ഗവ. എച്ച്. എസ്. തച്ചങ്ങാട്/നാടോടി വിജ്ഞാനകോശം
ആമുഖം
ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.(കടപ്പാട്-സർവ്വവിജ്ഞാനകോശം വെബ്എഡിഷൻ)
കാസറഗോഡ് ജില്ല (കാസർകോട് ജില്ല )
കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ജില്ല. 1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ-കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് പള്ളിക്കര. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ വാർഡാണ് തച്ചങ്ങാട്.