സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം വഴിവിളക്ക് ആവുമ്പോൾ

1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. ഉയർന്ന സ്വപ്നങ്ങളുടെ തിളക്കവുമായി നൂറുകൂട്ടം അവാച്യ പ്രതീക്ഷകളുമായി വരാൻ പോകുന്ന മഹാസംഭവത്തിന്റെ അനുരണനം എങ്ങനെ മഹത്തരം ആക്കാമെന്ന ആലോചന കനംവെപ്പിച്ച ശിരസ്സുമായി നാട്ടുകാർ ഒത്തുകൂടുകയും സ്വാതന്ത്ര്യ ദിനാഘോഷ കമ്മിറ്റി രൂപീകരിച്ച് ചെലവുകൾക്കായി ഒരു തുക കണ്ടെത്തുകയും ചെയ്തു. ഓഗസ്റ്റ് 15 എത്തി. സ്വാതന്ത്ര്യദിനാഘോഷം അന്നുവരെ വണ്ടൂർ ദർശിച്ചതിൽ വച്ച് വളരെ വലിയ പരിപാടിയായിരുന്നു. ആനന്ദവും ആവേശവും തിരതല്ലിയ ആഘോഷം. തങ്ങൾക്ക് ലഭിക്കാൻ പോകുന്ന നല്ല നാളുകളെ കുറിച്ച് തങ്കത്തിളക്കമുള്ള അഭിലാഷങ്ങളും സ്വപ്നങ്ങളും പങ്കിട്ട് അവർ പിരിയുന്നു. ആഘോഷ കമ്മിറ്റി വരവുചെലവു കണക്കുകൾ അവതരിപ്പിക്കാൻ ആഗസ്റ്റ് മാസം അവസാനത്തിൽ വീണ്ടും യോഗം ചേർന്നു. ചെലവു കണക്കുകൾ അവതരിപ്പിച്ചപ്പോൾ ബാക്കി വന്നത് 18 രൂപ. അന്നത്തെ മൂല്യം അനുസരിച്ച് ഒരു വലിയ തുകയാണിത്. ഈ തുക എന്ത് ചെയ്യണം എന്നായി അടുത്ത ആലോചന. അഭിപ്രായങ്ങൾ ഉണ്ടായി. ചർച്ചകൾക്കൊടുവിൽ വലിയൊരു ആശയത്തിലേക്ക് അവരെത്തി. വണ്ടൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങുക. ചിന്തയ്ക്ക് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്നു. നിലമ്പൂരിലെ മാനവേദൻ ഹൈസ്കൂൾ ആയിരുന്നു അന്നത്തെ ഏക സമീപ വിദ്യാലയം. ഹൈസ്കൂൾ നിർമ്മാണവുമായി മുന്നോട്ടു പോകാൻ അവർ ഒരു പുതിയ കമ്മിറ്റിയും രൂപീകരിച്ചു. ഈ സ്വപ്നരഥത്തിന്റെ സാരഥി ആരായിരിക്കണം എന്നതിൽ അവർക്ക് ശങ്ക ഉണ്ടായിരുന്നില്ല. ഒരൊറ്റ നാമം. അത് വണ്ടൂരിന്റെ ചരിത്രത്തിലെ ഒരു കാലത്തും വിസ്മരിക്കപ്പെടാത്ത നാമമായ വെള്ളക്കാട്ടു മനയ്ക്കൽ ചെറിയ നാരായണൻ ഭട്ടതിരിപ്പാട് എന്ന വിഎംസി എന്നതുമാത്രമായിരുന്നു മൊട്ടമ്മൽ മൂസക്കുട്ടി ഹാജിയുടെ നേതൃത്വത്തിലായിരുന്നു യോഗം കൺവീനറായി വിഎംസി ഭട്ടതിരിപ്പാട്. കിടങ്ങഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ജോയിൻറ് കൺവീനർ. കരുമരപ്പറ്റ നാരായണൻ നമ്പൂതിരി ട്രഷറർ. ഉൽപിലാപ്പറ്റ നാരായണൻ നമ്പൂതിരി, മരനാട്ട് സുബ്രഹ്മണ്യൻ നമ്പൂതിരി, പാതിരുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരി, നീലാമ്പ്ര കുഞ്ഞുമുഹമ്മദ് ഹാജി, മേത്തലയിൽ ഹസൻ ഹാജി, വി പി അഹമ്മദ് കുട്ടി ഹാജി, കെ.ടി ഗോവിന്ദൻകുട്ടി നായർ, പുലിക്കാട്ട് രാഘവൻ നായർ, മങ്ങാട് രാഘവൻനായർ, കെ.ടി ഉണ്ണിഹൈദ്രു ഹാജി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ജന്മിമാരും സാമൂഹ്യപ്രവർത്തകരും മനുഷ്യസ്നേഹികളും ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്തു.

