ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിഴിഞ്ഞം ഹാർബർ  ഏരിയ

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ് വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ അറുപത്തിമൂന്നാം വാർഡിലാണ് ഈ പ്രദേശം.തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തും ,ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് കേവലം 550 മീറ്റർ അകലത്തിലുമാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .

ഭൂഘടന

കേരള സംസ്ഥാന രൂപീകരണ ശേഷം 2010 വരെ ഹാർബർ ഏരിയ വിഴിഞ്ഞം ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അത് തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് നമ്പർ 63 ആയി മാറി. നിലവിൽ ഏകദേശം കാൽലക്ഷത്തിലധികം ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം പട്ടാണികോളനി ,മതിപ്പുറം ,മൈലാഞ്ചി കല്ല് ,താഴെവീട്ടുവിളാകം ,മേലെ വിളാകം ,വലിയപറമ്പ് ,കപ്പച്ചാല ,ചെറുമണൽ ,വലിയവിളമുസ്ലിം കോളനി ,ടൗൺഷിപ്പ് ,വടുവച്ചാൽ ,ചെമ്പവിളാകം ,റംസാൻകുളം എന്നിങ്ങനെയുള്ള ചെറു പ്രദേശങ്ങളുടെ സംഗമ ഭൂമിയാണ്.

ചരിത്രം

വിഴിഞ്ഞം ഹാർബർ ഏരിയ ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ  അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം .  പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട്  യുദ്ധങ്ങൾക്ക് കാരണമായിട്ടുള്ള പ്രദേശംകൂടിയാണ് വിഴിഞ്ഞം ഹാർബർ ഏരിയ.പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന ഒരു സ്ഥലംകൂടിയാണ്‌ വിഴിഞ്ഞം.

അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , ലോകശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ഔദ്യോകിക പോർട്ടിനും ഇടയിൽ ,മത്സ്യത്തൊഴിലാളികളും നിരക്ഷരരുമായ  ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ചരിത്രംശേഖരിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള പ്രവർത്തനമായിരുന്നു .

സവിശേഷതകൾ

വിഴിഞ്ഞം, ബീമാപള്ളി,പെരുമാൾതുറ, പൂവാർ എന്നിങ്ങനെ വ്യത്യസ്ത മഹല്ലുകളിൽ നിന്നുള്ള വൈവാഹിക ബന്ധങ്ങളും കുടുംബങ്ങളുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. വിവാഹ ബന്ധങ്ങളിൽ അധികവും ഈ പ്രദേശങ്ങളിലെ കുടുംബങ്ങൾ തമ്മിലുള്ളവയാണ്. അളിവീട് ,ലബ്ബ കുടുംബം, തുടങ്ങിയവ ഈ പ്രദേശത്തെ  പൗരാണിക കുടുംബങ്ങളിൽ ഉൾപ്പെടുന്നു .

1.സാമൂഹികവും സാംസ്കാരികവും

ഇസ്ലാം മത വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. തെക്കുംഭാഗം മുസ്ലിം ജമാഅത്തിന്റെ ഭാഗമായി ഏകദേശം ആറായിരത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.മലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതിയാണ്,പരസ്പരമുളള വിനിമയ ഭാഷയായി ഇവിടുത്തുകാർ ഉപയോഗിക്കുന്നത്.കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്.

