കെ എ എം യു പി എസ് മുതുകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട്  301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കൈമാറുകയും കാലക്രമേണ വിപുലപ്പെടുത്തുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മുതുകുളം, ആറാട്ടുപുഴ, കണ്ടല്ലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പ്രധാന വ്യക്തികൾ മുൻകൈയ്യടുത്ത് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്കൂളായി നില നിൽക്കുന്നത്. ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ് മുതുകുളം. കിഴക്ക് പത്തിയൂരും പടിഞ്ഞാറ് കായംകുളം കായലും ആറാട്ടുപുഴയും തെക്ക് കണ്ടല്ലൂരും,വടക്ക് ചിങ്ങോലിയും ആണ് അതിരുകൾ.

2001 ഇന്ത്യൻ കാനേഷുമാരി പ്രകാരം, 21,181 ആണ് മുതുകുളത്തെ ജനസംഖ്യ. ഇതിൽ 9,762 പുരുഷന്മാരും 11,419 സ്ത്രീകളും ഉൾപ്പെടുന്നു.

മുതുകുളത്തിന്റെ ചരിത്രം [സബ്ജില്ലാ പ്രാദേശിക ചരിത്ര രചനയിൽ ഒന്നാം സ്ഥാനം നേടിയ മുതുകുളം ചരിത്രം ]

കന്യാകുമാരി-ശ്രീനഗർ ദേശീയപാത 544-ന്റെ അരികത്താണ് മുതുകുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗം കായലാണ്. കായലിനപ്പുറത്ത് ആറാട്ടുപുഴ ഗ്രാമത്തിന്റെ ഭാഗമായ ഒരു തുരുത്താണ് മുതുകുളത്തേയും അറബിക്കടലിനേയും തമ്മിൽ വേർത്തിരിക്കുന്നത്. കായംകുളവും ഹരിപ്പാടുമാണ് അടുത്തുള്ള നഗരങ്ങൾ.

കായംകുളം താപവൈദ്യുതി നിലയം മുതുകുളത്താണ് സ്ഥിതി ചെയ്യുന്നത്. ഗവൺമെന്റ് എൽ.പി.ജി.സ്കൂൾ (കൊട്ടാരം സ്കൂൾ, മുതുകുളം) 2.മുതുകുളം ഹൈസ്കൂൾ 3.കെ.വി .സംസ്കൃത ഹൈസ്കൂൾ 4.മുതുകുളം എസ് .എൻ .എം യു.പി.സ്കൂൾ 5. കുമാരനാശാൻ മെമ്മോറിയൽ യു പി സ്കൂൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ. കുന്തി ദേവി പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന പാണ്ഡവർകാവ് ദേവിക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശാന്തദുർഗ്ഗ (ദേവി)യാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ശ്രീ ഭദ്രകാളി പ്രതിഷ്ഠ നിലകൊള്ളുന്ന ഈരയിൽ ദേവിക്ഷേത്രവും മുതുകുളത്തിന്റെ പ്രത്യേകതയാണ്.ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ കാളി അഥവാ ഭദ്രകാളി. ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് പാർവതിയുടെ കറുത്ത താമസിക ഭാവമായി തീരുകയായിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്.ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ഭഗവതിയായാണ് അറിയപ്പെടുന്നത്. ശ്മശാനവാസിനിയും രണഭൂമിനിവാസിനിയുമായ ദേവി. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ ശക്തയാണെന്നാണ് വിശ്വാസം. ദേവീഭാഗവതത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു.