  1. ഈ നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാവേണ്ടതിന്റെ അനിവാര്യത അധികൃതരെ ബോധ്യപ്പെടുത്താനുള്ള കടലാസുപണികൾ ചെയ്തത് ശ്രീ കെ.വി ദേവസ്സി മാസ്റ്ററായിരുന്നു. കമ്മിറ്റിയിലെ പ്രമുഖർ ചേർന്ന് ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരെ നേരിൽകണ്ട് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചു. ആവശ്യങ്ങൾ അനുവദിച്ചു കിട്ടാൻ വേണ്ടി കെ. ടി. കുഞ്ഞാലിക്കുട്ടി മാസ്റ്റർ നിരന്തരം യാത്ര ചെയ്യുകയും പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഒടുവിൽ 1948 ജൂൺ 23ന് സ്കൂളിന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് വിഎംസി ഭട്ടതിരിപ്പാടിന് തപാലിൽ ലഭിച്ചു. 948 ജൂൺ 24 തന്നെ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രധാന അദ്ധ്യാപകനായി ശ്രീ തോട്ടുങ്ങൽ കുര്യാക്കോസ് മാസ്റ്റർ നിയമിതനായി. കിടങ്ങഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ വണ്ടൂർ റിക്രിയേഷൻ ക്ലബ്ബ് പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തനമാരംഭിച്ചത്. (വണ്ടൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും, പിന്നീട് വണ്ടൂർ പഞ്ചായത്ത് ഓഫീസും പ്രവർത്തിച്ച കെട്ടിടം ആണിത്) ഈ കെട്ടിടം മതിയാകാത്തതിനാൽ നാട്ടുകാർ ഒരു താൽക്കാലിക ഷെഡ് കൂടി നിർമ്മിക്കുകയുണ്ടായി.

അന്ന് ക്ലാസുകൾ ഫോറം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫസ്റ്റ് ഫോറം സെക്കൻഡ് ഫോറം തേഡ് ഫോറം (6 7 8 ക്ലാസുകൾ) എന്നിങ്ങനെയുള്ള ഫോറങ്ങളിൽ ആണ് ആദ്യം പ്രവേശനം ആരംഭിച്ചത്. ഒന്നാമതായി പ്രവേശനം നേടിയത് ഒരു വിദ്യാർഥിനിയായിരുന്നു കെഎൻ മാനസി. കാപ്പിൽ കോവിലകത്ത് നിന്നുമുള്ള അവർ നിലമ്പൂർ മാനവേദൻ ഹൈസ്കൂളിൽ നിന്ന് ടിസി വാങ്ങിയാണ് പുതിയ വിദ്യാലയത്തിൽ തേഡ് ഫോറത്തിൽ ചേർന്നത്. തുടക്കത്തിൽതന്നെ ഫസ്റ്റ് ഫോറത്തിൽ 20 പേരും, സെക്കൻഡ് ഫോറത്തിൽ 37 പേരും തേഡ് ഫോറത്തിൽ 60 പേരും പ്രവേശനം നേടി എന്നത് ഈ സ്ഥാപനത്തിന് നാട്ടിൽ ലഭിച്ച വമ്പിച്ച സ്വീകാര്യതയുടെ തെളിവായി കാണാം.

1948 ഡിസംബർ 28ന് സ്കൂളിന്റെ മാനേജ്മെൻറ് വണ്ടൂർ എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറി വി.എം.സി തന്നെ ആയിരുന്നു. ഗവൺമെൻറ് വണ്ടൂർ രാജ എന്ന പദവി നൽകിയ ആദരിച്ചിരുന്ന ശ്രീ നടുവത്ത് മനയ്ക്കൽ കദംബൻ നമ്പൂതിരിപ്പാടായിരുന്നു സൊസൈറ്റിയുടെ പ്രസിഡണ്ട്.

