എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്/2023-24
പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
ലോക പരിസ്ഥിതി ദിനം
കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.
പരിസ്ഥിതി ക്ലബ് അംഗങ്ങൾക്കായുള്ള പ്രകൃതി പഠന ക്യാമ്പ്
പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി 26/9/2023 ലോക പ്രശസ്ത പക്ഷി നിരീക്ഷണ സങ്കേതത്തിലേക്ക് ഒരു പ്രകൃതിപഠന ക്യാമ്പ് പോവുകയുണ്ടായി. ഡോ. സലിം അലി എന്ന ലോകപ്രശസ്ത പക്ഷി നിരീക്ഷകന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ആണിത്. തട്ടേക്കാട് പക്ഷി സങ്കേതം പക്ഷിപ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന ഇടമാണ്. പെരിയാറിന്റെ തീരത്താണ് 25 ചതുരശ്ര കിലോമീറ്റർ ഉള്ള ഈ വന്യജീവി സങ്കേതം.ഈ വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുമ്പോൾ സമൃദ്ധമായ പച്ചപ്പും ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ശാന്തമായ ശബ്ദങ്ങളും നമ്മെ സ്വാഗതം ചെയ്യും.ക്യാമ്പിന്റെ ആദ്യ ദിനം അവിടത്തെ വിവിധ തരം പക്ഷികളെ പറ്റിയുള്ള ക്ലാസുകൾ ആയിരുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ ട്രക്കിംഗ് ആരംഭിച്ചു. ശാന്തമായ കാനനത്തിലൂടെയുള്ള യാത്ര കുട്ടികൾക്ക് വളരെ മാനസികൊന്മേഷം പകരുന്നതായിരുന്നു. വിവിധ ഇനം പക്ഷിമൃഗാദികളെ അവിടെ കുട്ടികൾക്ക് കാണാൻ സാധിച്ചു. ഒരുപാട് ഔഷധസസ്യങ്ങളും മരങ്ങളും കണ്ട് മനസ്സിലാക്കാൻ സാധിച്ചു. ട്രക്കിങ്ങിനു ശേഷം ബട്ടർഫ്ലൈ പാർക്കിലാണ് പോയത് അവിടെ വിവിധതരം ചിത്രശലഭങ്ങളെ കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പിന്നീട് അവിടെയുള്ള പാർക്കിൽ കുട്ടികൾ കളിക്കുകയും ട്രീ ഹൗസിൽ കയറുകയും ചെയ്തു. അവിടെ ചിലവഴിച്ച മൂന്നുദിനങ്ങളും കുട്ടികൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലാക്കാനും ഒരുപാട് അറിവുകൾ നേടാനും സഹായിച്ചു. അവസാന ദിനം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.അവിടെ കുട്ടികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് തന്ന ഉദ്യോഗസ്ഥർക്ക് എല്ലാം നന്ദി പറഞ്ഞു ഞങ്ങൾ തിരികെ യാത്രയായി.
ഓസോൺ ദിനം
ലോക ഓസോൺ ദിനമായി സെപ്തംബർ 16 ന് നാം ആചരിക്കുന്നു .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓസോൺ ദിനാചരണം വിപുലമായി നടത്തി. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു.ചുമർ പത്രിക നിർമ്മാണം., പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം ഫാത്തിമ മാതായിലെ ചുണക്കുട്ടികളായ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഭൂമിക്കൊരു കുട എന്ന പേരിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഈ ഫ്ലാഷ് മോബിലൂടെ ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.