പ്രവേശനോത്സവം

2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു .നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ .സുധീർ സർ ഉദ്ഘാടനം ചെയ്തു .

എസ്. എം. സി ചെയർമാൻ ശ്രീ മഖ്ബൂൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ്‌ സഖാഫി, ഫൈസൽ എന്നിവർ  ആശംസകൾ അർപ്പിച്ചു.

കിന്നരി തൊപ്പിയും മധുരപലഹാരങ്ങളും പുത്തൻ ബാഗും സമ്മാനിച്ചു അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ സഹർഷം സ്വാഗതം ചെയ്തു.

പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു.

സാമൂഹിക രക്ഷാകർതൃത്തിന്റെ അനിവാര്യത രക്ഷകർത്താക്കളിൽ എത്തിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.

ലോകപരിസ്ഥിതി ദിനാഘോഷം

ഭാവി തലമുറയുടെ സുരക്ഷിതമായ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്ന ഈ നാളുകളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനായി ഭൂമി മാതാവിനെ കാത്തു സംരക്ഷിക്കേണ്ട ചുമതല കുരുന്നുകളിലും എത്തിക്കാൻ  ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.

എക്കോ ക്ലബ്ബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രകൃതിയുടെ പച്ചപ്പിനെ അനുസ്മരിപ്പിക്കുന്ന പച്ച വർണ്ണത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജും  ധരിച്ച് എത്തിയത് കണ്ണിന് കൗതുകമായിരുന്നു.

  എക്കോ ക്ലബ്ബിന്റെ ഔപചാരിക  ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

എക്കോ ക്ലബ് കൺവീനർ ശ്രീമതി പ്രീത മോൾ ടീച്ചർ ചൊല്ലിയ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.

ഏഴാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച " ഒരു തൈ നടാം" എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നവാനുഭവമായി.

വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടും ഔഷധസസ്യ തോട്ടത്തിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിഞ്ഞു.

പോസ്റ്റർ രചന  മത്സരം, പ്രശ്നോത്തരി, ഉപന്യാസ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

സ്കൂൾതലത്തിൽ ഉപന്യാസരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 സി - യിലെ ദിയ ഫാത്തിമ, സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച ഉപന്യാസരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ മികവിനുള്ള ഉദാഹരണമായി മാറി.