സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക വളർച്ചകൾ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി പ്രവർത്തങ്ങളാണ് ഓരോ വിദ്യാഭ്യാസ വർഷവും നമ്മുടെ സ്കൂളിൽ നടന്നു വരുന്നത്. അക്കഡമികവും നോൺ അക്കാഡമികവുമായ ഇത്തരം പ്രവർത്തങ്ങൾ വലിയ സ്വതീനമാണ് കുട്ടികളിൽ ഉണക്കിയെടുക്കുന്നത്. അത്തരം പരിപാടികളിലൂടെ ഒരു വായന സഞ്ചാരം  

ഹാജി അനുസ്മരണം

അടക്കാകുണ്ട് 15-11-2021 : അടക്കാകുണ്ട് ക്രസെന്റ്  സ്കൂൾ  മലയോര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന എ പി ബാപ്പു ഹാജിയുടെ മൂന്നാം ചരമ ദിനത്തോടനുബന്ധിച്ച്‌ ഹാജി അനുസ്മരണം നടത്തി. സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഖാലിദ് ഉത്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ റഹ്മത്തുള്ള വാളപ്ര, അധ്യാപകരായ ആബിദ്, നാസർ, ഷിഫാനത് തുടങ്ങിയവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

27-11-2021 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 186 കുട്ടികളാണ് ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ നിന്ന് അഭിരുചി പരീക്ഷയെഴുതിയത്. ഇതിൽ 41 കുട്ടികൾക്കാണ് ഈ ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ചത്.തിരഞ്ഞതെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് സ്കൂൾ പ്രധാന അധ്യാപകൻ റഹ്മത്തുള്ള മാസ്റ്റർ അറിയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, റോബോർട്ടിക്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകും.

അനുമോദിച്ചു

15-12-2021: നമ്മുടെ സ്കൂളിന്റെ ഹാൻഡ് ബോൾ അഭിമാന താരമായ അടക്കാകുണ്ട് സ്കൂൾ പടിയിലെ സഹദിനെ  കേരള പൊലീസ് ടീമിലേക്ക് ഹവിൽദാർ റാങ്കിൽ (സീനിയർ സിവിൽ പൊലീസ് ഒഫിസർ) തിരഞ്ഞതെടുക്കപ്പെട്ട മുഹമ്മദ് സഹദിനെ ആദരിച്ചു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോജി കെ അലക്സ് അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ നാസർ മാസ്റ്റർ ലൗലി ടീച്ചർ എന്നിവർ സംസാരിച്ചു.





ചികിത്സാ സഹായ സമാഹരണം

25-12-2021: നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ,വളർച്ച ഹോർമോൺ കുറയുന്ന  Turner Syndrome എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലാണ്. ഹൃദയവാൽവിന് തകരാർ ഉള്ളതിനാൽ 12 വർഷമായി  മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്ന ഈ കുട്ടി, ഇതിനിടയിൽ ചെവികളിലൂടെ രക്തം വാർന്നൊഴുകുന്ന അസുഖം വന്ന് രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടിയും വന്നു. ഇപ്പോൾ ബാധിച്ചിരിക്കുന്ന ഈ അസുഖത്തിന് പതിനാറാമത്തെ വയസ്സുവരെ ദിവസേന മുടങ്ങാതെ ഇഞ്ചക്ഷൻ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് .ഒരു മാസത്തെ ഇന്ജക്ഷന് 24,800 രൂപ ചെലവ് വരും .അതായത് ഒരു ദിവസത്തെ ഇഞ്ചക്ഷനും മാത്രം 826 രൂപ .കഴിഞ്ഞ മൂന്നുവർഷമായി നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുട്ടി ചികിത്സ നടത്തിയത്. നാല് വർഷം കൂടി ഈ ചികിത്സ തുടരാൻ ഭീമമായ സംഖ്യ ചിലവ് വരും. ജന്മനാ വിവിധ  രോഗങ്ങളാൽ പ്രയാസപ്പെടുന്ന നമ്മുടെ ഈ കൂട്ടുകാരിയെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. ഒരു സഹപാഠിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഈ സദുദ്യമത്തിൽ നിങ്ങളുടെ പങ്കാളിത്തം ക്ലാസ് ടീച്ചറെ ഏൽപ്പിക്കുമല്ലോ

വിവിധ ക്യാമ്പുകൾ

26-01-2022: നമ്മുടെ സ്കൂളിലെ ലൈറ്റ്‌ലെ കൈറ്റ്സ്, ജെ ആർ സി ക്ലബ്ബ്കളുടെ സ്കൂൾ തല ക്യാമ്പുകൾ നടത്തി. വ്യത്യസ്തങ്ങളായ നിരവധി സെഷനുകൾ ഉൾപ്പെടുത്തി നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ജംഷീർ, സജീർ അഹമ്മദ്, ഷെറീന, സാജിദ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.




രചനകൾ ക്ഷണിക്കുന്നു

17-01-2022: നിങ്ങളുടെ സർഗ്ഗസിദ്ധികൾ പരിപോഷിപ്പിക്കാനായി നമ്മുടെ സ്കൂളിൽ തുടങ്ങിയ ഡിജിറ്റൽ പ്രസിദ്ധീകരണമാണ് "നിലാത്തുള്ളി". ക്രസന്റിന്റെ സ്വന്തം പ്രസിദ്ധീകരണവും അഭിമാനവുമായ "നിലാത്തുള്ളി" യിലേക്ക് രചനകൾ ക്ഷണിക്കുന്നു. ആദ്യം തന്നെ ഓർമ്മിപ്പിക്കട്ടെ, രചനകൾ പൂർണ്ണമായും നിങ്ങളുടെതായിരിക്കണം, അതായത് മറ്റുള്ളവരുടെ സൃഷ്ടികൾ മോഷ്ടിക്കരുത്. കഥ, കവിത, നാടകം, തിരക്കഥ, യാത്രക്കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ, ലേഖനം, ഫലിതങ്ങൾ, കാർട്ടൂണുകൾ, പെയിന്റിങ്ങുകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. മലയാളം, ഇംഗ്ലീഷ് , അറബി, ഹിന്ദി, ഉറുദു തുടങ്ങി ഏത് ഭാഷയിലും രചിക്കാം. നിങ്ങളുടെ രചനകൾ വാട്ട്സപ്പിൽ ടൈപ്പ് ചെയ്ത് ക്ലാസ് ടീച്ചർമാർക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഈ വരുന്ന വെള്ളിയാഴ്ചയാണ് രചനകൾ സമർപ്പിക്കാനുള്ള അവസാന ദിവസം ..... ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ, രചനകൾ വാട്ട്സപ്പിൽ ടൈപ്പ് ചെയ്തും, കാർട്ടൂൺ, ചിത്രരചന എന്നിവ Photo യെടുത്തും ക്ലാസ്ടീച്ചർക്ക് അയച്ചു കൊടുക്കണേ, തിരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക ; രചനകൾ അയക്കുന്നവർ അവരുടെ , പേര്, ക്ലാസ്, പാസ്പോർട്ട്‌ സൈസ് Photo എന്നിവ കൂടി അയക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതാണ്. അതുകൊണ്ട് എല്ലാവരും പങ്കെടുക്കുക,

നിങ്ങളുടെ കഴിവുകൾ ചിറകടിച്ചുയരട്ടെ, ലോകമറിയട്ടെ

സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്

12-02-2022: നമ്മുടെ സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ രേഷ്‌മ, സുധർമ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി


നമ്മുടെ സ്കൂളിന് കിരീടം

മലപ്പുറം ജില്ലാ സബ്ജൂനിയർ (girls)വിഭാഗത്തിൽ നമ്മുടെ സ്കൂളിന് കിരീടം

രക്‌തദാന ക്യാമ്പ്

28-02-2022 ( തിങ്കൾ ): ക്രസെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അടക്കാകുണ്ടിലെ നാഷണൽ സർവീസ് സ്കീമും , ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്സും സംയുക്തമായി പെരിന്തൽമണ്ണ രക്ത ബാങ്കുമായി സഹകരിച്ചുകൊണ്ട് നമ്മുടെ സ്കൂളിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് സാധാരണ രീതിയിലുള്ള അളവ് രക്തം സ്റ്റോക്ക് ഇല്ല എന്ന് അതുമായി ബന്ധപ്പെട്ടവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മൾ ഇങ്ങനെ ഒരു ക്യാമ്പിനെ കുറിച്ച് ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ കൂടെപ്പിറപ്പുകൾക്ക് ആവശ്യത്തിന് ബ്ലഡ്‌ കൊടുക്കുവാനും ഇല്ലാത്ത സ്ഥിതിയാണ്. ഒരു രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ  50 പേരോ അതിലധികം ആളുകളോ ( രക്ത ദാതാക്കൾ) വേണമെന്നാണ് രക്ത ബാങ്കുമായി ബദ്ധപ്പെട്ടപ്പോൾ അവർ അറിയിച്ചത്. ഇത്രയും ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ മെസ്സേജ് നിങ്ങളിലേക്ക് എത്തിക്കുന്നത്. രക്തം കൊടുക്കുവാൻ സന്നദ്ധരായവർ താഴെ കൊടുത്തിട്ടുള്ള നമ്പറിലേക്ക് വിളിച്ചോ, മെസ്സേജ് അയച്ചോ അറിയിക്കണമെന്ന് താൽപ്പര്യപ്പെടുന്നു. രക്തം ദാനം ചെയ്യാൻ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വയസ്സ് 18 നും 55നും ഇടയിൽ ആയിരിക്കണം.

2. മിനിമം 50 കിലോയെങ്കിലും ശരീര ഭാരം ഉണ്ടായിരിക്കണം.

3. സാധാരണ അസുഖങ്ങൾക്കല്ലാതെ മരുന്ന് കഴിക്കുന്നവർ ഇതിൽ പങ്കെടുക്കേണ്ടതില്ല.

"രക്ത ദാനം മഹാ ദാനം"


തണ്ണീർ മത്തൻ ചലഞ്ച്

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ JRC ക്ലബ്ബിന്റെ നേതൃത്വത്തിൽ ' കാരുണ്യത്തിലേക്ക് ഒരു കൈനീട്ടം ... "തണ്ണീർ മത്തൻ ചലഞ്ച്" എന്ന ഒരു പരിപാടി നടത്താൻ തീരുമാനിച്ച വിവരം നിങ്ങളെ സസന്തോഷം അറിയിക്കുന്നു. 11/3/22 ( വെള്ളിയാഴ്ച ) നാളെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത പരിപാടി നടത്തുന്നത്. നിങ്ങളുടെ എല്ലാവരുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു.സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ് ഈ പരിപാടിയുടെ  ഉദ്ദേശം.

നിർദ്ദേശങ്ങൾ

👉 ഓരോ ക്‌ളാസിലെയും കുട്ടികൾക്ക് ഒഴിവുള്ള പീരിയഡ് വന്ന് വെള്ളം കുടിക്കാവുന്നതാണ്

👉ഒരു ഗ്ലാസ്‌ വെള്ളത്തിനു 10 രൂപയെങ്കിലും മിനിമം നൽകുക. (ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി)

👉വെള്ളം കുടിക്കാൻ വരുന്നവർ കൃത്യമായ അച്ചടക്കം പാലിക്കേണ്ടതാണ്