ഇരിങ്ങൽ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് ഇരിങ്ങൽ. പറങ്കികളോട് പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി കുഞ്ഞാലിമരക്കാർ നാലാമന്റെ ജന്മസ്ഥലമാണ് ഇരിങ്ങൽ.

ജനസംഖ്യ

2011ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യ : 25894

പുരുഷന്മാർ : 12139

സ്ത്രീകൾ :  13755

കുഞ്ഞാലി മരക്കാറും കോട്ടയും

സാമൂതിരിയുടെ അനുമതിയോടെ 1571 ൽ വടകരയ്‌ക്കടുത്തുള്ള ഇരിങ്ങലിൽ കോട്ട കെട്ടാൻ കുഞ്ഞാലി മൂന്നാമൻ തീരുമാനിച്ചു. കോട്ട കെട്ടാനുള്ള ചെലവുകൾ സാമൂതിരി വഹിച്ചു കല്ലും മണ്ണും കുമ്മായവും ഉപയോഗിച്ചായിരുന്നു കോട്ടകെട്ടിയത്. ഇതിനാവശ്യമായ വസ്തുക്കൾ പുഴ മാർഗം എത്തിച്ചു. കരഭാഗത്ത് ആഴമുള്ള കിടങ്ങുകൾ കുഴിച്ചു അതിനുശേഷം ഏഴടി ഘനമുള്ള പാതാറുകൾ കെട്ടി. പുഴയും കടലും ഒന്നിക്കുന്ന ഭാഗത്ത് കോട്ടമതിലും കെട്ടി. ഗോപുരങ്ങളുടെ മുകളിൽ പീരങ്കി ഉയർത്തിവച്ചു. മരക്കാർ കോട്ട സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി പിറാൾഡ് ഡി ലാവൽ പറഞ്ഞത് "മരക്കാരുടെ കോട്ട" നവീന മാതൃകയിൽ ഉള്ളതാണ് എന്നാണ്. ശുദ്ധജല വിതരണ ഏർപ്പാടുകൾ കോട്ടയിൽ ഉണ്ടായിരുന്നു.

നദീ തീരത്തും ചെറിയ രണ്ട് കോട്ടകൾ പണിതു. കോട്ടയുടെ ചുവരുകളിൽ കുഞ്ഞാലി മരക്കാരുടെ കടൽ പോരാട്ടങ്ങളുടെയും കുഞ്ഞാലി പിടിച്ചെടുത്ത പറങ്കി കപ്പലുകളുടെയും ചുമർചിത്രങ്ങൾ കാണാമായിരുന്നു. കുഞ്ഞാലി ഉയർത്തിയ കോട്ട പോർച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. കുഞ്ഞാലി മൂന്നാമനെ തകർക്കാൻ 36 കപ്പലുകളോടുകൂടി എത്തിയ വൈസ്രോയി മിറാൻഡയുടെ നാവികപ്പടയെ കുഞ്ഞാലി മൂന്നാമൻ ശക്തമായി നേരിട്ടു.  കുഞ്ഞാലി മിരാൻഡയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പക്ഷെ നിരായുധനായ മിരാൻഡയെ കുഞ്ഞാലി മൂന്നാമൻ വധിച്ചില്ല. യുദ്ധവിജയം ആഘോഷിക്കാൻ നാട്ടുകാർ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലേക്ക് കപ്പിൽ ഇറങ്ങി വരുമ്പോൾ ഉണ്ടായ വീഴ്ച ധീരനായ ആ നാവിക തലവന്റെ മരണകാരണമായി.


