സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും മനോഹരമായി ഒരുങ്ങി. സ്കൂൾ മാനേജർ റവ.ഫാദർ ബിനു പുളിക്കൽ അദ്ധ്യക്ഷനായുള്ള യോഗത്തിൽ ശ്രീ.റോഷിൻ മാത്യു (എച്ച്.എം.) സ്വാഗതം ആശംസിക്കുകയും, ശ്രീ. അലക്സ് തോമസ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘാടനം നടത്തുകയും ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നതിനും ക്ലാസ് റൂമുകൾ പരിചയപ്പെടുത്തുന്നതിനുമായി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഹെൽപ്പ് ഡസ്ക് സജീവമായിരുന്നു.സ്കൂളിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ രക്ഷിതാക്കൾക്കും കൂട്ടുകാർക്കുമൊപ്പം സെൽഫികൾ എടുത്തു. പ്രവേശനോത്സവ ചടങ്ങുകൾക്ക് കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . പുതിയ സ്കൂൾ അന്തരീക്ഷത്തിലേക്ക് കുട്ടികൾ സന്തോഷത്തോടെ പ്രവേശിച്ചു.
പരിസ്ഥിതി ദിനം
കണ്ണോത്ത് സൈന്റ് ആന്റണിസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിക്കു അനുയോജ്യമായ ജീവിത ശൈലി രൂപീകരണത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഹെഡ്മാസ്റ്റർ റോഷൻ മാത്യു വൃക്ഷ തൈ നട്ടു കൊണ്ട് ദിനചാരണം ഉദ്ഘാടനം ചെയ്തു.
പോസ്റ്റർ നിർമാണം ക്വിസ് മത്സരം വീഡിയോ പ്രദർശനം, പരിസര ശുചികരണം എന്നിവയും സംഘടിപ്പിച്ചു. ഡാലി ഫിലിപ്പ് ,രാജേഷ് മാത്യു ,രാജീവ് മാത്യു. അനുജ ജോസഫ്, വിദ്യാർത്ഥികളായ ശ്രീലക്ഷ്മി ബിനീഷ്, ആയിഷ ഹന്നത്ത് , ബേയ്‌സിൽ , ആൻറസാ അഭിലാഷ്, സന്മയ ബി.എസ് എന്നിവർ പ്രസംഗിച്ചു .
വായനദിനം
ജൂൺ 19 ന് സെൻ്റ്. ആൻ്റണീസ് ഹൈസ്കൂളിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് നാം വായനാദിനം ആചരിക്കുന്നത്. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികൾ ഈ ദിനത്തിൽ സംഘടിപ്പിച്ചു.
വായന ഒരു ശീലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂളിൻ്റെ പ്രധാനാധ്യാപകൻ ശ്രീ .റോഷൻ മാത്യു സാർ സംസാരിക്കുകയും, വിദ്യാർത്ഥികളെ വായനയുടെ അനന്തമായ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ഇത്തരം ദിനാചരണങ്ങൾ പ്രചോദനമാകുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്കായി വായനദിന സന്ദേശം നൽകി. തുടർന്ന് വായനദിന പ്രതിജ്ഞ, വായനദിന ഗാനം,പുസ്തകാസ്വാദനം, കവിതാ പാരായണം,പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പുസ്തക പരിചയം, രചനാ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുകയും വായനയുടെ ലോകത്തേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളെയും പുസ്തകലോകമാക്കി മാറ്റിക്കൊണ്ട് ക്ലാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടനം നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകർ വായനാദിന പരിപാടികൾക്ക് നേതൃത്വം നൽകി.
വായനയുടെ വെളിച്ചം ഓരോ മനസ്സിലും നിറയട്ടെ!
