ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചാത്തങ്കേരിയുടെ മണ്ണിലൂടെ

ആമുഖം

കുട്ടനാട്ടിലെ പ്രശസ്തമായ 18 കരികളിൽ ഒന്നാണ് ചാത്തങ്കേരി. ഏകദേശം മൂവായിരത്തോളം കുടുംബങ്ങൾ ഉള്ളതും ആറര ച.കി.മീ. വിസ്തീർണമുള്ളതുമായ പ്രദേശമാണ് ചാത്തങ്കരി. ഇതിൽ പകുതി കുടുംബങ്ങളും കാർഷികവൃത്തിയേയും സർക്കാർ തൊഴിലുകളേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകളെയും ആശ്രയിക്കുന്നുണ്ടെങ്കിലും വളരെ അധികം കുടുംബങ്ങൾ കൂലിപ്പണിയേയും ആശ്രയിച്ചാണ് കഴിയുന്നത്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമായ ചാത്തങ്കേരിയിൽ ഗതാഗത അസൗകര്യങ്ങൾ, വെള്ളപ്പൊക്കക്കെടുതികൾ, വ്യക്തമായ പ്ലാനിംഗിന്റെ അഭാവം, ഉല്പാദന മേഖലയിലെ മുരടിപ്പ് തുടങ്ങി വികസനപാതയിലെ പ്രതിബന്ധങ്ങൾ അനവധിയാണ്. പാടങ്ങൾ നികത്തുന്നതും വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള അസൗകര്യങ്ങളും കാലാകാലങ്ങളിൽ വെള്ളപ്പൊക്കക്കെടുതിയെ രൂക്ഷമാക്കുന്നു.

ആദി ദ്രാവിഡ ഗോത്ര സംസ്കൃതിയുമായി കുട്ടനാടൻ ഗ്രാമങ്ങൾക്ക് ബന്ധമുള്ളതായി ചരിത്രത്തിൽ കാണുന്നുണ്ട്. നാല്, അ‍ഞ്ച് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്റെ അവശിഷ്ടമായ പുത്തരച്ഛന്മാ‍ർ എന്നു വിളിക്കുന്ന വിഗ്രഹങ്ങൾ കുട്ടനാടൻ ഭാഗങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് ഇതിന്റെ തെളിവ് തന്നെ. ചാത്തന്റെ ഭൂമി എന്നർത്ഥമാണ് ചാത്തങ്കരി വിഗ്രഹിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്. ചാത്തൻ എന്നു നാമധേയമുള്ളയാൾ ഭരിക്കുന്ന കര ചാത്തൻകരി ആയി എന്നു കരുതപ്പെടുന്നു.

പ്രശസ്തങ്ങളായിരുന്ന അഞ്ച് മഠങ്ങൾ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.അതിൽ കാരയ്ക്കമഠം, നമ്പൂതിരിമഠം, ഓടയ്ക്കമഠം, തോണ്ടുപറമ്പിൽമഠം എന്നീ നാലു മഠങ്ങളുടെ പേരുകൾ ഇന്നും നിലവിലുണ്ട്. ചരിത്രം തേടിപ്പോകുന്നവർ മിക്കപ്പോഴും വഴി തുടങ്ങുന്നത് പുരാതനങ്ങളായ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാണ്.ദേശചരിത്രത്തിന്റെ മൂലക്കല്ല് ഒരാരാധനാലയത്തിന്റെ ഭൂതകാലത്തിൽ നിന്നും അന്വേഷിക്കുകയെന്നത് സൗകര്യപ്രദമാണ്.

പുരാതനമായ ചാത്തങ്കരി ഭഗവതിക്ഷേത്രം ചാത്തങ്കരിയുടെ സാംസ്കാരികകേന്ദ്രം എന്ന വിശേഷണത്തിനു കൂടി അർഹതപ്പെട്ടതാണ്. കലിയുഗ വരദായിനിയായ ദേവിയ്ക്ക് കല്ലുവിളക്ക് പുഷ്പാ‍ഞ്ജലിയും, പന്തിരുനാഴിയും, രക്തപുഷ്പാഞ്ജലിയും ഏറെ പ്രിയമാണ്. മീനഭരണി, വിഷു, ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികമാസത്തിലെ കാർത്തികപ്പൊങ്കാല, മണ്ഡലമാസത്തിലെ നാൽപത്തിയൊന്നുദിന ചിറപ്പ് താലപ്പൊലി മഹോത്സവങ്ങൾ എന്നിവ ഇവിടുത്തെ പ്രാധാന്യമുള്ള ചടങ്ങുകളാണ്.