സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
കാഞ്ഞൂർ പള്ളി
പുതിയേടം ഭഗവതീ ക്ഷേത്രം
തിരുവൈരാണിക്കുളം ക്ഷേത്രം
ലിറ്റിൽഫ്ലവർ ഇംഗ്ലൂഷ് മീഡിയം സ്കൂൾ കാഞ്ഞൂർ

കാഞ്ഞൂർ ഗ്രാമം

ചരിത്ര പശ്ചാത്തലങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ.നെൽപാടശേഖരം കൊണ്ടും വിസ്തൃതമായ നദീതടങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ സുന്ദര ഗ്രാമം, അങ്ങനെ ഒരു വലിയ കാലഘട്ടത്തിന്റെ സ്മരണ ഉണർത്തി കാഞ്ഞൂർ എന്ന മനോഹര ഗ്രാമം സർവ്വ പ്രതാപങ്ങളോടെ വിരാജിക്കുന്നു.

ദൈവസാന്നിദ്ധ്യം നിറഞ്ഞ് നിൽക്കുന്ന ആലയങ്ങൾ

ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. 11 -ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ. ഹൈന്ദവ ആരാധനാലയങ്ങളായി പ്രത്യേക ക്ഷേത്രങ്ങളും കാവുകളും ഇന്നും ഇവിടെ നിലനിൽക്കുന്നു.നമ്പിള്ളി പന്തയ്കൽ ക്ഷേത്രത്തിലെ മഹാവിഷ്ണു പൂജയും , കലിതുള്ളയാടുന്ന വെട്ടിങ്ങക്കാവ് ഭദ്രകാളി ക്ഷേത്രവും , പുതിയേടം ശ്രീ.പാർവ്വതീ ദേവിയുടേയും ശ്രീകൃഷ്മന്റേയും ക്ഷേത്രവും , ചിറങ്ങര നരസിംഹ സ്വാമി ക്ഷേത്രവും , ഇവിടുത്തെ ഹൈന്ദവർക്ക് ആശ്വാസദീപമാണ്. കാഞ്ഞൂരിന്റെ തെക്കു വശത്ത് സ്ഥിതി ചെയ്യുന്ന പുതുതായി നിർമ്മിച്ച മുസ്ളിം പള്ളികളും കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദും ഇതിന്റെ ശാഖകളായ പഠനകേന്ദ്രവും തൈക്കാവുകളും മുസ്ലീമുകൾക്കു തണലായി ശോഭിക്കുന്നു. ഈ പള്ളികളുടെ നിർമ്മാണ രീതിയും ശിൽപചാരുതയും ആരേയും ആകർഷിക്കുന്നതാണ്. അഞ്ചു നേരവും പള്ളിയിൽ നിന്നുയരുന്ന നിസ്കാര ജപങ്ങൾ ഈ നാടിനെ ദൈവചൈതന്യത്തിലാഴ്തുന്നു.

കേട്ടുകേൾവി........ചരിത്രസത്യം.....

ഇനി കാഞ്ഞൂരിന്റെ ഐതിഹ്യ പശ്ചാത്തലങ്ങൾ ചികഞ്ഞു നോക്കാം. ക്രസ്തുവർഷത്തിലെ ആദ്യ അഞ്ച് നൂറ്റാണ്ടുകൾ തമിഴ് സാഹിത്യത്തിലെ സംഘകാലമെന്ന് അറിയപ്പെടുന്നു. അന്ന് കാഞ്ഞൂർ തമിഴ് നാടിന്റെ ഭാഗമായിരുന്നു അതിർത്തികൾ കൃത്യമായി നിർണയിക്കാൻ സാധിച്ചില്ലെങ്കിലും വേണാട്, കുട്ടനാട്, പൂഴിനാട്, കുടനാട്, കാർക്കനാട് എന്നിങ്ങനെ അഞ്ചായി കേരളത്തെ തിരിച്ചിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, എന്നീ ജില്ലകളും കാഞ്ഞൂർ, കാലടി, പെരുമ്പാവൂർ, എന്നീ പ്രദേശങ്ങളും കുട്ടനാടിന്റെ ഭാഗമായിരുന്നു. ജലസാന്നിദ്ധ്യം ഏറെ ഉള്ളതിനാൽ ഇതിനു കുട്ടനാട് എന്ന് പേരു വന്നു എന്നാണ് വിശ്വാസം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തെ പൊന്ന് വിളയിക്കുന്ന മണ്ണായി പരാമർശിക്കുന്നുണ്ട്. വിദേശികൾ കറുത്ത സ്വർണ്ണം എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് ധാരാളമായി വിളയുന്ന ഭൂമിയാണ് കാഞ്ഞൂരിന്റേതെന്നും ഇവിടെ നിന്നും ഇത് ധാരാളമായി കയറ്റുമതി ചെയ്തിരുന്നു എന്നും യൂറോപ്യൻ ചിത്രകാരനായ ഗുവേയുടെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു.