പ്രശസ്തർ

പ്രശസ്ത സിനിമാ അഭിനേതാക്കളായ മുതുകുളം രാഘവൻ പിള്ളയും, അശോകനും. അഭിനേത്രി നവ്യാ നായരും , സിനിമാ സംവിധായകൻ പത്മരാജനും, പ്രശസ്ത ചിത്രകാരൻ സതീഷ് മുതുകുളവും, മജീഷ്യ അമ്മുവും മുതുകുളത്തുകാരാണ്. കോൺഗ്രസ്സ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ അമ്പഴവെലിൽ വേലായുധൻ പിള്ള, നാടകനടൻ അക്ബർ ശങ്കരപ്പിള്ള , മുതുകുളം എസ്. വി വാസുദേവൻ നായർ (എസ്.വി.വി.) എന്നിവരും, കവയിത്രി പാർവ്വതി അമ്മ എന്നിങ്ങനെ പല പ്രശസ്തരും മുതുകുളത്തുകാരായുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന സംസ്കൃത പണ്ഡിതന്മാരിൽ ആഗ്രഗണ്യനായ മുതുകുളം ശ്രീധറിന്റെയും ജന്മനാടാണ് ഈ ഗ്രാമം. കുത്തിയോട്ടപ്പാട്ടിൽ ശ്രദ്ധേയനായ കേശവപിള്ളയും, ആർട്ടിസ്റ്റ് പൈലിയും മുതുകുളത്തിന്റെ സ്വന്തം കലാകാരന്മാരാണ്. തിരുവതാംകൂർ രാജാവിന്റെ പ്രതിപുരുഷൻ, സർ സി പി യുടെ വിശ്വസ്തൻ എന്നീ നിലകളിൽ പ്രശസ്തനായ വടശ്ശേരി E N കേശവപിള്ള, നാടകനടൻ എൻ കെ ആചാരി, കവി മുതുകുളം ഗംഗാധരൻ പിള്ള, ബാലസാഹിത്യ രചയിതാവ് ചേപ്പാട് ഭാസ്കരൻ നായർ, സാഹിത്യകാരൻ മുതുകുളം സുകുമാരൻ, മ്യൂറൽ പെയിന്റിംഗ് പ്രശസ്തൻ മുതുകുളം സുരേഷ്, അഖിലേന്ത്യാ സഹകരണ യൂണിയൻ വൈസ് ചെയർമാനായിരുന്നു തച്ചടി പ്രഭാകരൻ  എന്നിവർ മുതു കുളത്തിന്റെ യശസ്സ് വാനോളമുയർത്തി. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖരായിരുന്നവർ അമ്പഴ വേലിൽ വേലുപ്പിള്ള, മലയിൽ കുട്ടൻ വൈദ്യൻ, ദിവാകരൻ സ്വാമി, ചെല്ലപ്പൻപിള്ള, ഗോവിന്ദ ഗുപ്ത എന്നിവരായിരുന്നു. ഇവരിൽ ഗോവിന്ദ ഗുപ്തയും ചെല്ലപ്പൻ പിള്ളയും പെൻഷൻ വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നവരാണ്. 1.മുതുകുളം പാർവതി അമ്മ അന്യാദൃശ്യമായ കവിത്വവും അസൂയാവഹമായ വാങ്മിത്വവും കൊണ്ട് ആധുനിക കേരളത്തിൽ അഭിനന്ദനത്തിന് ആരാധനയ്ക്കും പാത്രമായ സൽ കവയിത്രി എന്ന് മഹാകവി ജി ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച കവയിത്രിയായ മുതുകുളം പാർവതി അമ്മ 1904 ജനിച്ചു വാരണപ്പള്ളി പ്രൈമറി സ്കൂൾ,കൊല്ലം വി എച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കറുത്തുമെലിഞ്ഞ പാർവ്വതിയെ അടുത്ത് ഇരുത്താൻ സവർണ്ണ വിദ്യാർഥിനികൾ അനുവദിച്ചിരുന്നില്ല. 1914 ഒമ്പതാം തരം പാസായ അതിനുശേഷം കാർത്തികപ്പള്ളി സ്കൂളിൽ അധ്യാപികയായി. ജോലിയോടൊപ്പം പഠനം തുടരുകയും ഹിന്ദി മലയാളം ബിരുദങ്ങൾ നേടുകയും ചെയ്തു പഠനകാലത്തുതന്നെ പാർവതി അമ്മ ബാല സംഘങ്ങൾ രൂപവത്കരിച്ച് കുട്ടികളെ സംഘടിപ്പിച്ചിരുന്നു കായംകുളത്ത് ജമീല ബീവി കുഞ്ഞുമായി ചേർന്ന് അഖിലഭാരത വനിതാസമാജം എന്ന സംഘടന രൂപീകരിച്ചു സ്ത്രീകളുടെയും സമുദായത്തെയും സ്വാതന്ത്ര്യവും പുരോഗതിയും ആയിരുന്നു ലക്ഷ്യം ഗാന്ധി മാർഗ്ഗത്തിൽ ആകൃഷ്ടയായി ഖദർ ധരിക്കുകയും മദ്യവർജനം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു പാർവ്വതി അമ്മയുടെ രചനകൾ എല്ലാം തന്നെ സാമൂഹിക മാറ്റത്തിനുള്ള ആഹ്വാനം ഉൾക്കൊള്ളുന്നവയാണ്. 