1595ൽ മുഹമ്മദ് മരക്കാർ (കുഞ്ഞാലി മരക്കാർ നാലാമൻ) കോട്ടക്കൽ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. സാമൂതിരി പോർച്ചുഗീസ് ശക്തിയുമായി സൗഹൃദം ഉറപ്പിക്കുന്നതിനോട് കുഞ്ഞാലി നാലാമൻ വിയോജിച്ചു. പോർച്ചുഗീസ് അധികാരികൾ സാമൂതിരിയെയും കുഞ്ഞാലി നാലാമനെയും തമ്മിലകറ്റാൻ പല തന്ത്രങ്ങളും പ്രയോഗിച്ചു. കുഞ്ഞാലിയുടെ ധീരസാഹസിക കൃത്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പോർച്ചുഗീസുകാർക്ക് അനുകൂലമായ നിലപാടെടുക്കാൻ രാജസേവകരും സാമൂതിരിയെ നിർബന്ധിച്ചു. പോർച്ചുഗീസുകാരുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ കുഞ്ഞാലി നാലാമൻ സാമൂതിരിയോട് അവരുടെ ചതിയിൽ കുടുങ്ങി പോകരുതേയെന്ന് അപേക്ഷിച്ചിരുന്നു. കുഞ്ഞാലിയുമായി പിണങ്ങിയ സാമൂതിരി 1597ൽ പോർച്ചുഗീസുകാരുമായി ഒരു കരാർ ഉണ്ടാക്കി. 1599 പോർച്ചുഗീസുകാരും സാമൂതിരിയും ഒരു വലിയ സൈന്യത്തെ ഒരുക്കി കുഞ്ഞാലി നാലാമനെതിരെ യുദ്ധം ചെയ്തു. പോർച്ചുഗീസ് സൈനിക ഉദ്യോഗസ്ഥർ സൈന്യസമീതം കോട്ടക്കൽ കോട്ടയുടെ സമീപത്തെത്തി. അവരെ സഹായിക്കാൻ സാമൂതിരിയുടെ സൈന്യവും ഉണ്ടായിരുന്നു. കുഞ്ഞാലി നാലാമൻ ഈ ആക്രമണത്തെ ധീരമായി നേരിട്ടു.


1600 മാർച്ച്‌ 7 ന് പോർച്ചുഗീസ് - സാമൂതിരി സംയുക്ത സൈന്യം മരക്കാർ കോട്ട വളഞ്ഞു. തന്റെ രാജാവായ സാമൂതിരിക്ക് ഉടവാൾ അടിയറ വയ്ക്കാം എന്നും തന്റെ ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയാൽ മതിയെന്നുമുള്ള കുഞ്ഞാലി നാലാമന്റെ അപേക്ഷ അംഗീകരിക്കാനും രേഖാമൂലം ഇക്കാര്യം സമ്മതിക്കാനും സാമൂതിരി തയ്യാറായി. സാമൂതിരിയുടെ മുമ്പിൽ വാൾ സമർപ്പിച്ച് വിനയപൂർവ്വം കുഞ്ഞാലി നാലാമൻ കൈകൂപ്പി. ഉടനെ തന്ത്രശാലിയായ പോർച്ചുഗീസ് തലവൻ ഫുർഡാറ്റോ ഓടിയെത്തി കുഞ്ഞാലിയെ തട്ടിക്കൊണ്ടു പോകാൻ ഒരുങ്ങി. ഈ ചതി സഹിക്കാൻ ആവാതെ സാമൂതിരിയുടെ നായർ പട സൈന്യാധിപന്റെ മേൽ ചാടിവീണ് തങ്ങളുടെ പ്രിയപ്പെട്ട മരക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിരായുധനായ കുഞ്ഞാലി നാലാമന് തന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നും ചെയ്യാനായില്ല.ഫുർഡാറ്റോയുടെ സൈന്യം കോട്ടക്കൽ കോട്ട ഇടിച്ചു നിരത്തി. കോട്ട കൊള്ളയടിച്ച് കിട്ടിയ ധനവുമായി ഫുർഡാറ്റോ ഗോവയിലേക്ക് പുറപ്പെട്ടു. ബന്ധനസ്ഥനായി തടവറയിൽ അടയ്ക്കപ്പെട്ടിട്ടും ധീരനായ കുഞ്ഞാലി നാലാമൻ തളർന്നില്ല. വിചാരണ പ്രഹസനത്തിനുശേഷം കുഞ്ഞാലി നാലാമനെയും കൂട്ടരെയും തൂക്കിലേറ്റി. കുഞ്ഞാലി നാലാം എന്റെ തല അറുത്തെടുത്ത് ഉപ്പിലിട്ടു. ഉടൽ കഷ്ണങ്ങളാക്കി വെട്ടി നുറുക്കി പലസ്ഥലങ്ങളിലായി പ്രദർശിപ്പിച്ചു.തല ഉണക്കി കണ്ണൂരിൽ എത്തിച്ച് മുളങ്കാലിൽ കുത്തിനിർത്തി പ്രദർശിപ്പിച്ചു. കുഞ്ഞാലി മരക്കാർ നാലാമന്റെ വദത്തോടെ കോഴിക്കോടിന്റെ ശക്തമായ നാവിക പാരമ്പര്യം അവസാനിച്ചു. അനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കോട്ടയുടെ ശേഷിപ്പുകൾ അവിടങ്ങളിൽ ചിതറിക്കിടക്കുന്നു.

