എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ലഞ്ച് ബോക്സ്

ലഞ്ച് ബോക്സ്


ലഞ്ച് ബോക്സിൽ ഒന്നും ഉണ്ടായിരുന്നില്ല
ഒരു വറ്റ് ചോറു പോലും!!!
പകരം സദാ വൈബ്രേറ്റ്‌
ചെയ്തു കൊണ്ടിരുന്ന മൊബൈലും
പതിനാറ് 'ജി ബി'യുടെ ഒരു മെമ്മറി കാർഡും

ഡ്രിൽ മാഷിന്റെ തുറിച്ചു നോട്ടത്തിൽ
'വാട്സപ്പെല്ലാം' ഡിലീറ്റ്
ബട്ടണിലമർന്നു

കണക്കു മാഷിൻറെ അമർത്തിപ്പിടുത്തത്തിൽ
മെമ്മറിക്കാർഡൂർന്നു പോന്നു

'കാർഡ് റീഡറി'നായി
ക്ലാസ്സ് ടീച്ചർ 'ഐ റ്റി' ലാബിലേക്കോടി

പതിനാറ് 'ജി ബി' പെറ്റിട്ട ചിത്രങ്ങൾ കണ്ട്
മ്യൂസിക്‌ ടീച്ചർ 'ഹരേ രാമ' പാടി

ബയോളജിയിൽ പറയാൻ
പറ്റാഞ്ഞതെല്ലാം കുട്ട്യോൾ
'പിക്ചറാ'ക്കിയതിനാൽ
തലേൽ മുണ്ടിട്ട്
ക്ലാസിൽ പോയാൽ മതിയെന്ന്
നാച്ചുറൽ സയൻസിൽ
'പി ജി' നേടിയ ടീച്ചർ

സദാചാരം 'ക്യാപ്സൂളാ'ക്കിക്കൊടുത്തിട്ടും
നാളെയുടെ വാഗ്ദാനങ്ങളുടെ
പടവലങ്ങാ വളർച്ചയിൽ മനം നൊന്ത്
ഡെസ്ക്കിൽ മുഖമമർത്തിക്കിടന്നു
സ്കൂളിലെ 'ഡിസിപ്ലിൻ ഹെഡ്' അറബിട്ടീച്ചർ

ഇതെല്ലം കണ്ടും കേട്ടും
നര വീണ പുരികം ചുളുക്കി
പുരാ വസ്തുവായ ചൂരലിനെ നോക്കി
'എച്ചെം' പിറു പിറുത്തു
കാലം കലികാലം
മായം മറിമായം..!|

ഹഫ് സ കല്ലുങ്കൽ(അധ്യാപിക)
എസ്.പി.ഡബ്യൂ.എച്ച്.എസ്.ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത