സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 22, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം

 

2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയിത്തന്നെ നടത്തുവാനാണ് സർക്കാർ തീരുമാനം. അതിനാൽ എങ്ങനെ ഈ പ്രധാന ദിനം ആഘോഷിക്കാമെന്ന് ഞങ്ങൾ രണ്ടാഴ്ച മുമ്പേ SRG കൂടി തീരുമാനിച്ചു. പിന്നീട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സർക്കാരിന്റെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11 മണിയോടെയാണ് ഞങ്ങളുടെ സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചത്. ദേവശ്രീ പ്രാർത്ഥനാ ഗാനം ആലപിച്ചു. HM incharge ശ്രീമതി ജയശ്രീ ടീച്ചർ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ സ്വാമിനാഥൻ അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട് മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻ്റ് ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് സാറ് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസകളും നേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇഷ നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി സുമതിയും, വാർഡ് കൗൺസിലർ ശ്രീദേവിയും ആശംസകൾ അർപ്പിച്ചു. കുട്ടികളായ സൗപർണിക, മുഹമ്മദ് അനസ്, ആഞ്ജലീന എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു. ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 12 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.


പരിസ്ഥിതി ദിനം

 

പ്രവേശനോത്സവം കഴിഞ്ഞു വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനാചരണം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു. ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ വീഡിയോകൾ അയച്ചു തന്നു. ധാരാളം കുട്ടികൾ പ്രസംഗം പറഞ്ഞു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി. ഇങ്ങനെയെല്ലാം വളരെ നല്ല രീതിയിൽ തന്നെ പരിസ്ഥിതി ദിനാചരണം ഞങ്ങൾ കൊണ്ടാടി.


വായനാദിനം

 

വായനാദിനം വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. വായനാവാരമായി കൊണ്ടാടാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു തന്നിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമരം വരച്ചത് വളരെ നന്നായിരുന്നു. കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്നു. കുട്ടികൾക്ക് വായിക്കുവാനായി ദിവസവും ഓരോ വായനാ ക്കാർഡ് ഗ്രൂപ്പിലേക്കിട്ടിരുന്നു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. ഇങ്ങനെയെല്ലാം വായനാവാരം വളരെ നന്നായി സ്ക്കൂളിൽ കൊണ്ടാടി.


ജൂലൈ

ബഷീർദിനം

 

ബഷീർ ദിനം വളരെ വിപുലമായി തന്നെ സ്കൂളിൽ ഓൺലൈനായി ആചരിച്ചു. ബഷീർ ദിനം -ജൂലൈ 5 ന്റെ പ്രാധാന്യത്തെക്കുറിച്ചും, ബഷീറിന്റെ ജീവിതത്തെക്കുറിച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ക്ലാസ് ടീച്ചേഴ്സ് പറഞ്ഞു കൊടുത്തു. 1908 ജനുവരി 21 ന് തിരുവിതാംകൂറിലെ തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ ജനിച്ചു. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിൽ എത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയത് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടി.പല യാത്രകളിലൂടെ മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവദാരിദ്ര്യവും നേരിട്ടു കണ്ട ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. അദ്ദേഹത്തിന്റെ കൃതികളിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ബഷീറിന്റെ പ്രധാന കൃതികളായ പാത്തുമ്മയുടെ ആട്, ജന്മദിനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, അനർഘ നിമിഷം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻകുരിശും, കഥാബീജം, ബാല്യകാലസഖി, സ്ഥലത്തെ പ്രധാന ദിവ്യൻ, പ്രേമലേഖനം, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, മതിലുകൾ,മാന്ത്രികപ്പൂച്ച, വിഡ്ഢികളുടെ സ്വർഗം തുടങ്ങിയവ ടീച്ചർമാർ ഗ്രൂപ്പിൽ പരിചയപ്പെടുത്തി. കുട്ടികൾ പതിപ്പുകൾ നിർമ്മിച്ചു, ബഷീറിന്റെ ചിത്രം വരച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. കൂടാതെ ബഷീറിന്റെ കഥാപാത്രങ്ങളെ കൂട്ടികൾ അനുകരിക്കുന്ന വിഡിയോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചുതരുകയും ചെയ്തു.ബഷീർ ദിന ക്വിസും ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ആയി നടത്തി.


