ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ സ്നേഹസമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹസമ്മാനം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹസമ്മാനം


ഇത്തവണ വാർഷികപരീക്ഷക്ക് മുമ്പേ സ്കൂൾ അടച്ചു. ഇനിയുള്ള രണ്ടുമാസം കൂട്ടുകാരുമൊത്ത് കൂടുതൽ കളിക്കാം,യാത്ര പോകാം എന്നൊക്കെ സന്തോഷിച്ചിരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ ലോകം മുഴുവൻ പടർന്ന് പിടിച്ചത്. പുറത്തിറങ്ങാനും പറ്റില്ല. എന്താ പുറത്തിറങ്ങാൻ പറ്റാത്തതെന്ന എൻെറ ചോദ്യത്തിന് അമ്മ കോവിഡ്-19നെ കുറിച്ചും രോഗം പടർത്തുന്ന കൊറോണ വൈറസിനെ കുറിച്ചും പറഞ്ഞു തന്നു. ലോകം മുഴുവൻ കൊറോണ ഭീതിയിലാണത്രേ! ഇതിന് മരുന്ന് കണ്ടുപിടിച്ചില്ലാന്ന്..... പ്രതിരോധശേഷി നിലനിർത്തുക അതാണ് തത്കാലമാർഗം. ഇന്നലെ എന്നെ കുളിപ്പിക്കുമ്പോഴാ അമ്മ വേറൊരു കാര്യം പറഞ്ഞത്. ഓരോ 20 മിനിട്ടിലും ഇരുകൈകളും സോപ്പും വെള്ളവും ഉപയോഗിച്ച് 20സെക്കൻറ് നന്നായി ഉരച്ചുകഴുകണംപോലും. പിന്നെ ചുമക്കുമ്പോഴും തമ്മുമ്പോഴും തൂവാല കൊണ്ട് വായ മറക്കണമെന്നും പറഞ്ഞു. ലോക്ഡൗണിനെ കുറിച്ചും, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അച്ഛനും മനസ്സിലാക്കി തന്നു. ഇനി എന്നാ കൂട്ടുകാർക്കൊപ്പം കളിക്കാൻ പറ്റുക എന്നൊക്കെ ആലോചിച്ചിരുന്നപ്പൊഴാണ് എൻെറ പിറന്നാളിന്റെ കാര്യം അമ്മ അച്ഛനോട് പറയുന്നത് കേട്ടത്. ഈ മാസമാണ് എൻെറ പിറന്നാൾ. കഴി‍ഞ്ഞ വർഷം എൻെറ പിറന്നാൾ എന്ത് രസമായിരുന്നു. മിഠായിയും, കേക്കും, പായസവും,പുതിയ ഉടുപ്പും. കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു. ഇപ്രാവശ്യം എന്തായാലും ഒരാഘോഷവുമില്ല. നാടാകെ കൊറോണയല്ലേ! അപ്പോഴാ എനിക്കോർമ്മ വന്നത്. എൻെറ പിറന്നാളിന് ഒരാഴ്ച്ച മുമ്പാണ് അമ്മയുടെ പിറന്നാൾ. അമ്മക്ക് ഇതുവരെ ആരും ഒരു സമ്മാനവും വാങ്ങിക്കൊടുത്തിട്ടില്ല. ഇപ്രാവശ്യം അമ്മക്കെന്തെങ്കിലും വാങ്ങണം. ഞാൻ ഓടിച്ചെന്ന് കഴിഞ്ഞവർഷം അച്ഛൻ വാങ്ങിതന്ന എൻെറ കുഞ്ഞുകുടുക്ക പൊട്ടിച്ചു. എണ്ണിയപ്പോൾ കുറച്ച് രൂപയേ ഉണ്ടായിരുന്നുള്ളു. ഇത് വെച്ചെന്താ വാങ്ങുക. അച്ഛനോട് ഇക്കാര്യം പറഞ്ഞു. നമുക്ക് ഈ പൈസയും മോളുടെ പിറന്നാളിന് വേണ്ടി അച്ഛൻ മാറ്റിവെച്ച തുകയും ചേർത്ത് കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ആർക്കെങ്കിലും ചെറിയ സഹായം ചെയ്താലോ? ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ അമ്മക്ക് നമ്മുക്ക് അടുത്ത പിറന്നാളിന് സമ്മാനം നൽകാം. അച്ഛൻെറ വാക്കുകൾക്ക് ഞാൻ സമ്മതം മൂളി. എനിക്കും ഒരു കുഞ്ഞുസഹയം ചെയ്യാൻ പറ്റിയല്ലോ എന്നോർത്ത് സന്തോഷിച്ചു. അച്ഛൻ കാര്യങ്ങൾ അമ്മയോട് പറഞ്ഞു. അമ്മ സന്തോഷത്താൽ എന്നെ ചേർത്ത്പിടിച്ചു. നെറ്റയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. "സമ്മാനത്തിലല്ലാ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്.‍ എൻെറ മോൾക്ക് അതുണ്ട്,അത് തന്നെയാണ് അമ്മക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം”. സന്തോഷത്തോടെ ‍ഞാൻ അച്ഛനെ നോക്കി. ഈ കൊറോണ വേഗം മാറിയെങ്കിലെന്നാഗ്രഹിച്ച് ഞാൻ മുറ്റത്തേക്കോടി. പൂക്കളോടും കിളികളോടും കളിക്കാൻ. അവരാണല്ലോ ഇപ്പോളെൻെറ കൂട്ടുകാർ!


നിഹാല യാസ്മിൻ.H
3.C ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