2. പി. പത്മരാജൻ നോവലിസ്റ്റും ചലച്ചിത്രകാരനും തിരക്കഥാകൃത്തുമായിരുന്നു പത്മരാജൻ 1945 മേയ് 23ന് മുതുകുളത്ത് ജനിച്ചു.മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ ഒരു അഭിജാത നായർ കുടുംബം ആണ് ഞവരയ്ക്കൽ തറവാട്. പ്രശസ്ത സിനിമഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ സഹോദരൻ അഡ്വ. പി ഗോപാലകൃഷ്ണൻ തമ്പി വിവാഹം കഴിച്ചത് പദ്മരാജന്റെ മാതൃസഹോദരിപുത്രിയെയാണ്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ നക്ഷത്രങ്ങളെ കാവൽ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം സംസ്ഥാന കേന്ദ്ര ഗവൺമെന്റ് പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.1991 ജനുവരി 24ന് അദ്ദേഹം ഈ ലോക ജീവിതം മതിയാക്കി. 3. മുതുകുളം രാഘവൻ പിള്ള ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ വേലുപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്. അമ്മാവനും കവിയുമായ യയാതി വേലുപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗകയുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ അക്ഷരഗുരു എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാഘവൻപിള്ള തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും താടകപരിണയം എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുണ്ട്. മുതുകുളത്തിന്റെ അന്ത്യം മദ്രാസ്സിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു. 4.അശോകൻ മലയാളചലച്ചിത്രവേദിയിലെ ഒരു പ്രമുഖ നടനാണ് അശോകൻ. ആലപ്പുഴ ജില്ലയിലെ മുതുകുളത്തിനടുത്തുള്ള ചേപ്പാട് സ്വദേശിയാണ്. പി. പത്മരാജന്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ 'പെരുവഴിയമ്പലം' എന്ന ചിത്രത്തിലെ 'വാണിയൻ കുഞ്ചു' വിനെ അവതരിപ്പിച്ചുകൊണ്ടു തുടങ്ങിയ ചലച്ചിത്രാഭിനയം ദശാബ്ദങ്ങൾ നീണ്ടു. മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. തനിക്കു ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കി. ഭരതൻ സംവിധാനം ചെയ്ത 'പ്രണാമം', അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത 'അനന്തരം' ഹരികുമാർ സംവിധാനം ചെയ്ത 'ജാലകം" തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുദാഹരണങ്ങളാണ്. സുഹൃത്തും എഴുത്തുകാരനുമായ ജി.കൃഷ്ണസ്വാമി സംവിധാനം ചെയ്ത മാൻമിഴിയാൾ എന്ന സിനിമയിൽ അശോകൻ നായകനായി അഭിനയിച്ചു.ശാരിയും സിത്താരയുമായിരുന്നു ഈ ചിത്രത്തിലെ നായികമാർ. പിന്നീട് കൃഷ്ണസ്വാമിയുടെ തന്നെ ഞാൻ അനശ്വരൻ എന്ന സിനിമയിലും അശോകൻ പ്രധാന വേഷത്തിൽ അഭിനയിച്ചു' ഇടവേള, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി.

