സഹായം:കീഴ്‌വഴക്കം

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍ സ്കൂള്‍വിക്കിയിലെ ലേഖനങ്ങള്‍ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂള്‍വിക്കിയിലേക്ക് ലേഖനങ്ങള്‍ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു ഇവിടെ പരാമര്‍ശിക്കുന്നത്. സ്കൂള്‍വിക്കി ഉപയോഗം സുഗമമാക്കുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു.

ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.

ചുരുക്കെഴുത്ത്

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തില്‍ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.

ഉദാഹരണം: 
ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ / എസ്.കെ. പൊറ്റെക്കാട്ട് / എന്‍.സി.സി. /ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

സ്കൂള്‍ താളുകള്‍

പൊതുവായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്.

സംവാദ താളുകള്‍

സ്കൂള്‍വിക്കിയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍.

ലേഖനങ്ങളുടെ സംവാദതാള്‍

സ്കൂള്‍വിക്കിയിലെ, മറ്റൊരാള്‍ തയ്യാറാക്കിയ ലേഖനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍, ആ ലേഖനത്തില്‍ പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്. അഭിപ്രായ സമന്വയത്തിനു ശേഷം യഥാര്‍ത്ഥ ലേഖകന്‍ തന്നെ മാറ്റം വരുത്തുന്നതല്ലേ ശരി.

ഉപയോക്താക്കളുടെ സംവാദ താള്‍

സ്കൂള്‍വിക്കിയിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാനുള്ള വേദിയാണിത്. എന്നാല്‍ ഇതു സ്വകാര്യ സല്ലാപങ്ങള്‍ക്കുള്ള വേദിയാക്കരുത്. സ്കൂള്‍വിക്കിയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധര്‍മ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.

പൊതുവായ നിര്‍ദ്ദേശങ്ങള്‍

  • സംവാദ താളുകളില്‍(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ നിര്‍ബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ അതിനുള്ള മറുപടി നല്‍കുവാന്‍ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
  • സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്. ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ സ്കൂള്‍വിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്.

ഒപ്പുകള്‍

സ്കൂള്‍വിക്കിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേഖകര്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

ചില്ലക്ഷരം

മലയാളം എഴുതുന്നത് നിര്‍ദ്ദിഷ്ട യൂണികോഡ് എന്‍‌കോഡിങ്ങില്‍ മാത്രം ചെയ്യുക. ചില്ലക്ഷരങ്ങള്‍ കൃത്യമായി തെളിയാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ സെറ്റപ്പ്, ലഭ്യമായ ഫോണ്ടുകള്‍ എന്നിവ പരിശോധിച്ച് അവ മികച്ചതെന്നു് ഉറപ്പുവരുത്തുക. യാതൊരു കാരണവശാലും ൪ ൯ എന്നീ അക്കങ്ങള്‍ ഇവയോട് രൂപസാദൃശ്യമുള്ള ര്‍ ന്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാതിരിക്കുക.

ലിപ്യന്തരീകരണം

സ്കൂള്‍വിക്കിയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. സ്കൂള്‍വിക്കി ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക.

ഉദാഹരണം:
മണിപ്രവാളം ലേഖനത്തില്‍ ഇപ്രകാരം: (ലിപ്യന്തരീകരണം: maNipravaaLam)
ലിനക്സ് എന്ന ലേഖനത്തില്‍ ഇപ്രകാരം, ഇവിടെ ലിപ്യന്തരീകരണത്തിനു് പ്രസക്തിയില്ല: (ആംഗലേയം: Linux)

ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.

"https://schoolwiki.in/index.php?title=സഹായം:കീഴ്‌വഴക്കം&oldid=23278" എന്ന താളിൽനിന്ന് ശേഖരിച്ചത്