സൊസൈറ്റിയുടെ കീഴിൽ സ്കൂൾ അനുദിനം വികസിച്ചുകൊണ്ടിരിന്നു. വരവും ചെലവും കൂട്ടിമുട്ടാത്ത അവസ്ഥ. 1950ൽ ഫോർത്ത് ഫോറം കൂടി ആരംഭിക്കാനുള്ള അനുമതിയും ലഭിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ ആയപ്പോൾ പ്രശ്നപരിഹാരത്തിന് ചർച്ചകൾ നടത്താൻ വിഎംസി തന്നെ മുൻകൈയെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിനെകൊണ്ടു സ്കൂൾ ഏറ്റെടുപ്പിക്കാനുള്ള ചർച്ചകളും ആരംഭിച്ചു. കളിസ്ഥലം ഉൾപ്പെടെ 10 ഏക്കർ ഭൂമിയും 40,000രൂപയും നൽകാമെങ്കിൽ സ്കൂൾ ഏറ്റെടുക്കാമെന്ന് ബോർഡിന്റെ അറിയിപ്പു വന്നു. സേവന സന്നദ്ധരായ വി എം സി യും സംഘവും ഈ വെല്ലുവിളിയും ഏറ്റെടുത്തു. കമ്മിറ്റി അംഗവും സ്കൂളിലെ ഹിന്ദി അധ്യാപകനുമായിരുന്ന ശ്രീ കെ എം വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി പത്തേക്കർ സ്ഥലം നൽകാൻ തയ്യാറായി. സ്കൂളിന്റെ ആലോചനായോഗം മുതൽ അധമ്യമായ അഭിനിവേശത്തോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു നമ്പൂതിരി മാഷ്.

സ്ഥലം അംഗീകരിക്കപ്പെട്ടു. 40,000 രൂപ എന്ന വലിയ സംഖ്യ കണ്ടെത്തുന്നതിനുള്ള അശ്രാന്തപരിശ്രമം ആയിരുന്നു പിന്നീട്. നാട്ടുകാരുടെ കൈയ്യയഞ്ഞ സഹായം, സമൂഹത്തിലെ ഉന്നതന്മാരുടെ ഇടപെടൽ, സാമൂഹിക പ്രവർത്തകരുടെ കഠിനാധ്വാനം, സാമൂതിരി ഹൈസ്കൂൾ വിദ്യാലയമുറ്റത്തുവെച്ചുനടന്ന ലളിത-പത്മിനി- രാഗിണിമാരുടെ നൃത്തപരിപാടി തുടങ്ങി ചെറുതും വലുതുമായ സാമ്പത്തിക വരുമാനത്തിലൂടെ സംഘടിപ്പിച്ച 32000 രൂപ വിദ്യാഭ്യാസ മന്ത്രി മാധവ മേനോനെ ഏൽപിച്ചു. ബാക്കി എട്ടായിരം രൂപ ബോർഡ് ഒഴിവാക്കി നൽകി. കമ്മിറ്റിയുടെ ആത്മാർത്ഥതയ്ക്കുള്ള അംഗീകാരമായാണ് ഈ അനുമതി നൽകിയത്. ഇതോടെ വണ്ടൂർ വിഎംസി ഹൈസ്കൂൾ 1-9-1950 മുതൽ വണ്ടൂർ വിഎംസി ബോർഡ് ഹൈസ്കൂളായി മാറി.

ഇവിടെ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ രോമാഞ്ചജനകമായ ഒരു ഘട്ടം അവസാനിക്കുകയായിരുന്നു. ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തെയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും ഇത്തരമൊരു കഥ പറയാൻ ഉണ്ടായിരിക്കുകയില്ല.

മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം കാര്യക്ഷമമായി തന്നെ നടന്നു. നിരവധി പരിഷ്കാരങ്ങൾ നടപ്പിലായി. 25-5-1953 ന് ബോർഡ് നിർമ്മിച്ച നാലുകെട്ടിലേക്ക് സ്കൂൾ പ്രവർത്തനമാരംഭിച്ചു. പാരമ്പര്യവും പ്രൗഢിയും വിളിച്ചോതിക്കൊണ്ട് ഈ നാലുകെട്ട് ഇന്നും തിളങ്ങി നിൽക്കുന്നു -കാലത്തിന്റെ കൈക്കുറ്റപ്പാടുകൾ ഏറ്റുവാങ്ങി കൊണ്ടാണെങ്കിലും.

1956 നവംബർ ഒന്നാം തീയതി ഐക്യ കേരളം പിറന്നു. നാടെങ്ങും ആഹ്ളാദാഘോഷം. 1957ൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നതോടെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിട്ടു. ബോർഡിന്റെ കീഴിൽ ഉണ്ടായിരുന്ന എല്ലാ സ്കൂളുകളും സർക്കാർ ഏറ്റെടുത്തു. നമ്മുടെ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടെ വിഎംസി ബോർഡ് ഹൈസ്കൂൾ, ഗവൺമെൻറ് വിഎംസി ഹൈസ്കൂൾ ആയി മാറി. തുടർന്ന് പൊതു വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയ ജനകീയ സർക്കാറുകൾ വിദ്യാലയത്തിൽ നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു നൽകി. 1963ൽ ശ്രീ കെ. എം. വാസുദേവൻ നമ്പൂതിരിയിൽ നിന്ന് 3 ഏക്കർ സ്ഥലം ഗവൺമെൻറ് വിലകൊടുത്തുവാങ്ങി കളിസ്ഥലം നിർമിച്ചു. 1971 ചുറ്റുമതിൽ കെട്ടാൻ ഉത്തരവായെങ്കിലും ബംഗ്ലാദേശ് യുദ്ധത്തിൽ തുടർന്നുണ്ടായ ചെലവുചുരുക്കലിൽപ്പെട്ട് ഈ ഉത്തരവ് നടപ്പാക്കാതെ പോയി. ഈ സ്വപ്നം ഇന്നും സഫലമാകാതെ കിടക്കുന്നു.

വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ സർക്കാറുകളുടെ പ്രവർത്തനംമൂലം നമ്മുടെ നാടും വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി. നിറഞ്ഞുകവിഞ്ഞ ക്ലാസുമുറികൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കി. വീണ്ടും ജനകീയ ഇടപെടൽ. വണ്ടൂർ വെൽഫെയർ കമ്മറ്റിയുടെയും നാട്ടുകാരുടെയും നേരിട്ടുള്ള ശ്രമങ്ങളും അപേക്ഷകളും പരിഗണിച്ച് 1980 ആഗസ്റ്റ് ഏഴിന് സ്കൂൾ വിഭജിച്ച് പെൺകുട്ടികൾക്കായി പുതിയ വിദ്യാലയം അനുവദിച്ച് ഉത്തരവായി. ഈ വിദ്യാലയം തുടർന്ന് ഗവൺമെൻറ് വിഎംസി ബോയ്സ് ഹൈസ്കൂൾ എന്ന പേരിലേക്ക് മാറുകയും ചെയ്തു.

1950 വണ്ടൂർ ജില്ലയ്ക്ക് അനുവദിച്ച രണ്ട് ഹയർസെക്കൻഡറി സ്കൂളുകളിൽ ഒന്ന് ഈ വിദ്യാലയത്തിനാണ് ലഭിച്ചത്. 1991 മുതൽ ഈ വിദ്യാലയത്തിൽ പ്ലസ്ടു ക്ലാസുകൾ ആരംഭിക്കുകയും പേര് വീണ്ടും മാറ്റി ഗവൺമെൻറ് വിഎംസി ഹയർസെക്കൻഡറി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു

1998 ഇൽ വിദ്യാലയത്തിന്റെ അമ്പതാം പിറന്നാൾ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിച്ചു. 24-6-98 ന് പൂർവ വിദ്യാർത്ഥിയും അന്നത്തെ കേരളത്തിലെ ചീഫ് വിപ്പുമായിരുന്ന ശ്രീ ടി കെ ഹംസ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ പി പി റെഹ്മത്തലിയുടെ നേതൃത്വത്തിൽ ഒരു സുവർണ ജൂബിലി സ്മാരക ഗ്രന്ഥം, ഗവ. വിഎംസി ഹയർസെക്കൻഡറി സ്കൂളിന്റെ ചരിത്രം എന്ന പേരിൽ പുറത്തിറക്കി.

