിച്ചു പ്രാർത്ഥിയ്ക്കാം.

 'ലോകാ: സമസ്താ: സുഖിനോ ഭവന്തൂ ! 
 സമസ്ത ലോകാ: സുഖിനോ: ഭവന്തൂ !!' 

ബി൯സി എ
7 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം