സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ഉപന്യാസം - പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ഉപന്യാസം - പരിസ്ഥിതി

ദൈവം നമുക്ക് നൽകിയ വരദാനമാണു പ്രകൃതി. നമുക്ക് താങ്ങായും തണലായും മരങ്ങളും, സമൃദ്ധമായ പുഴകളും, ശുദ്ധ വായു, മണ്ണ്, അങ്ങനെ മനുഷ്യന് ആവശ്യമായതെല്ലാം പ്രകൃതി കനിഞ്ഞു നൽകിയിട്ടുണ്ട്. നാം അപരിഷ്‌കൃതരെന്നു പുച്ഛിക്കുന്ന നമ്മുടെ പൂർവികർ നമുക്ക് കൈമാറിയതാണ് ഈ വർണാഭമായ ലോകം. നിറങ്ങളാൽ സമ്പന്നമായ പ്രകൃതി പുതിയ തലമുറയ്ക്കിന്ന് അന്യമാണ്. ഈ പ്രകൃതി സ്രോതസ്സുകളെല്ലാം നമ്മുടെ ആവിശ്യത്തിനനുസരിച്ഛ് നാം ഉപയോഗിച്ച് വരുന്നു. യുക്തമായ രീതിയിൽ ഉള്ള പ്രകൃതിയുടെ വിനിയോഗമാണ് ഉത്തമം. പ്രകൃതി മലീമസം ആയതെങ്ങനെ? സുന്ദരവും സമ്പന്നവും ആയ ഭൂപ്രകൃതിയാൽ അനുഗ്രഹീതമായ നമ്മുടെ നാടിനെ വികസനത്തിനെന്ന വ്യാജേന നാം തന്നെ മലിനമാക്കി. ശുദ്ധമായ പുഴകൾ മാലിന്യ കൂമ്പാരങ്ങളായി. കാടുകൾ വെട്ടി നിരത്തി അവയെ ഇല്ലാതാക്കി. അന്യായമായ കെട്ടിട നിർമാണവും, കൈയേറ്റവും, സ്വാഭാവികമായ പ്രകൃതി വ്യവസ്ഥയെ താളം തെറ്റിച്ചു. പല പക്ഷിമൃഗാദികൾക്കും വംശ നാശം സംഭവിച്ചു, തിക്തഫലങ്ങൾ നാം ഇന്ന് അനുഭവിക്കുന്നു. മഹാമാരിയായും, വരൾച്ചയായും, പകർച്ചവ്യാധികളായും, പ്രകൃതി ദുരന്തങ്ങളായും പ്രകൃതി നമുക്കൊരു സൂചന ആണ് നൽകുന്നത്. പ്രകൃതിയുടെ അമിത വിനിയോഗം നമ്മുടെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. ക്രമാതീതമായുള്ള താപനിലയും പേമാരിയും, വെള്ളപ്പൊക്കവും, ഭൂമികുലുക്കവും തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങൾ നമ്മെ ഇന്ന് വേട്ടയാടുന്നു. പ്രകൃതിയുടെ സംരക്ഷകരായ നാം തന്നെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണമായത് തികച്ചും ലജ്ജാകരവും വേദനാജനകവമുണ്. പരിസ്ഥിതി ഇനി എങ്ങോട്ട്? ഒഴുകാൻ മറന്ന പുഴകളും, രാസവസ്തുക്കൾ നിറഞ്ഞ കുടിവെള്ളവും, വൻ കെട്ടിട സമുച്ചയങ്ങളും, നിരത്തുകൾ ഒഴിയാത്ത വാഹന നിരയും പരിഷ്‌കൃത സമൂഹത്തിനു അഭിമാനമായി മാറി. രാഷ്ട്ര വികസനം ജനതയുടെ ഉന്നമനത്തിനു അനിവാര്യം തന്നെ. പക്ഷെ, അത് നമ്മുടെ സ്വാർത്ഥ ലാഭത്തിനായി മാത്രമാവരുത്. പ്രകൃതി ചൂഷണത്തിലൂടെ ഇന്ന് രാഷ്ട്രത്തലവന്മാർ ഉന്നം വെയ്ക്കുന്നത് സാമ്പത്തിക ലാഭം മാത്രമാണ്. പക്ഷെ നാം ലക്ഷ്യമാക്കേണ്ടത് സാമ്പത്തിക വളർച്ച മാത്രമല്ല, നമുക്ക് പരിസ്ഥിതി നിലനിർത്തണമെന്നുണ്ടെങ്കിൽ നാം പ്രകൃതിയെ ചൂഷണം ചെയ്യാതെ എങ്ങനെ വികസനം നേടാം എന്നത് ചിന്തനീയമാണ്. കൃത്യമായ നിയമ നിർമാണവും അവ പാലിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുകയും വേണം. പരിസ്ഥിതി മലിനീകരണം തുടർന്നാൽ, വരാനിരിക്കുന്നത് ഇതിലും ഭീതി ജനകവും ഭയാനകവും ആയ സ്ഥിതിവിശേഷം ആയിരിക്കും. വരും കാല തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട അമൂല്യനിധിയായ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രകൃതിയെ മറന്നുള്ള മനുഷ്യ താൽപര്യങ്ങൾക്കു അറുതി വന്നേ മതിയാകൂ. നമുക്കെന്തു ചെയ്യാനാവും? നാം സ്വയം മാറണം. പ്രകൃതി ചൂഷണം അവസാനിപ്പിക്കണം. പരിസ്ഥിതിയും, പ്രകൃതിയും, പുഴകളും, മറ്റു ജല ശ്രോതസ്സുകളും, കാടും, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള നിയമങ്ങൾ നടപ്പിലാക്കപ്പെടേണ്ടതാണ്. പ്രകൃതിയെ ചൂഷണം ചെയ്തതുകൊണ്ടുള്ള ദുരന്തങ്ങൾ ഇനിയും വരാതെ, വരും തലമുറയെ നാം കാക്കണം. പരിസ്ഥിതി അമൂല്യമായി കാത്ത് സൂക്ഷിക്കാൻ വരും തലമുറയെ നമുക്ക് പ്രാപ്തരാക്കാം. പരിസ്ഥിതിയെ നമ്മുടെ 'അമ്മ’ ഭൂമിയെ പരിപാലിക്കാൻ നമുക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

അമാൻ ക്രൂഷ്
9 സെന്റ്‌. ജോർജ്സ് എച്. എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം