ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സമൂഹം വിദ്യാലയത്തിലേക്ക്
വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കു മെത്തിയ നേർസാക്ഷ്യം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൻ്റെ ഏതു പരിപാടികളിലും കാണാം. സർവമതസ്ഥരും ഒരുമിച്ചിരുന്ന ഓണസദ്യ, എല്ലാ വീടുകളിൽ നിന്നും വിഭവങ്ങളെത്തുന്ന സമൂഹ നോമ്പുതുറ, ക്രിസ്തുമസ് ആഘോഷം എന്നിവയെല്ലാം സാഹോദര്യം അടയാളപ്പെടുത്തുന്നതാണ്. നാടൊന്നടങ്കം ഒഴുകിയെത്തുന്ന വാർഷികാഘോഷം വിദ്യാലയത്തിൻ്റെ ജനകീയ മുഖം അടയാളപ്പെടുത്തും." വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന മേഖലയിലാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ സംസ്ഥാനതലം വരെയെത്തിയത്.
ആഴ്ചനക്ഷത്രം
പൊതുവിജ്ഞാനമേഖലയിൽ വിദ്യാലയത്തിലെ കുട്ടികൾ പിന്നോക്കാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് വിദ്യാലയം ആഴ്ചനക്ഷത്രം ക്വിസ് ആരംഭിക്കുന്നത്. ഈ മത്സരം 6 വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിലടക്കം മത്സരപ്പിക്കാൻ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.മത്സര വിജയികൾക്ക് സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുക വഴി കുട്ടികളെ പ്രചോദിപ്പിച്ച് സംഘടിപ്പിച്ച ആഴ്ചനക്ഷത്രം മാതൃക ഇന്ന് സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
അക്കാദമിക അടയാളപ്പെടുത്തലുകൾ
മുഴുവൻ കുട്ടികളെയും പഠനനേട്ടങ്ങൾ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ നിരവധി മാതൃകകൾ ഇവിടെ കാണാം. അവസാനമായി നടന്ന എൽ എസ് എസ് പരീക്ഷയിൽ 20 കുട്ടികൾ നേടിയ വിജയം ഇത് അടയാളപ്പെട്ടുത്തുന്നു. ജില്ലയിൽ ഉയർന്ന രണ്ടാമത്തെ മാർക്ക് സൂര്യകിരണും മൂന്നാമത്തെ മാർക്ക് ഗായത്രിയും സ്വന്തമാക്കി
വീട്ടുമുറ്റ മികവുത്സവങ്ങൾ കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നത് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ
കുഞ്ഞുവാവക്കാലം തിരികെയെത്തി
കുഞ്ഞു വാവക്കാലം തിരികെയെത്തിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും കൗതുകം. കുട്ടികളുടെ കുഞ്ഞുവാവക്കാലം കൂട്ടുകാരുടെ മുന്നിലെത്തുന്നതിലെ കൗതുകം കണക്കിലെടുത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ഇപ്പോഴുള്ള ഫോട്ടോയും ഒരുവയസിൽ താഴെ പ്രായമുള്ള ഫോട്ടോയും ചേർത്തു വെച്ചായിരുന്നു ആൽബം തയാറാക്കിയത്. കുട്ടികളുടെയെല്ലാം അന്നും ഇന്നുമുള്ള ഫോട്ടോകൾ വീഡിയോ ആൽബമാക്കിയാണ് പ്രകാശനം ചെയ്തത്. അധ്യാപകരുടെ കുഞ്ഞുകാലത്തെ ഫോട്ടോയും ഇടം പിടിച്ചു. പുതുമയാർന്ന ആശയത്തിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കുട്ടിടീച്ചർ
ഓൺലൈൻ ക്ലാസുകളുടെ കാലത്ത് ഡിജിറ്റൽ ക്ലാസുകളുമായി കുട്ടി അധ്യാപകർ എത്തിയത് ഏറെ ശ്രദ്ധ നേടി.അധ്യാപക ദിനാഘോഷ ഭാഗമായാണ് കുട്ടിടീച്ചർ എന്ന പേരിൽ പരിപാടിയൊരുക്കിയത്. വീട്ടുമുറികൾ കുട്ടികൾ ക്ലാസ് മുറിയാക്കി. ബോർഡും പഠനോപകരണങ്ങളും ഒരുക്കിയിരുന്നു.
ഓൺലൈൻ ക്ലാസിലൂടെ പഠിച്ച പാഠങ്ങളാണ് അവതരിപ്പിച്ചത്. മലയാളം, പരിസര പഠനം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്തു. വിദ്യാലയത്തിലെ മൂന്നാം ക്ലാസ് കുട്ടികളാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിലിരിക്കുമ്പോൾ ദിനാചരണങ്ങൾ പഠനാനുഭവങ്ങൾ നൽകുന്ന രീതിയിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി ടീച്ചർ ഒരുക്കിയത്. മുഴുവൻ കുട്ടികളും അധ്യാപകരായി എത്തി എന്നതും ഏറെ സന്തോഷം പകർന്നു
ഉത്സവമായി കലോത്സവവും
സ്‌കൂൾ തുറക്കാത്ത കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഓൺലൈൻ കലോത്സവം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതും, വേദിയിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്ന മാതൃകയിൽ വേറിട്ടൊരു ആശയം മുന്നോട്ടു വയ്ക്കുന്നതും ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്‌കൂളാണ്. പിന്നീട് സംസ്ഥാനമാകെ ഓൺലൈൻ കലോത്സവങ്ങൾ സമാനമായ രീതിയിൽ അരങ്ങേറി.
..........................................................................................................................................................................................................................................................
പുതുവത്സര സമ്മാനമായി ആശംസാകാർഡുകൾ
സ്വന്തം മേൽവിലാസത്തിലേക്ക് കത്തുമായി പോസ്റ്റുമാനെത്തിയപ്പോൾ അതെന്താണെന്നറിയാനുള്ള ആക്ഷാംക്ഷയായിരുന്നു കുട്ടികൾക്ക്. സ്കൂളിൽ നിന്നുള്ള പുതുവത്സര സമ്മാനമാണെന്നറിഞ്ഞപ്പോൾ കുരുന്നു മുഖങ്ങളാൽ സന്തോഷച്ചിരി. പുതുവത്സരം വൈവിധ്യമാർന്ന പരിപാടികളോടെയാണ് മുൻ വർഷങ്ങളിൽ വിദ്യാലയം ആഘോഷിച്ചിരുന്നത്.കൊവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ പുതുവഴികൾ തേടുകയായിരുന്നു ഞങ്ങൾ.
നവമാധ്യമങ്ങളിലൂടെ സെക്കൻ്റുകൾക്കുള്ളിൽ ആശംസകൾ എത്തുന്ന കാലത്ത് തപാലിൽ കത്തുകളെത്തുന്ന സന്തോഷം കുട്ടികൾക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശവും, പോസ്റ്റൽ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഒരുക്കിയത്
വാർത്തകളിലൂടെ