ചാന്ദ്രദിനം

 

ചാന്ദ്രദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആദ്യ ചാന്ദ്രയാത്രയെക്കുറിച്ചും ടീച്ചർമാർ ക്ലാസ്സ് ഗ്രൂപ്പുകളിൽ പറഞ്ഞു കൊടുത്തു. 1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചുവെന്നും മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിവസം ചാന്ദ്രദിനമായി ലോകം ആചരിക്കുന്നതെന്നും ടീച്ചർമാർ പറഞ്ഞു കൊടുത്തു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപട്ടികൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ചന്ദ്ര നെക്കുറിച്ചുള്ള കവിതകൾ, പാട്ടുകൾ എന്നിവ ആലപിച്ച് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. ഇവ കൂടതെ ചാന്ദ്രദിന ചിത്ര രചന, പോസ്റ്റർ നിർമാണം, . അപ്പോളോ_11 ന്റെ മാതൃകകളും കുട്ടികൾ നിർമ്മിച്ച് ഗ്രൂപ്പിൽ ഇട്ടു. എല്ലാ ക്ലാസുകാരും ചാന്ദ്രദിന ക്വിസ് ഓൺലൈൻ ആയി നടത്തി. കുട്ടികൾ പ്രസംഗങ്ങൾ അവതരിപ്പിച്ച് ഗ്രൂപ്പുകളിൽ ഇട്ടു. ഇങ്ങനെയെല്ലാം ചാന്ദ്രദിനം വളരെ നന്നായി സ്കൂളിൽ ആഘോഷിച്ചു.


ആഗസ്റ്റ്

ഹിരോഷിമാദിനം

 

എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 6 ഹിരോഷിമാദിനം ആചരിച്ചു. സ്കൂൾ തുറക്കാത്ത സാഹചര്യമായതിനാൽ ഓൺലൈൻ പഠനമാധ്യമത്തിന്റെ സാധ്യതയിലാണ് നടത്തിയത്. ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം എന്ത് ? എന്താണ് ഹിരോഷിമാദിനം ? തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഹിരോഷിമാദിന വീഡിയോ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് ടീച്ചർമാർ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ഹിരോഷിമാദിനത്തിന് കുട്ടികൾ നിർമ്മിച്ച മികച്ച സൃഷ്ടികൾ തെരഞ്ഞെടുത്ത് പ്രാത്സാഹന സമ്മാനം നൽകി.


നാഗസാക്കിദിനം

എല്ലാ വർഷത്തേതും പോലെത്തന്നെ ആഗസ്റ്റ് 9 ന് നാഗസാക്കി ദിനാചരണം സ്കൂളിൽ നടത്തിയിരുന്നു. ജപ്പാനിൽ അണുബോംബ് വർഷിച്ചതിന്റെ ആദര സൂചകമായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ ഓൺലൈൻ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉണ്ടായി എന്നത് വളരെ പ്രശംസനീയമായ ഒരു കാര്യം തന്നെയായിരുന്നു. തുടർന്ന് നാഗസാക്കിദിനാചരണത്തിനെക്കുറിച്ച് ഒരു ഷോർട്ട്ഫിലിം കുട്ടികൾക്ക് കാണാനായി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.


സ്വാതന്ത്ര്യ ദിനം

 

പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തിയത്. രാവിലെ ചെറിയ തോതിൽ സ്കൂൾ മുറ്റം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് സ്വാതന്ത്യദിനാഘോഷം ആരംഭിച്ചത്.കൃത്യം 9 മണിക്ക് PTA അംഗം ശ്രീ. സുഗതൻ അവർകൾ കൊടിയുയർത്തി.സ്കൂളിലെ പ്രധാനധ്യാപികയുടെ ചുമതലയുള്ള ശ്രീമതി. ജയശ്രീ ടീച്ചർ മറ്റ് എല്ലാ അധ്യാപകരും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് പതാകഗാനം എല്ലാവരും ചേർന്ന് ആലപിച്ചു. പിടിഎ അംഗം ശ്രീ. സുഗതൻ , ശ്രീമതി ജയശ്രീ ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് പരിപാടികൾ വീഡിയോ വഴി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്നത് വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കാര്യം തന്നെയായിരുന്നു. ഗാന്ധിജി, നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളിൽ കുട്ടികൾ വളരെ പുതുമ നിറഞ്ഞ ഒരനുഭവം കാഴ്ച്ച വച്ചു. സ്വാതന്ത്ര്യദിനപ്പതിപ്പ് എല്ലാ കുട്ടികളും നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.


