ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാടോടി വിജ്ഞാനകോശം
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് മഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. മഞ്ചേരി, നറുകര, പയ്യനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ചേരി നഗരസഭയ്ക്ക് 53.06 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് പുൽപ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണ്ടിക്കാട് പഞ്ചായത്തും, തെക്കുഭാഗത്ത് ആനക്കയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുൽപ്പറ്റ, പൂക്കോട്ടൂർ പഞ്ചായത്തുകളുമാണ് മഞ്ചേരി നഗരസഭയുടെ അതിരുകൾ . ഉയർന്ന കുന്നിൻ പ്രദേശങ്ങളും ചരിവുകളും സമതലങ്ങളും വയലുകളും ഉൾപ്പെട്ടതാണ് മഞ്ചേരി നഗരസഭാപ്രദേശം. എറാൾനാടാണ് ഏറനാട് ആയതെന്നും അതല്ലാ, ഏറെ നല്ല നാടാണ് ഏറനാട് ആയതെന്നും വ്യത്യസ്താഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. ഏറനാടിന്റെ ഹൃദയഭാഗമാണ് മഞ്ചേരി നഗരം. ബ്രിട്ടീഷ് ഭരണത്തിന്റെയും ജന്മി-നാടുവാഴിത്തത്തിന്റേയും കരാളഹസ്തങ്ങളിൽപ്പെട്ട് സഹികെട്ട മലബാറിലെ ജനത ഒറ്റക്കെട്ടായി നിന്ന് തിരിച്ചടിച്ച ചരിത്രപ്രസിദ്ധമായ 1921-ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രവും മഞ്ചേരിയായിരുന്നു. നഗരപ്രദേശത്തെ മുഖ്യകൃഷി നെല്ല്, തെങ്ങ്, റബർ , കവുങ്ങ്, കിഴങ്ങുവർഗ്ഗങ്ങൾ , വാഴ, പച്ചക്കറി, കുരുമുളക്, കശുവണ്ടി എന്നിവയാണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തോടെയാണ് ഇവിടുത്തെ പ്രദേശങ്ങളിൽ റബ്ബർ കൃഷി വർദ്ധിച്ച തോതിൽ ആരംഭിച്ചത്. 1978 ഏപ്രിൽ 1-ന് നിലവിൽ വന്ന മഞ്ചേരി നഗരസഭയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നത് 1982 സെപ്റ്റംബറിലായിരുന്നു. 28 വാർഡുകളാണ് അന്നുണ്ടായിരുന്നത്. എം.പി.എം.ഇസ്ഹാഖ് കുരിക്കളായിരുന്നു ആദ്യത്തെ നഗരസഭാ ചെയർമാൻ .
പൊതുവിവരങ്ങൾ
ജില്ല | മലപ്പുറം |
വിസ്തീർണ്ണം | 53.06 ച.കി.മി |
ജനസംഖ്യ | 53650 |
പുരുഷന്മാർ | 25903 |
സ്ത്രീകൾ | 27747 |
ജനസാന്ദ്രത | 1307 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
മൊത്തം സാക്ഷരത | 92.42 |