സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

വർഷം 1859. ശ്രീ ഉത്രം തിരുനാൾ മാർത്താണ്ട വർമ മഹാരാജാവ് തിരുവിതാംകൂർ ഭരിക്കുന്ന കാലം. T. മാധവ റാവു ആണ് അന്നത്തെ ദിവാൻ. അദ്ദേഹം രാജകുടുംബത്തിൽ അടക്കമുള്ള പ്രമുഖരുടെ പെണ്മക്കൾക്ക് പഠിക്കുന്നതിനായി ഒരു, പെൺപള്ളിക്കുടം സ്ഥാപിച്ചു. ഇന്ന് പാളയത്തു സ്ഥിതി ചെയ്യുന്ന സംസ്‌കൃത കോളേജ് കെട്ടിടമാണ് അന്നത്തെ ആ പള്ളി കുടം., പ്രൈമറി വിദ്യാലയമായി ആരംഭിച്ച പള്ളിക്കൂടം 1863ൽ മിഡിൽ വിദ്യാലയമായും 1866മുതൽ ഹൈ സ്കൂളായും വികസിച്ചു. എന്നാൽ 1894ൽ, ട്രാവൻകൂർ എഡ്യൂക്കേഷൻ റൂൾസ് നിലവിൽ വന്നതോടെ യാണ് ഔദ്യോഗികമായി പ്രൈമറി, മിഡിൽ, ഹൈസ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെടുന്നത്.അതോടു കൂടി പൊതു ജനങ്ങളുടെ പെൺ മക്കൾക്ക്‌ കൂടി വിദ്യാലയത്തിൽ പ്രവേശനം അനുവദിക്കപ്പെട്ടു.

     വർഷങ്ങൾ പിന്നെയും കടന്ന് പോയി.1936ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ യുടെ ഭരണ കാലം. പാളയത്തെ പെൺ പള്ളിക്കുടത്തിൽ വിദ്യാർഥി കളുടെ എണ്ണം ക്രമതീതമായി വർധിച്ചു.അന്നത്തെ ദിവാൻ സർ സി പി രാമസ്വാമി അയ്യർ പാളയത്തുള്ള പെൺപള്ളികുടത്തെ മൂന്നിടങ്ങളിലേക്ക് വിഭജിച്ചു കൊണ്ട് മാറ്റി പുനസ്ഥാപിച്ചു. അന്ന് രാജ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന പരുത്തി കുന്ന് (കോട്ടൺ ഹിൽ )ബാർട്ടൻ ഹിൽ, മണക്കാട് എന്നിവിടങ്ങളിലാണ് പുതിയ പെൺപള്ളിക്കുടങ്ങൾ സ്ഥാപിച്ചത്. ഇവയിൽ ബാർട്ടൻ ഹിൽ സ്കൂൾ ക്രമേണ പ്രവർത്തനം നിലച്ചു മറ്റു രണ്ടു വിദ്യാലയങ്ങളും ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.   1936 ൽ പരുത്തിക്കുന്നിൽ പ്രവർത്തനമാരംഭിച്ച പെൺപള്ളിക്കൂടത്തിന്റെ പ്രൈമറി, മിഡിൽ വിഭാഗങ്ങൾ 1941 ൽ ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി രണ്ടു പ്രധാനധ്യാപകരുടെ കീഴിൽ പ്രവർത്തനം തുടർന്നു. എന്നാൽ ഏറെതാമസിയാതെ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ മിഡിൽ വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ നമ്മുടെ തിരുവനന്തപുരത്തെ പറ്റി ഏഴുകുന്നുകളുടെ നഗരം എന്നാണത്രെ വിശേഷിപ്പിച്ചിരുന്നത്. കണക്കാക്കുന്ന്, കുടപ്പനക്കുന്ന, കുറുവാലിക്കുന്ന, പൂഴിക്കുന്ന, പരവൻ കുന്ന്, തിരുമല കുന്ന് പിന്നെ നമ്മുടെ പരുത്തി കുന്ന് ഇവ ആയിരുന്നു ആ എഴുകുന്നുകൾ. ധാരാളം പരുത്തി ചെടികളും പറങ്കി മാവും കാട്ടു കൊന്നകളും കുന്തിരിക്കംമരങ്ങളും മുൾപടർപ്പുകളും വൻ മരങ്ങളും നിറഞ്ഞു കാടു പിടിച്ചുകിടക്കുന്ന ഒരു പ്രദേശമായിരുന്നു പരുത്തി കുന്ന്. ഈ കുന്നിലേക്ക് ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ പൊളിറ്റിക്കൽ ഏജന്റ് ആയി C. W. E കോട്ടൺ സായിപ്പ് താമസത്തിന് വന്നു. അദ്ദേഹം താമസിച്ച ബംഗ്ലാവ് കോട്ടൺ ബംഗ്ലാവ് എന്നറിയപ്പെട്ടു. (ഇന്നത്തെ NCC office ). കോട്ടൺ സായിപ്പിന്റെ ബംഗ്ലാവുള്ള കുന്ന് എന്നഅർദ്ധത്തിൽ ബ്രിട്ടീഷുകാർ ഈ പ്രദേശത്തെ കോട്ടൺഹിൽ എന്നും വിളിച്ചു. പരുത്തി ചെടികൾ നിറഞ്ഞ കുന്ന് പരുത്തി കുന്നായപ്പോൾ കോട്ടൺ സായിപ്പ് താമസിച്ച കുന്ന് കോട്ടൺ ഹിൽ ആയി മാറി. യാദൃശ്ചികമായി സംഭവിച്ച അർദ്ധ സാമ്യം കൊണ്ട് മൊഴിമാറ്റം പോലൊരു പേരുലഭിച്ച അപൂർവ പ്രദേശം. പഴമക്കാർക്ക് പക്ഷെ, ഇന്നുമിത് പരുത്തി കുന്നും ഇവിടത്തെ സ്കൂൾ പരുത്തി കുന്ന് സ്കൂളുമാണ്.