സ്ഥലനാമ ചരിത്രം

മുത്തുകൾ പോലെ ധാന്യങ്ങൾ വിളഞ്ഞിരുന്ന പ്രദേശം. കാർഷിക സമൃദ്ധമായ ഈ നാട്ടിൽ ജലസേചനത്തിനും കൃഷിക്കുമായി നിരവധി കുളങ്ങൾ ഉണ്ടായിരുന്നത് ആവാം ഈ പ്രദേശത്തിന് മുതുകുളം എന്ന പേര് ലഭിക്കാൻ കാരണമെന്നും അതല്ല കടലും വനവും ഇഴുകിചേർന്ന പ്രദേശമാണ് മുതുകുളം, പണ്ടെപ്പോഴോ ഖനനം ചെയ്തപ്പോൾ കടലിലെ മുത്തുകളും വനത്തിലെ കാണ്ടാ മരങ്ങളും കണ്ടെത്തിയതായി പറയപ്പെടുന്നു അങ്ങനെ യാണ് മുതുകുളം എന്ന പേര് ഈ പ്രദേശത്തിന് വന്നതെന്നും പറയപ്പെടുന്നു. ഈ മുത്തുകൾ കൊണ്ടുള്ള ആഭരണങ്ങൾ അന്ന് വ്യാപകമായി മുതുകുളത്ത് നിർമ്മിച്ചിരുന്നു എന്നും പറയപ്പെടുന്നു. ഇതിനു തെളിവായി കുമാരനാശാൻ മെമ്മോറിയൽ യുപി സ്കൂളിൽ അടുത്തായി പണ്ടൊരു കുഴൽ കിണർ സ്ഥാപിക്കുവാൻ കുഴി എടുത്തപ്പോൾ കുന്തിരിക്കം കാണുകയും അതുപോലെ തോപ്പിൽ വയൽ കുഴിച്ചപ്പോൾ കക്ക കണ്ടെത്തുവാനും സാധിച്ചു. ഈ കണ്ടെത്തലുകൾ മുതുകുളം പണ്ട് കടലും വനവും ഇഴുകിച്ചേർന്ന പ്രദേശമാണെന്ന് സ്ഥിരീകരിക്കുന്ന വയാണ്.