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
കണ്ണോത്ത്: അനുദിനം വർദ്ധിച്ചുവരുന്ന നേത്ര സംബന്ധമായ പ്രേശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സെന്റ് ആന്റണീസ് ഹൈസ്കൂളും ഈങ്ങാപ്പുഴ ഐ-ട്രസ്റ്റ് ഡിവൈൻ കണ്ണുശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ കാണുന്ന നേത്ര സംബന്ധമായ പ്രാഥമിക പ്രശ്നങ്ങൾ തിരിച്ചറിയുക, ചികിത്സ ആവശ്യമുള്ളവർക്ക് വിധക്ത ചികിത്സ ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഭാഗമായി കണ്ണിന്റെ ആരോഗ്യം സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പരിശോധനയിൽ സജീവമായി പങ്കെടുത്തു.
ക്യാമ്പ് വിജയകരമായി നടത്താൻ സഹകരിച്ച ഐ-ട്രസ്റ്റ് ഡിവൈൻ കണ്ണ് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും സ്കൂൾ ഹെൽത്ത് ക്ലബ് കൺവീനർ ശ്രീ.രാജേഷ് മാത്യു നന്ദി അറിയിച്ചു. പ്രധാനാധ്യാപകൻ ശ്രീ.റോഷിൻ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ലഹരി വിരുദ്ധ ദിനം
2025 ജൂൺ 26: ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി, കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർഥികൾ സമൂഹത്തിൽ ലഹരിക്കെതിരെ ശക്തമായ സന്ദേശമുയർത്തി. സ്‌കൂളിന് സമീപമുള്ള അങ്ങാടിയിൽ പോസ്റ്ററുകളും ബോധവൽക്കരണ 'സന്ദേശവുമായി, കുട്ടികൾ കടകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങി ലഹരിക്കെതിരായ പ്രതിരോധത്തിന്റെ മുഴക്കമുയർത്തി.
പൊതുജനങ്ങളിൽ ലഹരിയുടെ ഭീകരതയെ കുറിച്ച് ബോധവൽക്കരണം നടത്തി. “ലഹരി ഒരു ദുരന്തം ആകുന്നതിനു മുൻപേ നമുക്ക് അതിനെ തോൽപ്പിക്കാം” എന്ന സന്ദേശവുമായാണ് വിദ്യാർഥികൾ അങ്ങാടിയിലേക്കും പൊതു ഇടങ്ങളിലേക്കും ഇറങ്ങിയത്.
പുതുതലമുറയെ ലഹരിയുടെ പിടിയിലാക്കുന്ന അപകടത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തിയ ഈ പ്രവർത്തനം നാട്ടിലെ ജനങ്ങളും വ്യാപാരികളും സ്വാഗതം ചെയ്തു.. കടകളിൽ വിദ്യാർഥികൾ ലഹരിക്കെതിരെയുളള പോസ്റ്ററുകൾ ഒട്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞാ വാക്യങ്ങൾ പകർന്നു നൽകുകയും ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.റോഷിൻ മാത്യുവും മറ്റ് അധ്യാപകരും ലഹരി വിരുദ്ധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈ ദിനം വിദ്യാർത്ഥികളിലും പൊതു സമൂഹത്തിലും പുതിയൊരു സാമൂഹിക ബോധം സൃഷ്ടിക്കാൻ സഹായിച്ചു.
"ലഹരി വിരുദ്ധ ക്യാമ്പസ് ആരോഗ്യമുള്ള സമൂഹം" അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
ശാസ്ത്രാഭിരുചിക്ക് ചിറകുകൾ നൽകി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ.
24 September 2025:കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവർത്തിപരിചയ ഐ.ടി. മേള ഭംഗിയായി നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ റോഷൻ മാത്യു മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിലെ സ്റ്റാളുകളായി തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു.
അതേസമയം, സബ്‌ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് നാദിഷ് പി, ഗൗതം രാജേഷ്, ഹൈസ്കൂൾ വിഭാഗം ടാലന്റ് സെർച്ച് പേപ്പർ പ്രസന്റേഷൻ സബ്‌ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഇവലിൻ മരിയ ജയേഷ് എന്നിവരുടെ നേട്ടം സ്കൂളിന് അഭിമാനമായി.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും മികച്ച പ്രകടനവും മൂലം മേള ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററും അധ്യാപകരും പി.ടി.എയും നിർണായക പങ്കുവഹിച്ചു.