മുൻഗാമിയാൽ അധികാര ചെങ്കോൽ കൈമാറപ്പെട്ടു, സ്വന്തം രാജാവിനാൽ ചതിക്കപ്പെട്ടു വീരമൃതുവിനിരയായ മുഹമ്മദ് അലി മരക്കാർ മറ്റു കുഞ്ഞാലിമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

കുഞ്ഞാലിമരക്കാർ മ്യൂസിയം

കുഞ്ഞാലിയെ പറങ്കികളുടെ കൈകളിൽ ഏൽപ്പിച്ചു കൊടുത്ത പൂർവികരുടെ നന്ദികേടിൽ ദുഖിച്ച സാമൂതിരി, കുഞ്ഞാലി കുടുംബവുമായി പഴയകാല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിച്ചു. കുഞ്ഞാലി നാലാമൻ താവഴി കുഞ്ഞിക്കാലന്തന് മരക്കാർ പട്ടം നൽകാൻ സാമൂതിരി തീരുമാനിച്ചു. കുഞ്ഞാലി മരക്കാർ പട്ടം സ്വീകരിച്ച കുഞ്ഞി കലന്ദനും കുടുംബവും കോട്ടക്കലിലേക്ക് തിരിച്ചുവന്നു. കുഞ്ഞാലി മരക്കാരുടെ വീട് ഉണ്ടായിരുന്ന സ്ഥലത്ത് മാളിക കെട്ടി. രണ്ട് നിലകളുള്ള വീടിനു മുകളിൽ 14 അറകളും താഴെ നടുവത്ത് കളരിയും പടമേശയും ഉണ്ടായിരുന്നു. പിന്നീട് വന്ന മരക്കാർ താവഴിക്ക് വീട് നിലനിർത്താൻ കഴിഞ്ഞില്ല. വീടിന്റെ പല ഭാഗങ്ങളും തകർന്നു. സാമ്പത്തിക ബാധ്യത കാരണം പക്രൻ മരക്കാർ അനന്തിരവൻ മമ്മദ് മരക്കാർക്ക് വീട് കൈമാറി. പിന്നീട് മൂന്നു മുറികളും അകത്തളവും മാത്രമുള്ള ഈ വീട് കേരള സർക്കാർ ഏറ്റെടുത്തു. 1976 ഓഗസ്റ്റ് 25ന് ഈ ഭവനം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. "എതിർത്തു തോൽപ്പിക്കാൻ പറ്റാത്ത വ്യാഘ്രം" എന്ന് പോർച്ചുഗീസ് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഈ ചരിത്ര സ്മാരകം ഇരിങ്ങൽ കോട്ടക്കലിൽ സംസ്ഥാന പുരാവസ്തു വകുപ്പ് പരിപാലിച്ചു വരുന്നു. കുഞ്ഞാലിമരക്കാരുടെ പോരാട്ടങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം 2004 ലാണ് കോട്ടക്കലിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത്.  കുഞ്ഞാലി മരക്കാർ സ്മാരക പരിസരത്ത് നിന്ന് ലഭിച്ച വിവിധതരം വാളുകൾ, വെട്ടുകത്തികൾ, പീരങ്കി ഉണ്ടകൾ, കൈത്തോക്കിന്റെ ഉണ്ട, കോഴിക്കോട്ടെ വീരരായർ വെള്ളിനാണയങ്ങൾ, കൊച്ചിയിൽ നിന്നുള്ള പോർച്ചുഗീസ് - ഇന്ത്യ എന്നാണ് തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് സഞ്ചാരിയായ പൈറാൾ  1610ൽ വരച്ച കുഞ്ഞാലിമരക്കാർ കോട്ടയുടെ രൂപരേഖയും കോട്ടയുടെ മാതൃകയും മ്യൂസിയത്തിന്റെ മറ്റൊരു അലങ്കാരമാണ്.