കൃഷി

തീരദേശ പ്രദേശമായിരുന്നതുകൊണ്ടുതന്നെ മുണ്ടകൻ പാഠങ്ങളിൽ നെൽ കൃഷിയായിരുന്നു മുതുകുളത്ത് പൗരാണിക കാലങ്ങളിൽ കണ്ടിരുന്നത്. മുപ്പു,ഇരുപ്പു എന്നീ കൃഷി സമ്പ്രദായങ്ങൾ ആയിരുന്നു പാടങ്ങളിൽ കണ്ടിരുന്നത്. മുപ്പു എന്ന് കൃഷി സമ്പ്രദായത്തിൽ വർഷത്തിൽ രണ്ടുതവണ നെൽകൃഷിയും ഒരുതവണ എള്ള് കൃഷിയും നടത്തിയിരുന്നു. ഇരുപ്പു എന്ന കൃഷി സമ്പ്രദായത്തിൽ വർഷത്തിലൊരിക്കൽ നെല്കൃഷിയും ഒരിക്കൽ എള്ള് കൃഷിയും നടത്തിയിരുന്നു. മുപ്പു കൃഷി സമ്പ്രദായത്തിൽ  കറുത്ത മുണ്ടകൻ, വെളുത്ത മുണ്ടകൻ എന്നീ നെല്ലിനങ്ങൾ ആണ് കൃഷി ചെയ്തിരുന്നത്. ഇരുപ്പൂ കൃഷി സമ്പ്രദായത്തിൽ കൊച്ചു വിത്ത്, അതിക്ര, ചമ്പാവ്,തവളകണ്ണൻ എന്നീ നെല്ലിനങ്ങൾ ആണ് കൃഷി ചെയ്തിരുന്നത്. Ir8, തൈ നാൻ ത്രീ എന്നീ നെല്ലിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ  കൃഷി ചെയ്തു എങ്കിലും ഫലം കണ്ടില്ല. ഇതിൽ തന്നെ മുണ്ടകൻ നെല്ലുകൾ ഔഷധഗുണത്തിലും ഒന്നാമതാണ്. ഇരുപ്പൂ കൃഷി സമ്പ്രദായത്തിൽ കൊച്ചുവിത്ത് ഉല്പാദനം ആണ് കൂടുതൽ ആയി നടന്നിരുന്നത്.കരകൃഷിയിൽ കാച്ചിൽ ചേന ചീനി ചേമ്പ് മുതലായവയായിരുന്നു. ഇതിൽ ചേമ്പ് കൃഷിയായിരുന്നു വലിയ രീതിയിൽ മുതുകുളം പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. എല്ലാ വീടുകളിലും ചെറിയ പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പച്ചക്കറി ഇറക്കുമതി മുതുകുളം പ്രദേശങ്ങളിൽ അന്ന് കുറവായിരുന്നു. ഇന്നത്തെ മുതുകുളത്ത് സ്ഥിതിചെയ്യുന്ന ഉമ്മറ മുക്കിന് കിഴക്കുവശം ഉള്ള പാട ങ്ങളിൽ കൊയ്തെടുക്കുന്ന നെല്ല് രാജകൊട്ടാരത്തിൽ സമർപ്പിക്കണം ആയിരുന്നു. നെല്ല്,എള്ള് എന്നിവയുടെ കയറ്റുമതി ആയിരുന്നു മുതുകുളം പ്രദേശത്ത് കൂടുതലായി കണ്ടിരുന്നത്. ഓണാട്ടുകര എള്ള് ആലപ്പി മഞ്ഞൾ എന്നിവ പേരുകേട്ട ഇനങ്ങൾ ആയിരുന്നു. മണ്ണിന്റെ കാര്യം പറയുമ്പോൾ മുതുകുളത്തെ കിഴക്കൻ മേഖലകളിൽ ചെളിനിറഞ്ഞ മണ്ണും ചേപ്പാട് മുതലായ ഭാഗങ്ങളിൽ ചെമ്മണ്ണും കാണുവാൻ സാധിച്ചിരുന്നു. നീരൊഴുക്കുകൾ ധാരാളമുള്ള പ്രദേശമായിരുന്നു മുതുകുളം. മുതുകുളം പ്രദേശത്ത് ഒൻപത് തോടുകൾ കാണുവാൻ സാധിച്ചിരുന്നു. ഈ തോടുകൾ ഭൂപ്രദേശത്തെ മാലിന്യങ്ങൾ നീങ്ങാൻ ഒരുപാട് സഹായിച്ചിരുന്നു. മുകൾ പറഞ്ഞ 9 തോടുകളും ചെന്നെത്തുന്നത് കായംകുളം കായലിൽ ആയിരുന്നു.  നെല്ലു കൃഷി പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു കൃഷിയായിരുന്നു തെങ്ങ് കൃഷിയും. നൂറു തേങ്ങയിൽ നിന്നും അന്നത്തെ കാലത്ത് 16 കിലോഗ്രാം കൊപ്ര അല്ലെങ്കിൽ പത്തു കിലോഗ്രാം വെളിച്ചെണ്ണ ലഭിച്ചിരുന്നു. തീരദേശ പ്രദേശത്തെ സ്ത്രീകളും കയർ വ്യവസായത്തിൽ മുഴുകിയിരുന്നു. ഉപയോഗശൂന്യമായ കുളങ്ങളും തോടുകളും തൊണ്ട് അഴുകാനായി ഉപയോഗിച്ചിരുന്നു. തൊണ്ട് വല്ലോം കെട്ടി മൂടിടും ഓരോ വല്ലതും അമ്പതു തേങ്ങയുടെ തൊണ്ട് 100 തേങ്ങയുടെ അതിൽ കൂടുതലായും കുളങ്ങളിലും തോടുകളിലും മൂടിയിരുന്നു ഒരുമാസം കഴിയുമ്പോൾ തൊണ്ട് അഴുകുകയും ചകിരി വേർപെടുത്താൻ രീതിയിൽ പാകമാവുകയും ചെയ്യും. സ്ത്രീകളാണ് ഈ ജോലിയിൽ  കൂടുതലായും ഏർപ്പെട്ടിരുന്നത്. ആദ്യം വല്ലം പൊളിച്ചു തൊണ്ട് തലച്ചുമടായി വീടുകളിൽ എത്തിക്കുന്നു.കല്ല് ഇരുമ്പുവടി മുതലായവ ഉപയോഗിച്ച് തല്ലിച്ചതച്ച പിഴിഞ്ഞു കുടയുന്നു. അതിനുശേഷം പിഴിഞ്ഞെടുത്ത ചകിരി വെയിലത്തിട്ട് ഉണക്കുന്നു. ഉണക്കിയശേഷം കയർ പിരിച്ചു തുടങ്ങുന്നു. ഗ്രാമീണരുടെ ഉത്സവാഘോഷങ്ങൾ ക്ക് നിറംപകരാൻ കയർ  അവശ്യഘടകമായിരുന്നു. ഓണം ക്രിസ്തുമസ് ഈസ്റർ തുടങ്ങിയ ആഘോഷങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നാകെ കയർ പിരിക്കൽ ഏർപ്പെടും. കുട്ടികൾ തുടങ്ങി അപ്പാപ്പനും അമ്മാമയും വരെ. കൂട്ടായ്മകളുടെ സന്തോഷം അവരുടെ എല്ലാം ഊർജ്ജം ആയിരുന്നു. മുന്നോട്ടുള്ള ജീവിതത്തിന്റെയും.വയറുനിറച്ചു ഭക്ഷണം കഴിക്കാമല്ലോ എന്നും വർഷത്തിലൊരിക്കൽ ഇഷ്ടവിഭവങ്ങൾ കഴിക്കാമല്ലോ എന്നുള്ള ചിന്ത കുഞ്ഞുമനസ്സുകളിൽ നിറഞ്ഞുനിന്നിരുന്നു.അപ്പോൾ കയർ പിരിക്കൽ എന്ന കഠിനജോലി അവർക്ക് വേദനിപ്പിക്കുന്നത് അല്ലായിരുന്നു. തീരദേശവാസികളുടെ ഓർമ്മകളിലെ നല്ല ദിനങ്ങളായിരുന്നു അത്. എല്ലാ വേദനകളും മറന്ന് പ്രതീക്ഷയുടെ തുരുത്ത് അന്വേഷിച്ചുള്ള യാത്ര. എല്ലാ വീടുകളിലും അന്ന് ധാരാളം ചകിരിച്ചോർ ഉണ്ടാകും. ഇത് നല്ല വളം ആയിരുന്നതിനാൽ തെങ്ങിൻ തടങ്ങളിൽ ധാരാളം ഇട്ടു കൊടുത്തിരുന്നു. കഠിനാധ്വാനികളായ ഒരു തലമുറ ആയിരുന്നു തീരദേശത്ത് ഉണ്ടായിരുന്നത്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അവർ വളരെ പ്രയാസപ്പെട്ടിരുന്നു.തുച്ഛമായ വരുമാനം ലഭിക്കുന്ന തൊഴിൽ ആയതിനാൽ ഈ നാട്ടിലെ കയർമേഖലയ്ക്ക് പുരോഗതി പ്രാപിക്കാൻ കഴിഞ്ഞില്ല. ഇന്നത്തെ മുതു കുളത്തിന്റെ കാർഷികമേഖലയിൽ എടുത്തുപറയേണ്ട ഒരു വ്യക്തിത്വമാണ് മേഘനാഥ ഗുപ്ത.2015 ൽ കർഷക ശ്രേഷ്ഠ അവാർഡ്, അദ്ധ്യാപക ശ്രേഷ്ഠ അവാർഡും, അഖിലേന്ത്യാ കിസാൻ സഭ പുരസ്കാരവും ഈ അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച സജീവ കർഷകന് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ രംഗം