വണ്ടൂർ വിഎംസി സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയിട്ട് 18 വർഷം പൂർത്തിയായി. കണക്കുകൾ പരിശോധിച്ചാൽ ആ തീരുമാനം ഈ വിദ്യാലയത്തിന് നഷ്ടമേ വരുത്തിവച്ചുള്ളു എന്ന് നാട്ടുകാരും അന്നത്തെ പിടിഏയും തിരിച്ചറിഞ്ഞു. അതോടെ പുതിയൊരു മാറ്റത്തിന് നാന്ദി കുറിക്കപ്പെട്ടു. 1999 ജൂണിൽ വീണ്ടും പെൺകുട്ടികളെ പ്രവേശിപ്പിച്ച് വിദ്യാലയത്തെ ജനറൽ സ്കൂൾ ആക്കി മാറ്റി. പിൽക്കാലത്ത് സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ആ തീരുമാനത്തിന് കഴിഞ്ഞു.

2003ൽ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അദ്ധ്യാപകനും ആയിരുന്ന ഇ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അലുമിനി അസോസിയേഷൻ രൂപീകരിച്ച് പൂർവ വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് അലുമിനി അസോസിയേഷൻ ഡയറക്ടറി പ്രസിദ്ധീകരിച്ചു. ജോൺസൺ വിഎംസി അലുംനി അസോസിയേഷൻ ഹാൾ സ്കൂളിന് നിർമ്മിച്ചു നൽകാൻ ഈ സംരംഭത്തിന് കഴിഞ്ഞു. പുതിയ നൂറ്റാണ്ടിലെ ആരംഭം മുതൽ വിഎംസി ഹയർസെക്കൻഡറി സ്കൂൾ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ജനപ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പ് പിടിഎ കമ്മിറ്റികൾ തുടങ്ങി, ബഹുജന സംഘടനകൾവരെ മുന്നേറ്റത്തിന് അരങ്ങൊരുക്കി. പുതിയ കെട്ടിടങ്ങൾ ഉണ്ടായി. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടു. നിരവധി പെൺകുട്ടികൾ വിവിധ ക്ലാസ്സുകളിൽ പ്രവേശനം നേടി. സഹ വിദ്യാഭ്യാസത്തിന്റെ മനശാസ്ത്രപരമായ ഔന്നത്യം, സ്വയം നിർമിതമായ അച്ചടക്കമായി സ്കൂളിൽ പ്രകാശം പരത്തി. ഹയർസെക്കൻഡറിയിൽ പുതിയ ബാച്ചുകൾ എല്ലാം ഘട്ടംഘട്ടമായി എത്തിത്തുടങ്ങി. ഇംഗ്ലീഷ് മീഡിയത്തിൽ ഉള്ള വിദ്യാഭ്യാസം 2013-14 അധ്യയനവർഷത്തിൽ അഞ്ച്, എട്ട് ക്ലാസുകളിൽ തുടങ്ങി.

നിരവധി കായികതാരങ്ങളെ വാർത്തെടുത്ത സ്കൂൾ മൈതാനത്ത് വിജയത്തിന്റെ ആരവമുയർന്നു. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരും കായികതാരങ്ങളും ഉണ്ടായി. 1987- 88 ബാച്ചിലെ വിദ്യാർഥികൾ നിർമിച്ചുനൽകിയ സ്റ്റേജിൽനിന്നും വളർന്നു കലാകാരന്മാരും കലാകാരികളും സംസ്ഥാന തലത്തിൽ വരെ വിജയികളായി. ncc, Scout &Guides, SPC തുടങ്ങിയ സേനാവിഭാഗങ്ങൾ അവ ഉൾക്കൊള്ളുന്ന ആശയത്തിന് ഏറ്റവും മികച്ച പതാക വാഹകരായി വിദ്യാലയത്തിന്റെ യശസ് വാനോളമുയർത്തി.

വണ്ടൂർ വിഎംസി ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളുണ്ട്. പരാമർശസാധ്യതകൾക്ക് അപ്പുറം നിൽക്കുന്നവരാണ് അധികവും. അവരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ചരിത്രം എന്ന സത്യം ഓർക്കുന്നതുതന്നെ അവരെ ആദരിക്കുന്നതിന് തുല്യമാണ്. കാരണം അവരുടെ മനോവീര്യം ഓരോ കല്ലിലും അവയെ ബന്ധിപ്പിക്കുന്ന പശയായി ഒട്ടിച്ചേർന്നു കിടക്കുന്നു. ഓരോ ദിവസവും നാളത്തെ ചരിത്രം ആയി മാറുന്ന അപൂർവതയിൽ വളരുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രമെഴുത്ത് പൂർണമാകുന്നില്ല എന്നുകൂടി ഓർമിക്കട്ടെ.