2.സാമ്പത്തികം

ദിവസവും കടലിൽ പോയി മത്സ്യബന്ധനത്തിലൂടെ നിത്യവരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴുപട്ടിണിയിൽ കഴിയാനും ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ.1920-കളിൽ തന്നെ സിംഗപ്പൂർ പോലുള്ള വിദേശ നാടുകളിലേക്ക് ചില കുടുംബങ്ങളിൽ നിന്ന് ആളുകൾ ജോലി ആവശ്യാർത്ഥം പോയിട്ടുണ്ടെങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതുതലമുറയിലെ ആൺ കുട്ടികൾ 18 വയസ്സ് പൂർത്തിയാകുന്നതോടുകൂടി എന്തെങ്കിലുമൊക്കെ ഒരു ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ അൽപ്പം ആളുകൾ സീഫുഡ് വിതരണത്തിനായി ഹോട്ടലുകൾ തുറമുഖത്ത് ആരംഭിച്ചത് തുറമുഖത്തിന്റെ മുഖച്ഛായതന്നെ മാറ്റിയിട്ടുണ്ട് .കേവലം വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇത്രയും കാലത്തിനിടയിൽ ഇവരിൽ നിന്നും സർക്കാർ സർവീസുകളിൽ പ്രവേശിച്ചിട്ടുള്ളത്

പുരോഗതികൾ

1.വിദ്യാഭ്യാസരംഗം

ഹാർബർ എൽ. പി. സ്കൂൾ മാത്രം ആശ്രയിച്ചു കഴിയുന്നവരായതിനാൽ പ്രൈമറി പഠനത്തിനു ശേഷം തുടർ വിദ്യാഭ്യാസം സാധ്യമാകാതെ വരുന്നു. ഹാർബർ ഏരിയയിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള എയ്ഡഡ് യു.പി. സ്കൂളാണ് ഉപരിപഠനത്തിനായി ആശ്രയിക്കുന്നത്. അതിനാൽ തന്നെ സാമ്പത്തികമായ പല ബാധ്യതകൾ കാരണവും പലപ്പോഴും എൽ.പി. സ്കൂളിന് മുകളിലേക്ക് പെൺകുട്ടികൾ പഠിക്കാതെ പോകുന്നത് വേദനയുളവാക്കുന്ന കാര്യമാണ്.ആൺകുട്ടികൾ അൽപ്പകാലം പഠനം നടത്തി പിന്നീട് മത്സ്യബന്ധനത്തിനോ, അനുബന്ധമായ എന്തെങ്കിലും കൂലി തൊഴിലുകൾക്കായോ ഇറങ്ങുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രീഡിഗ്രി / സെക്കന്ററി/ ബിരുദധാരികൾ ഇവിടെ ഇല്ല. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതിയ തലമുറ അല്പം പഠനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആശാവഹകമായ ഒരു കാര്യമാണ് .സാമൂഹികവും സാംസ്കാരികവുമായ പലവിധത്തിലുള്ള കാരണങ്ങൾ കൊണ്ടും സെക്കൻഡറി വിദ്യഭ്യാസത്തിനു മുകളിലേക്ക് പെൺകുട്ടികളിൽ അഞ്ചു ശതമാനം പോലും ഇപ്പോഴും എത്തിപ്പെടുന്നില്ല എന്നത് ഞെട്ടലോടെ മാത്രം കേൾക്കാൻ കഴിയുന്ന കാര്യമാണ് .

2. ആരോഗ്യരംഗം

പ്രാഥമിക ആരോഗ്യ കേന്ദ്രം
പ്രമാണം:44223 anganavadi.jpg
അംഗൻവാടി


ആരോഗ്യരംഗത്ത് 2020 - ൽ ഇവിടെ സ്ഥാപിതമായ പ്രാഥമിക ആരോഗ്യ കേന്ദ്രം അല്ലാതെ മറ്റൊരു ആശ്രയവും ഇവിടുത്തെ കാർക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇല്ലായിരുന്നു  എന്നുള്ളത് ഒരു വസ്തുതയാണ്. ഒമ്പതോളം അംഗനവാടികൾ ഈ വാർഡിന് അകത്തും തൊട്ടടുത്ത വാർഡിലുമായി ഈ പരിസരങ്ങളിൽ ഉണ്ട്. അവയിലൂടെ പോഷകാഹാരങ്ങൾ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ളത് നൽകിക്കൊണ്ടിരിക്കുന്നു.