ആദ്യ പ്രഥമാധ്യാപിക, ആദ്യമായി സ്‌കൂളിൽ ചേർന്നകുട്ടി എന്നീ കാര്യങ്ങൾ അറിവില്ല. 1948 ൽ പാറുക്കുട്ടിയമ്മ ആയിരുന്നു .പ്രഥമാധ്യാപിക.1953 ൽ ഈ സ്ഥാപനത്തിൽ ഭാഷാധ്യാപക പരിശീലനം നിലവിൽ ഉണ്ടായിരുന്നു . സുഗതകുമാരി, ഹൃദയാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്ന നളിനി നെറ്റോ, സാഹിത്യ കാരി ഇടപഴിഞ്ഞി ശാന്തകുമാരി,അഡ്വ. വഴുതക്കാട് നരേന്ദ്രൻ, IAS ഉദ്യോഗസ്ഥനായ ജിജി തോംസൺ, അഡ്വ.ശ്രീനിവാസൻ(ഹൈക്കോടതി ) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവകാല വിദ്യാർത്ഥികളാണ്. സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരെ സ്വീകരിച്ചു തന്റെതാക്കി മാറ്റി സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് നമ്മുടേത്. പ്രശസ്തരും പ്രഗൽഭരുമായ നിരവധി പ്രതിഭകൾ നമ്മുടെ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. ചീഫ്‌സെക്രട്ടറി മുതൽ പോലീസ് മേധാവി തുടങ്ങി ഔദ്യോഗിക രംഗത്തും സാംസ്‌ക്കാരിക കാലകയികരംഗങ്ങളിലും മുഖമുദ്രയായവർ കോട്ടൺ ഹില്ലിന്റെ ചരിത്രത്തൊടൊപ്പമുണ്ട്. എഴുപത്തിയഞ്ചു വർഷം പിന്നിട്ട് നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ചരിത്രം കൂടിയാണ്. റാങ്ക് ജേതാക്കൾ കലാകായിക പട്ടം നേടിയവർ ഇങ്ങനെ നിരവധി ആയ നേട്ടങ്ങളുടെ കേരളീയ മോഡൽ ആണ് കോട്ടൺ ഹിൽ സ്‌കൂൾ.