നന്നങ്ങാടികൾ............

കാഞ്ഞൂരിലെ മണ്ണിന്റെ ചരിത്രപ്പഴമയ്ക് ആക്കം കൂട്ടുന്ന ഒന്നാണ് നന്നങ്ങാടികളുടെ കണ്ടുപിടുത്തം. പണ്ടുകാലത്ത് മരിച്ചുപോയ പൂർവ്വികരെ അടക്കം ചെ‌യ്യുന്നതിനായി ഉപയോഗിച്ചിരുന്ന വലിയ മൺപാത്രങ്ങളുടെ രൂപസാദൃശ്യമുള്ള ഒന്നാണ് നന്നങ്ങാടികൾ. ഇവിടെ ചില പ്രദേശങ്ങളിലെ മണ്ണിൽ നിന്ന് ഇത് ധാരാളം കണ്ടെടുത്തിട്ടുണ്ട്. പുരരാവസ്തു ഗവേഷകരുടെ പഠനങ്ങൾക്ക് വിധേയമാവുകയാണ് കാഞ്ഞൂരിലെ മണ്ണ്.

സ്ഥാപനങ്ങളും പ്രവർത്തനങ്ങളും..........

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ്.മേരീസ് ഫൊറോന ദേവാലയത്തിനു കീഴിൽ ഉള്ള സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, സെന്റ്.മേരീസ് എൽ.പി. സ്കൂൾ, പെ​ൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച സെന്റ്.ജോസഫ്സ് കോ​ൺവെന്റ് ഗേൾസ് ഹൈസ്കൂൾ , യൂണിയൻ സ്കൂൾ , ലിറ്റിൽ ഫ്ലവർ ഇംഗ്ലീ‍ഷ് മീഡിയം സ്കൂൾ, നേഗിൾ ഭവൻ തുടങ്ങിയ ഒട്ടനേകം വിദ്യാലയങ്ങൾ ഇവിടുത്തെ മക്കൾക്ക് അക്ഷര വെളിച്ചം പകർന്ന് കൊടുക്കുന്നു .

ആതുരാലയങ്ങൾ

സെന്റ്.മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള വിമല ആശുപത്രിയാണ് ഇവിടുത്തെ പ്രധാന ആതുരാലയം. മികച്ച സാങ്കേതിക വിദ്യയും അർപ്പണ മനോഭാവവുമുള്ള ഒരു പിടി മനുഷ്യർ ചേർന്നപ്പോൾ ഈ ആതുരാലയം ജനങ്ങളുടെ ആവശ്യങ്ങളിലെ അവിഭാജ്യഘടകമായി മാറി. ആയുർവേദ, ഹോമിയോ ചികിത്സകൾ നൽകുന്ന സർക്കാർ ആതുരാലയങ്ങളും ജനങ്ങളുടെ ആശ്വാസമാണ്.

കാർഷികരംഗം.....

ജൈവസമ്പത്തിനാൽ സമൃദ്ധമാണ് കാഞ്ഞൂർ. പെരിയാറിന്റെ സാന്നിദ്ധ്യം ഈ നാടിന് സമൃദ്ധമായ കാർഷികവിള നൽകുന്നതിന് സഹായകമാകുന്നു.കുരുമുളക് ഇവിടെ സമൃദ്ധമായി വിളയുന്നു. കൂടാതെ കപ്പ, നെല്ല്, വാഴ, ജാതി തുടങ്ങിയവയും ഇവിടെ സമൃദ്ധമായി വിളയുന്നു.