അനുഭവ കുറിപ്പുകൾ

മൂന്നര പതിറ്റാണ്ടു കാലത്തെ അദ്ധ്യാപന പരിചയമുള്ള വി .രാജാമണി സാർ വിഴിഞ്ഞം ഹാർബർ ഏരിയയെ കുറിച്ചും ഹാർബർ സ്കൂളിനെ കുറിച്ചും പറഞ്ഞതിൽ നിന്നും .....


കെ നാണു കുട്ടൻ നായർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഞാൻ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ എത്തിച്ചേരുന്നത് .1979 മുതൽ 81 വരെയുള്ള രണ്ടുവർഷക്കാലം ഇവിടെ ജോലി ചെയ്തു .ഇവിടുത്തെ അന്നത്തെ അവസ്ഥ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തായിരുന്നു . ഓലകൾ കൊണ്ടുമേഞ്ഞ രണ്ടു കെട്ടിടങ്ങൾ ,പേരിനു പോലും ഒരു ശുചിമുറി ഇല്ല. അധ്യാപകർ പോലും മറച്ചുവെച്ച് ഒരുഭാഗത്ത് ഇരുന്നായിരുന്നു കാര്യങ്ങൾ സാധിച്ചിരുന്നത്.ഓല ഷെഡിലായിരുന്നു ഓഫീസ് റൂം ,പാതി മറച്ച കെട്ടിടമായിരുന്നു ഓലഷെഡുകൾ.

1982 - ൽ മാത്രമാണ് കെട്ടിടം വന്നത് .1982 ൽ പുതിയ ഇരുനില കെട്ടിടം വരുന്നതിലും ഈ സ്കൂളിനെ സർക്കാർ സ്കൂളായി പരിവർത്തിപ്പിക്കുന്നതിലും ഈയ്യടുത്ത കാലത്ത് മരണപ്പെട്ട തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഭാരവാഹികളായ റേഷൻകടക്കാരൻ ഷംഊൻ സാഹിബിനും , ഹുസൈനാർ പിള്ളക്കും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ കണ്ണിനും,വലിയ പങ്കുണ്ട്. സി. എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പു മന്ത്രിയും, മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ ഈ കാര്യങ്ങൾ നടന്നിട്ടുള്ളത്. വേണമെങ്കിൽ ജമാഅത്തിന് കീഴിലുള്ള ഒരു അർദ്ധസർക്കാർ സ്ഥാപനമാക്കി മാറ്റാൻ സാധിക്കുമായിരുന്നുവെങ്കിലും അത് ചെയ്യാതെ സർക്കാർ തലത്തിലേക്ക് ഈ സ്ഥാപനത്തെ വിട്ടുനൽകിയത് മത്സ്യത്തൊഴിലാളികളുടെ  വിശാല മനസ്സിനെയാണ് കുറിക്കുന്നത്.എല്ലാ വീടുകളിലെയും പെൺകുട്ടികൾ പഠനത്തിനു തയ്യാറായത് ഇവിടെ ഈ സ്കൂൾ വന്നതിനുശേഷമാണ്. കാട്ടു പള്ളിക്കൂടം എന്ന് നാട്ടുകാർ ഇതിനെ വിശേഷിപ്പിക്കാനുള്ള കാരണം, ഈ പ്രദേശം കാട് മൂടി കിടന്നതു മൂലം,ശൗച്യാലയങ്ങൾ ഇല്ലാത്ത കാലത്ത് മലമൂത്ര വിസർജന സ്ഥലമായി അവർ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് .

പ്രൈമറി വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പലപ്പോഴും ഇവർ പഠിക്കാൻ തയ്യാറാവാത്തത് കാരണം 1990 -  91 കാലയളവുകളിൽ സാക്ഷരതാ മിഷന്റെ പ്രവർത്തനവുമായി ഞാനിവിടെ എത്തിയിട്ടുണ്ട് .പലപ്പോഴും സാക്ഷരതാ മിഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായിരുന്നു ഇവിടുത്തെ ആളുകളുടെ രീതി.എന്നാൽ അധ്യാപകൻ എന്ന നിലക്ക് മുൻപരിചയം ഉള്ളതുകൊണ്ട് എല്ലാ വീടുകളിലും എന്നെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ മഹാഭൂരിപക്ഷവും തയ്യാറാവുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ നടത്താറുണ്ടെങ്കിലും,അധ്യാപകരോട് വളരെ മാന്യമായിട്ട് മാത്രമാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് എന്നുള്ളതാണ് എൻറെ അനുഭവം .

വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിൽ അധ്യാപനം നടത്തിയാൽ അവരിൽ നിന്നും അധ്യാപകർക്ക് ലഭിക്കുന്ന ആദരവ് പലപ്പോഴും സിവിൽ സർവീസ് പാസായ ആളുകളിൽ നിന്നും പോലും ലഭിച്ചു കാണുന്നില്ല  എന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. നാലുപതിറ്റാണ്ടുകൾക്ക് ശേഷവും എവിടെ വെച്ച് കണ്ടാലും ഇവിടുത്തുകാർ അധ്യാപകനെന്ന നിലയിൽ എല്ലാവിധ ആദരവും ബഹുമാനവും നൽകിയത് മനസ്സിൽ മായാതെ കിടക്കുകയാണ്.പുരുഷന്മാർ മത്സ്യബന്ധനത്തിൽ പോകുന്നതിനാൽ പുറം ലോകവുമായി അധികം ഇടപഴകലുകൾ ഒന്നും ഇല്ല.അതിനാൽ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒരാളും സ്കൂളിൽ വരാറില്ല .മറിച്ച് ചില അമ്മമാർ മാത്രമാണ് മക്കളുടെ കാര്യവുമായി ബന്ധപ്പെടുന്നതും അന്വേഷിക്കുന്നതും എന്നത് ഇവിടുത്തെ ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

ഒരു പ്രത്യേക മതവിഭാഗം മാത്രം ഈ പ്രദേശത്ത് തിങ്ങി പാർക്കാനുള്ള കാരണം , പലപ്പോഴും വ്യത്യസ്ത മത വിശ്വാസികൾക്കിടയിൽ പരസ്പരമുള്ള സംഘർഷങ്ങളും അകൽച്ചകളും ഇവിടെ ഒരു കാലഘട്ടത്തിൽ പതിവായിരുന്നു .ഇന്നീ കാണുന്ന രൂപത്തിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും മാറിയത് കേവലം ഒരു പത്തുവർഷത്തിനുള്ളിൽ മാത്രമാണ്. ഒരു കാലത്ത് ഒന്നിനുമേൽ ഒന്നു എന്ന നിലയിലുള്ള ചെറ്റ കുടിലുകളിൽ മാത്രമായിരുന്നു ഇവരുടെ താമസവും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിരുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മൂന്നര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിൽ ഞാൻ വീണ്ടും അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നഒരു വിദ്യാലയം ഇതാണ് .അത് ഇവിടുത്തുകാരുടെ അധ്യാപകരോടുള്ള പെരുമാറ്റവും,പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ വിദ്യാർത്ഥികൾ നമ്മെ ആദരിക്കുന്നത് കണ്ടത് കൊണ്ടുമാണ്.

അവലംബം

1. വിക്കിപീഡിയ

2. വി.രാജമണിസാറുമായുള്ള അഭിമുഖം

3.കോർപ്പറേഷൻ കൗൺസിലർ നിസാമുദ്ദീൻ , മുൻ കൗൺസിലർ നിസ്സാ ബീവി, എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ വാഹിദ് ,സ്കൂളിൽ ദിവസവേതനാ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അറബിക് അധ്യാപകൻ അൻവർ ഷാൻ വാഫി തുടങ്ങിയവരാണ് വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചത്.

ഈ വിഷയത്തിൽ തുടക്കംമുതൽ കൂടെ നിന്നഹെഡ് മാസ്റ്റർബൈജു സാറിനും സ്റ്റാഫ് സെക്രട്ടറി ജോലാലിനും ഹൃദ്യമായ നന്ദി.

തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും

ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി