മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിക്കാം പ്രകൃതിയെ നോവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

വിഷയം : പരിസ്ഥിതി

1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്. എല്ലാവർക്കും അമ്മയായ ഭൂമി, അവശയായി ആസന്നമൃതയായി ഇതാ പോകുന്നു സൗരമണ്ഡല പെരുവഴിയിലൂടെ. കൈരളിക്കുമേൽ കാവ്യസൗരഭം വാരി തൂകിയ വയലാർ, ഓ എൻ വി, അയ്യപ്പപ്പണിക്കർ ഇവരുടെ കവിതകളിലൂടെ പ്രകൃതിയുടെ ആർദ്രഭാവം നാം കണ്ടതാണ്. എന്നാൽ, ഇന്ന് ഭൂമി മാതാവ് മരണത്തിലേക്ക് നടന്നടുക്കുകയാണ്. മരണത്തിലേക്കുള്ള ഈ യാത്രയിൽ അമ്മ ഒറ്റക്കല്ല, കൂടെ നാം എല്ലാവരുമുണ്ട്,. അമ്മക്ക് ഈ കൊലക്കളം ഒരുക്കിയത് ആരാണെന്നറിയാമോ? നമ്മൾ മക്കൾ!വിധിവൈപര്യത്യം അല്ലേ?

സമ്പുഷ്ടമായ ഒരു ഗദ കാലമുണ്ടായിരുന്നു ഭൂമിമാതാവിന്. കാലങ്ങൾക്കപ്പുറം ഭൂമിയിൽ രണ്ട് വിഭാഗം ഉരുത്തിരിഞ്ഞു, പ്രകൃതിയുടെ സംഗീതം സിരകളിൽ ആവാഹിച്ച് ആ മാസ്മര ലഹരിയിൽ അഭിരമിക്കുന്ന ഒരു വിഭാഗം, എന്നാൽ ഉദരപൂരണത്തിനായി പ്രകൃതിയുടെ ഉദാത്ത സൃഷ്‌ടികൾ നശിപ്പിക്കുന്ന മറ്റൊരു വിഭാഗം, യോഗങ്ങൾക്ക് മുൻപേ രണ്ടു വിഭാഗങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. കാട്ടാളന്റെ കൂരമ്പുകൾക്കിരയായി പ്രാണൻ നഷ്ടപെട്ട ക്രൗഞ്ചപക്ഷികളുടെ കഥ നാം കേട്ടിട്ടുണ്ട്, ആ കാട്ടാളന്റെ അമ്പേറ്റ് പിടഞ്ഞ പക്ഷിയെ കണ്ട് കലിപൂണ്ട വാല്മീകി കാട്ടാളനെ ശപിച്ചത് ഇപ്രകാരമാണ്


"മാ നിഷാദാ പ്രതിഷ്ഠാഗമദമശ്വാശ്വതീ സമ........ യത് ക്രൗഞ്ച മിഥുനാ ദേഹമാവധി..... കാമമോഹിതം........ "


വിശ്വോത്തര ഇതിഹാസം രാമായണ രചനക്ക് കാരണമായ ആദ്യ കവിത. കാലം മുമ്പോട്ട് പോയി പ്രകൃതിക്ക് മേൽ മനുഷ്യന്റെ അതിക്രമങ്ങൾ കൂടി വന്നു.

" ക്ഷമയാ ധരിത്രി " എന്നാണല്ലോ, അമ്മയെല്ലാം ക്ഷമിച്ചു മാറത്തെ കഞ്ചുകം നീക്കി ഭൂമി മാതാവ് നൽകിയ മുലപ്പാൽ കുടിച് തെഴുതവർക്ക് ഒടുങ്ങാത്ത ദാഹം. അമ്മയുടെ ഹൃദയ രക്തം കുടിക്കാൻ.

അതിനുവേണ്ടി അവർ കാടുകൾ വെട്ടി തെളിച്ചു. കുന്നുകൾ ഇടിച്ചു കൊണ്ടുപോയി കൃഷിഭൂമികൾ നികത്തി ഫ്ലാറ്റുകൾ നിർമിച്ചു. മനുഷ്യന്റെ ചെയ്തികൾ മൂലം ഭൂരിപക്ഷം വരുന്ന ജീവജാലങ്ങൾ അതിജീവനത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നു. അവരുടെ വിലാപം വലിയൊരു ചോദ്യചിഹ്നമായി ഉയരുന്നത് കേൾക്കുന്നില്ലേ?

മനുഷ്യർ ഭൂമി മാതാവിന്റെ വസ്ത്രം ഉരിയുന്നു. വിപണിയിൽ അത് വിറ്റ് ചാരായം മോന്തുന്നു. ഓർത്തോളൂ...... നിങ്ങള്ക്ക് ലഭിക്കാൻ പോകുന്ന ശിക്ഷ അതിധാരുണമായിരിക്കും. പെറ്റമ്മയായ ഭൂമിയെ മാനഭംഗപ്പെടുത്തിയ ഹേ !മനുഷ്യ........ നിന്റെ നാശം അടുത്തെത്തിയിരുന്നു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ട നമ്മൾ മനുഷ്യർ ഇന്നെന്തൊക്കെയാണ് പ്രകൃതിക്ക് നൽകുന്ന ഉപഹാരങ്ങൾ? എണ്ണത്തിൽ പെരുകുന്ന വാഹനങ്ങൾ പ്രകൃതിയിലേക്ക് പുറപ്പെടുവിക്കുന്ന മലിനമായ പുക, ഫാക്ടറികളിൽ നിന്ന് പുറംതള്ളുന്ന വിഷവാതകം, ആധുനികത ഭ്രാന്തു പിടിപ്പിച്ച യുവതലമുറ ഉപയോഗിച്ചു തള്ളുന്ന ഉപയോഗശൂന്യമായ ഇ വേസ്റ്റുകൾ, മുറ്റം എല്ലാം ഇന്റർലോക്ക് ചെയ്തും വീടിനു ചുറ്റും വൻ മതിലുകൾ തീർത്തും നാം പരിസ്ഥിതിക്ക് നാശം വിതച്ചുകൊണ്ടേയിരിക്കുന്നു.

നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണെന്ന് നാം മനസിലാക്കണം. അത്തരത്തിൽ നാം ചിന്തിക്കാഞ്ഞതിന്റെ പ്രതിഫലനമാണ് ഇന്ന് ലോക ജനതയെ മുഴുവൻ കൊന്നൊടുക്കുന്ന കൊറോണ എന്ന മഹാവിപത്ത്. സഹോദരങ്ങളെ പോലെ നാം കാണേണ്ട ജീവജാലങ്ങളെ നാം തന്നെ കൊന്നു തിന്നുന്നു. ഇത്തരത്തിലാണ് മനുഷ്യന്റെ പോക്കെങ്കിൽ അധികം വൈകാതെ മനുഷ്യർ സർവ്വനാശത്തിലേക്കെത്തും.

ഓർക്കുക! മനുഷ്യന്റെ എല്ലാ ചെയ്തികളും ഭൂമിമാതാവ് ക്ഷമിക്കും സഹിക്കും എന്നാൽ, ഒരുനാൾ ഭൂമി തിരിച്ചടിക്കും. അതൊരു പ്രളയമോ മഹാമാരി നിപ്പയോ കൊറോണയോ പോലെ ആയിരിക്കില്ല. സർവ്വ രാഷ്ട്രങ്ങളെയും കൂപ്പുകുത്തിക്കുന്ന, രാഷ്ട്രത്തലവന്മാർ യുദ്ധത്തിൽ പരാജയപെട്ടു സർവ്വവും ഭൂമി ദഹിപ്പിക്കുന്ന തിരിച്ചടി. അപ്പോഴും ഭൂമി നിത്യ കന്യകയായി യൗവ്വനത്തോടെ തിരിച്ചു വരും. എന്നാൽ, പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യർ ചത്തൊടുങ്ങും. പ്രകൃതിയുടെ ഫലങ്ങൾ ഇന്ന് നാം ആസ്വദിച്ചിട്ട് അത് നാളെക്കായി വരും തലമുറക്ക് നൽകണം. അല്ലാതെ ഉപയോഗ ശേഷം അവ നശിപ്പിച്ചു കളയാനുള്ളതല്ല. ഭൂമി ഇല്ലെങ്കിൽ മനുഷ്യ ജീവന് നിലനിൽപ്പില്ല. എന്നാൽ, മനുഷ്യ വാസമില്ലെങ്കിലും ഭൂമി അതീവ സുന്ദരിയായി യുഗങ്ങളോളം നിലനിൽക്കും.

പ്രകൃതിയെ സംരക്ഷിക്കുവാൻ വേണ്ടി നമ്മെ കൊണ്ട് പറ്റുന്നതൊക്കെ നാം ചെയ്യണം. മരങ്ങൾ വെട്ടിനശിപ്പിച്ച് മണ്ണൊലിപ്പ് ഉണ്ടാക്കാതിരിക്കുക. ഒരു മരം വെട്ടിയാൽ നൂറ് മരം വെച്ച് പിടിപ്പിക്കുക. നിത്യ ഉറവകളായ പുഴകളും നദികകളും തോടുകളും മാല്യന്യങ്ങളും ചപ്പുചവറുകളും കൊണ്ട് നിറക്കാതെ അവയെ സംരക്ഷിക്കുക. ഇനിയൊരു ലോകയുദ്ധം ഉണ്ടായേക്കാം, അത് ചിലപ്പോൾ ജലത്തിന് വേണ്ടി ആയിരിക്കാം, ജലാശയങ്ങൾ കീഴടക്കി ലോകരാഷ്ട്രങ്ങൾ പോരാടുന്ന യുദ്ധം. ആ യുദ്ധത്തിൽ എത്ര പേർക്ക് ജീവഹാനി ഉണ്ടാവുമെന്ന് കൂടി പറയാനാവില്ല. പ്രകൃതി വിഭവങ്ങൾക്കായി നാം പോരടിക്കുമ്പോൾ ഓർക്കുക ഇവയൊന്നും നമുക്ക് സുസ്ഥിരമല്ല. ആരുടെയൊക്കെയോ കൈ മറിഞ്ഞു നമ്മുടെ കൈകളിലെത്തി നാളെ വേറെ കരങ്ങളിലേക്ക് പോകേണ്ടതാണവയൊക്കെ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള യുദ്ധത്തിന്റെ കാഹളം ഇതാ മുഴങ്ങി കഴിഞ്ഞിരിക്കുന്നു.

" ഇനിയും മരിക്കാത്ത ഭൂമി.... നിൻ ആസന്നമൃതിയിൽ നിനക്കാത്മശാന്തി ഇത് നിന്റെ എന്റെയും ചരമ ശുശ്രുഷക്ക് ഹൃദയത്തിൽ ഇന്നേ കുറിച്ച ഗീതം...... "

ലക്ഷ്മി സുനിൽ
9 A മഹാത്മാ ഗേൾസ് ഹൈസ്കൂൾ ചെന്നിത്തല
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം