എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) (വാർത്ത)

💥 ജില്ലയിൽ ഒന്നാമത് ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..

വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡ് ന് ദ്വാരക എ യു പി സ്കൂൾ അർഹത നേടി. വിദ്യാലയവളപ്പിൽ കാലങ്ങളായി ചെയ്തുവരുന്ന പച്ചക്കറി കൃഷി യുടെ അടിസ്ഥാനത്തിലാണ് അവാർഡ് കിട്ടിയത്. തക്കാളി, കാബേജ്, വിവിധ ചീരകൾ, മല്ലിയില, കാരറ്റ്, ചൈനീസ് കാബേജ്, മുളക് എന്നിവ ജൈവ വളം ഉപയോഗിച്ചു വിദ്യാലയവളപ്പിൽ കൃഷി ചെയ്ത് വരുന്നു. അടച്ചിരിപ്പിന്റെ കാലത്തും അദ്ധ്യാപകരും, കുട്ടികളും വിദ്യാലയത്തിലെത്തി കൃഷി പരിപാലനത്തിൽ പങ്കാളികളായിരുന്നു. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എടവക പഞ്ചായത്ത്, കൃഷിഭവൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ വിദ്യാലയം സന്ദർശിച്ചു കുട്ടികളുമായി അഭിമുഖം നടത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ജൈവ വള പ്രയോഗത്തിലൂടെ നൂറുമേനി വിളയിച്ച് നേടിയ അവാർഡിന് ഏറെ തിളക്കമുണ്ട്. ഒപ്പം മികച്ച കർഷക അധ്യാപക അവാർഡും വിദ്യാലയത്തിന് ലഭിച്ചത് ശ്രദ്ധേയമായി.

💥 തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ദ്വാരക എ.യു.പി സ്‌കൂളിന് മികച്ച നേട്ടം

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ദ്വാരക എ.യു.പി സ്‌കൂളിലെ 4 വിദ്യാർത്ഥികൾ വിജയികളായി. അശ്വിൻ കുമാർ എ.  എസ്   (7-D ), ആവണി കൃഷ്ണ എ. എസ്  (5-C), നിവേദ്യ ഹരിദാസ്   (6-D ), ആൻഡ്രിയ സനോജ് (5-B ) എന്നീ വിദ്യാർത്ഥികളാണ് നേട്ടം കൈവരിച്ചത്. സ്‌കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്‌ മാസ്റ്റർ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.

💥 മുട്ടക്കോഴി വിതരണം ചെയ്തു.

ദ്വാരക എ.യു.പി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ  നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് 400ഓളം  ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളെ വിതരണം ചെയ്തു. "പഠനത്തോടൊപ്പം വരുമാനമാർഗം" എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ മാനേജർ റവ:ഫാദർ ഷാജി മുളകുടിയാങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബുദ്ദീൻ അയാത്ത്, മെമ്പർ  ഷിൽസൺമാത്യു, HM  സ്റ്റാൻലി ജേക്കബ് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ  സിസ്റ്റർ ഡോൺസി കെ തോമസ്, നദീർ ടി എന്നിവർ സംസാരിച്ചു.

💥 ഗ്രീൻ ഹോം ഗ്രീൻ വേൾഡ്

ദ്വാരക എ യു പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ  നേതൃത്വത്തിൽ നടപ്പാക്കുന്ന" ഗ്രീൻ ഹോം ഗ്രീൻ വേൾഡ്" പദ്ധതിയുടെ ഭാഗമായി കുട്ടികൾ മാലിന്യ മുക്തപ്രതിജ്ഞ ചൊല്ലി പദ്ധതിയിൽ അംഗങ്ങളായി.ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓരോ വീടും മാലിന്യ മുക്തമാകുന്നതിലൂടെ ഗ്രീൻ വേൾഡ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. നല്ല പാഠം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോൺസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അന്ന ക്രിസ്റ്റീനയുടെ വീടാണ് മാതൃകാപരമായ പ്രർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

💥 വിളവെടുപ്പ്  ഉദ്ഘാടനം

ദ്വാരക  എ  യു  പി  സ്കൂളിൽ   നല്ലപാഠം  യൂണിറ്റിന്റെ  നേതൃത്വത്തിൽ  തയ്യാറാക്കിയ  ജൈവപച്ചക്കറി കൃഷിയുടെ    ആദ്യ  വിളവെടുപ്പ്   എടവക  ആരോഗ്യ വിദ്യഭ്യാസ  സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശിഹാബുദ്ദീൻ അയാത്ത്   നിർവഹിച്ചു. കൃഷി ഓഫിസർ ശ്രീമതി നീതു, കാർഷികസമിതി ചെയർമാൻ  നാസർ, മെമ്പർ ഷിൽസൻ മാത്യു എന്നിവർ  സംസാരിച്ചു. ചൈനീസ് ക്യാബേജ്, മുളക്, ചീര, തക്കാളി, കോളിഫ്ലവർ, കാരറ്റ് എന്നിവയാണ്  വിളവെടുത്തത്. പച്ചക്കറികൃഷി  പരിപാലനത്തിൽ  സഹായിച്ച  വിദ്യാർത്ഥികളെ ചടങ്ങിൽ  അനുമോദിച്ചു. വിളവെടുത്ത പച്ചക്കറികൾ  കുട്ടികളുടെ  ഉച്ചഭക്ഷണപരിപാടിയിൽ   ഉൾപ്പെടുത്തുകയും സമീപസ്തരായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

💥 ബിപിൻ റാവത്ത് -അനുസ്‌മരണം നടത്തി

ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു അനുസ്‌മരണം നടത്തി. മരണപ്പെട്ടവരുടെ ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ  പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച്  ആദരാഞ്ജലികൾ അർപ്പിച്ചു. എച്ച്.എം സ്റ്റാൻലി ജേക്കബ്, നല്ലപാഠം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോൺസി എന്നിവർ നേതൃത്വം നൽകി. മുഴുവൻ കുട്ടികളും, അദ്ധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.