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. എന്നാൽ സംഭവബഹുലമായ രാഷ്ട്രീയ സാമൂഹിക അവകാശ പോരാട്ടങ്ങൾക്ക് വേദിയായ പ്രദേശം കൂടിയാണിത്. കടലും കായലും പുഴയും അപൂർവ്വമായെങ്കിലും മലകളും ഇവിടെയുണ്ട്. കാടു ഒഴികെ എല്ലാ പ്രകൃതിരമണീയതകളും ഉണ്ട്. രാജാ കേശവദാസ് ആലപ്പുഴയുടെ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുണ്ട്. കാരണം കുറുക്കനും കുരങ്ങനും മേയ്ച്ചു നടന്നിരുന്ന തീര പ്രദേശത്തെ ജനവാസ യോഗ്യമായ ഒരു പട്ടണം ആക്കുക എന്ന രാഷ്ട്രീയ ഇച്ഛ നടപ്പിലാക്കിയത് അദ്ദേഹമാണ്. ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രത്തിൽ രാജാ കേശവദാസന്റെ സ്ഥാനമാണ് മുതുകുളം രാഷ്ട്രീയചരിത്രത്തിൽ കുട്ടൻ വൈദ്യന്. മുതുകുളത്തിന്റെ വികസനത്തിന് പല നാഴികക്കല്ലുകളും ഉറപ്പിച്ചത് കുട്ടൻ വൈദ്യൻ എന്ന സാമൂഹിക നന്മ ആഗ്രഹിച്ചിരുന്ന ഈ രാഷ്ട്രീയ പ്രവർത്തകന്റെ ദൃഢനിശ്ചയം ആയിരുന്നു. അതിനൊരു ഉദാത്ത ഉദാഹരണം മാത്രമാണ് മുതുകുളം കനകക്കുന്ന് റോഡ്. മുതുകുളത്ത് നിന്നും വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരേ ഒരു വ്യക്തിയായി കരുതപ്പെടുന്നത് കുട്ടൻ വൈദ്യനെയായിരുന്നു. മുതുകുളത്തെ രാഷ്ട്രീയ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു അധ്യായമാണ് മുതുകുളം സമ്മേളനം. 1942 ക്വിറ്റ് ഇന്ത്യാ സമര കാലത്താണ് മുതുകുളം സമ്മേളനം നടക്കുന്നത്.മുതുകുളത്ത് കോൺഗ്രസ് രൂപീകരണം നടക്കുന്നത് ഈ കാലഘട്ടത്തിലാണ്. അമ്പഴ വെയിലിൽ വേലായുധൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് രൂപീകരണം. സർ സിപി വിട്ടു പോവുക എന്ന മുദ്രാവാക്യമായിരുന്നു അന്ന് മുതുകുളത്തെ ആ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ മുഴങ്ങി നിന്നിരുന്നത്. സർ സിപി ബ്രിട്ടീഷ് അനുഭാവി ആയിരുന്നതിനാൽ ആണ് അന്നത്തെ മുതുകുളത്തെ രാഷ്ട്രീയ സമൂഹം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. മുതുകുളം സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ഒരു രക്തസാക്ഷി മുതുകുളത്ത് ജനിക്കുകയും ചെയ്തു. ഈ രക്തസാക്ഷിയുടെ ഓർമ്മയ്ക്കായാണ് പിൽക്കാലത്ത് ജനാർദ്ദനൻ നഗർ രൂപപ്പെട്ടത്. മന്നത്ത് പത്മനാഭൻ മുതുകുളത്ത് സന്ദർശനം നടത്തിയപ്പോൾ ജനാർദ്ദനൻ നഗറിൽ എത്തിയിരുന്നു. കോൺഗ്രസ്-ഐ എന്നിലേക്ക് അംഗമായിരുന്ന തറയിൽ പറമ്പിൽ മാധവൻപിള്ളയും, കൊച്ചു കുമ്പളത്ത്, കൊച്ചു വാസുപിള്ള, എ പി ഉദയഭാനു, മരതനാട്ട് കേശവപിള്ള    എന്നീ സ്വാതന്ത്ര്യസമരസേനാനികളുടെ ജന്മനാട് ആയിരുന്നു മുതുകുളം. ദേശീയ ഗാന തിലകൻ എന്ന പേരിലറിയപ്പെട്ടിരുന്ന എസ് ബി വാസുദേവൻനായർ മുതുകുളത്തി ന്റെ  സ്വന്തം  പുത്രനായിരുന്നു.മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവം മാർക്സിസ്റ്റ് പാർട്ടി രൂപീകരണം ആയിരുന്നു. കോയി പുറത്ത് തെക്കതിൽ കൃഷ്ണൻകുട്ടിനായർ, ചെല്ലപ്പൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുതുകുളത്ത് ആദ്യമായി മാർക്സിസ്റ്റ് പാർട്ടി രൂപീകൃതമായത്.

വിശ്വാസങ്ങളും ആചാരങ്ങളും

മതേതരത്വത്തിനും മാതൃകയാണ് മുതുകുളം. ഇവിടെ അധിവസിക്കുന്ന അവർ എല്ലാ ആചാരങ്ങളും ഞങ്ങൾക്ക് സ്വന്തം എന്ന നിലയിലാണ് എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ പങ്കെടുക്കുന്നത്. മുസ്ലിം, ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങളിൽ മുതുകുളം പ്രദേശത്ത് സാഹോദര്യം കാത്തുസൂക്ഷിച്ചിരുന്നു. ആചാരങ്ങളിൽ എടുത്തുപറയേണ്ടുന്ന ഒന്നാണ് ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഉത്രാട വിളക്ക്. വാഴപ്പിണ്ടി കുളിച്ചിട്ട് അതിൽ മരോട്ടിക്ക വെച്ച് വിളക്കുകൾ കത്തിക്കുന്നു. 'ഉത്രാട വിളക്ക് ആചാരം' അത് മുതുകുളത്ത് ജന്മം കൊണ്ട ഒരു ആചാരമായിരുന്നു.

നവോത്ഥാനം

ജാതിവ്യവസ്ഥ വളരെയധികം പ്രകടമായിരുന്ന പ്രദേശമായിരുന്നു മുതുകുളം. നവോത്ഥാന കാലഘട്ടത്തിലെ കാൾ കലുഷിതമായ ഒരു അന്തരീക്ഷം മുതുകുളം നേരിട്ടിരുന്നു. ശ്രീനാരായണഗുരുദേവൻ 16 വർഷം ശിഷ്യനായിരുന്ന ഗോവിന്ദ ഗുപ്തയും കൂട്ടരും 1920 ൽ മുതുകുളത്ത് ആര്യ മതം സ്ഥാപിക്കുകയുണ്ടായി. അക്കാലത്ത് മുതുകുളത്തെ മറ്റു എട്ട് കുടുംബങ്ങൾ കൂടി ആര്യ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ജാതി വ്യവസ്ഥയ്ക്കെതിരെ അന്ന് സഹോദരൻ അയ്യപ്പൻ പന്തിഭോജനം നടത്തിയതിന് മുതുകുളം സാക്ഷ്യംവഹിച്ചു. ഇതിന്റെ സംഘാടകരായി പ്രവർത്തിച്ചിരുന്നത് ഡോക്ടർ ഗോവിന്ദനും ഗോവിന്ദ ഗുപ്തയും കൂട്ടരും ആയിരുന്നു. മുതുകുളത്തെ തലമുറയ്ക്ക് വിദ്യാഭ്യാസം പകർന്നു നൽകുവാൻ ഡോക്ടർ ഗോവിന്ദൻ എന്ന പ്രമുഖനായ വ്യക്തിയുടെ ആശയമാണ് കച്ചവടസംഘം സ്കൂൾ സ്ഥാപിതം ആകാൻ കാരണമായത്. ഇന്നത്തെ കുമാരനാശാൻ മെമ്മോറിയൽ യുപി സ്കൂൾ പാണ്ടാ ല യിൽ ആദ്യമായി സ്ഥാപിതമായത് കച്ചവടസംഘം സ്കൂൾ  എന്ന പേരിലായിരുന്നു. സ്കൂളിലെ ആദ്യ അധ്യാപകൻ മുരുകൻ ആയിരുന്നു. ചരിത്രത്തിലിടം നേടിയ കായംകുളം കൊച്ചുണ്ണി എന്ന വിശാല മനസ്കനായ കള്ളനും ആയി ബന്ധപ്പെട്ട പ്രധാനം ഒരു കുടുംബം വാരണപ്പള്ളി മുതുകുളത്ത് സ്ഥിതിചെയ്യുന്നു. കായംകുളം കൊച്ചുണ്ണി മോഷ്ടിച്ച സാധനങ്ങൾ എത്തിയത് വാരണപ്പള്ളി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.

സാമൂഹിക പരിഷ്ക്കരണം

മംഗലാപുരത്തുനിന്ന് കുടിയേറിപ്പാർത്ത ചിന്നപ്പ നനയാർ. വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ അദ്ദേഹം മുതുകുളത്ത് ഒരു വായനശാല സ്ഥാപിച്ചു അതുപോലെ മുതുകുളം ചന്തയ്ക്ക് സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു. ചൂള തെരുവിൽ സ്ഥിതിചെയ്യുന്ന നാഷണൽ ലൈബ്രറി, മുതുകുളം പാർവതി അമ്മ വായനശാല, പത്മരാജൻ ഗ്രന്ഥശാല, മാമൂട് വായനശാല എന്നീ വായനശാലകൾ മുതുകുളതിന്റെ തിലകക്കുറിയായി ഇന്നും സ്ഥിതി ചെയ്യുന്നു.