സെപ്റ്റംബർ

അധ്യാപക ദിനം

അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി ആശംസകൾ നേർന്നു.


വിദൂര വേദി

 

മുൻ വർഷത്തെപ്പോലെ തന്നെ സ്കൂൾതല കലാ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുകയുണ്ടായി. മലയാളം പദ്യംചൊല്ലൽ, പ്രസംഗം, ആംഗ്യപ്പാട്ട്, English Action song, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ മത്സരയിനങ്ങൾ മൂന്നു ദിവസങ്ങളിലായി നടത്തി ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവരെ കണ്ടെത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ സ്വീകരിച്ച ഈ ഓൺലൈൻ കലാമത്സരം കലാമികവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരമായിരുന്നു.


ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പോസ്റ്റർ രചനകൾ കുട്ടികൾ നല്ല രീതിയിൽ തയ്യാറാക്കുകയുണ്ടായി. ഇത് പരിസര മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണത്തിനും സഹായകമായി.

ഓണാഘോഷം

 

ഓഗസ്റ്റ് 20, ചിങ്ങമാസത്തിലെ പൊന്നോണ പുലരിയെ വരവേൽക്കാൻ എല്ലാ കുട്ടികളും വളരെ ആകാംഷയോടെയാണ് കാത്തിരുന്നത്. കോവിഡ് കാലഘട്ടത്തിലെ സ്കൂൾ തുറക്കാത്ത സാഹചര്യമായതിനാൽ ഈ വർഷത്തെ ഓണാഘോഷത്തിന് അതിന്റേതായ പരിമിതികൾ ഉണ്ടായിരുന്നു. കുറേ കുട്ടികൾ മാവേലി മന്നന്റെ വേഷം ധരിച്ച് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു തന്നിരുന്നു. ഇത് മറ്റുള്ള കുട്ടികൾക്ക് വളരെ കൗതുകകരമായ കാഴ്ച തന്നെയായിരുന്നു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ഓണപ്പതിപ്പ് നിർമ്മിച്ചു. പതിപ്പിന്റെ പ്രദർശനം ഓരോ കുട്ടിയും ക്ലാസ് ഗ്രൂപ്പുകളിൽ തന്നെ നിർവഹിച്ചു. കോവിഡ് കാലത്തെ ഓൺലൈൻ മാധ്യമം ഉപയോഗപ്പെടുത്തിയുള്ള ഈ വർഷത്തെ ഓണാഘോഷം ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. കുട്ടികൾ ഓണപ്പാട്ടുകൾ പാടി അവതരിപ്പിച്ചിരുന്നു. പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ മുതൽ നാലാം ക്ലാസിലെ കുട്ടികൾ വരെ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായിരുന്നു. ഓരോ കുട്ടിയുടെ വീട്ടിലിട്ട ഓണപ്പൂക്കളം മറ്റുള്ള കുട്ടികൾക്കും കാണാൻ വേണ്ടി ഫോട്ടോ എടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. എല്ലാ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.

ഒക്ടോബർ

ഗാന്ധിജയന്തി

 

ഒക്ടോബർ 2, ഗാന്ധിജയന്തിമായി ബന്ധപ്പെട്ട വിവിധ തരം പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ചെയ്തയച്ചു ,പതിപ്പുകൾ ഗാന്ധിജിയുടെ ചിത്രം വരച്ചത് കഥകൾ, പാട്ടുകൾ ദേശഭക്തിഗാനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുത്തി. നിരവധി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് പാട്ടുപാടി അതിൻറെ വീഡിയോ അയച്ചുതന്നു. ഒരാഴ്ച സേവനവാരം ആയി ആഘോഷിച്ചു. ബോധവൽക്കരണ ക്ലാസ്സ് നൽകി.



ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 16, ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ് ഗ്രൂപ്പിലും ക്ലാസ് പിടിഎ ഗൂഗിൾ വഴി നടത്തി. രക്ഷിതാക്കൾക്കും , കുട്ടികൾക്കും ബോധവൽക്കരണം നടത്തി. കുട്ടികൾക്ക് ആവശ്യമായി വേണ്ട പോഷക ആഹാരം ഏതൊക്കെയെന്നും നൽകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും വിശദമാക്കി. ആദ്യം സ്കൂൾ മീറ്റ് നടത്തി. പോഷണ 21 എന്നായിരുന്നു പദ്ധതിയുടെ പേര്. എല്ലാ വീടുകളിലും പച്ചക്കറികൾ നട്ടു വളർത്തണമെന്ന് പറഞ്ഞു. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൾ വച്ചുപിടിപ്പിക്കുന്ന എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്കൂളിലും ഞങ്ങൾ പച്ചക്കറികൾ വച്ചുപിടിപ്പിച്ചു.


നവംബർ

പ്രവേശനോത്സവം, കേരളപ്പിറവി

 

നവംബർ 1 വളരെ കെങ്കേമമായാണ് ഞങ്ങളുടെ സ്ക്കൂളിൽ ആഘോഷിച്ചത്. കോവിഡ് മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം. കേരളപ്പിറവി ദിനം എന്നീ രണ്ടു പ്രത്യേകതകളാണ്. അന്നേ ദിവസം ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 3 ബാച്ചുകളിലായാണ് കുട്ടികളെ വരുത്തിയത്. ഒന്നാം ബാച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടാം ബാച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നാം ബാച്ച് വെള്ളി, ശനി എന്നീ ദിവസങ്ങളിൽ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്. എല്ലാ ബാച്ചുകളിലേയും ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പ്രവേശനോത്സവം നടത്തി. BRCതല പ്രവേശനോത്സവ ഉദ്ഘാടനം ഈ സ്ക്കൂളിൽ വച്ചാണ് നടന്നത്. മുൻസിപ്പിൽ വൈസ് ചെയർമാൻ ശ്രീ.ശിവകുമാർ, വാർഡ് കൗൺസിലർ ശ്രീമതി ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ശ്രീമതി സുമതി, പി.ടി.എ പ്രസിഡൻ്റ് ശ്രീ.സ്വാമിനാഥൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്ക്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ ശ്രീമതി ജയലക്ഷ്മി ടീച്ചറെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. പകുതിയിൽ താഴെ കുട്ടികൾ മാത്രമേ അന്നേ ദിവസം സ്ക്കൂളിൽ വന്നിരുന്നുള്ളൂ. സ്ക്കൂൾ മുറ്റവും ക്ലാസ്സ് മുറിയും തോരണവും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ക്കൂളിലെ ചെടിച്ചട്ടികൾക്കെല്ലാം ചായം തേച്ച് മനോഹരമാക്കിയിരുന്നു. സ്ക്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ അക്ഷരക്കാർഡുകൾ തൂക്കിയിട്ടു. പുസ്തകവിതരണം, മധുര പലഹാര വിതരണം എന്നിവ യെല്ലാം ഉണ്ടായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് സ്ക്കൂളിലേക്ക് വന്നത്. അന്ന് കേരളപ്പിറവി ദിനം കൂടി ആയിരുന്നതിനാൽ അതോടനുബന്ധിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തി, പതിപ്പ് നിർമാണം, കേരളപ്പിറവി ഗാനാലാപനം എന്നിവയെല്ലാം അന്നേ ദിവസം ഉണ്ടായിരുന്നു.

ശിശുദിനം

 

ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 വളരെ നല്ല രീതിയിൽ തന്നെ ഞങ്ങൾ കൊണ്ടാടി. ധാരാളം കുട്ടികൾ ചാച്ചാജിയായി വേഷം കെട്ടിവന്നത് കാണുവാൻ നല്ല രസമായിരുന്നു. ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട് എന്നീ പരിപാടികളിലെല്ലാം ധാരാളം കുട്ടികൾ പങ്കെടുത്തു.



ഡിസംബർ

ഭിന്നശേഷി ദിനാചരണം

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.മനോഹരമായ പോസ്റ്ററുകളാണ് ഓരോരുത്തരും വരച്ചത്.ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. T .ജയലക്ഷമി ഉദ്ഘാടനം ചെയ്തു.ശ് രീമതി.S .സുപ്രഭ ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.


ക്രിസ്തുമസ്

 

കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസിനെ വരവേൽക്കാൻ വേണ്ടി മനോഹരമായ പുൽക്കൂടും, ക്രിസ്തുമസ് ട്രീ .യും ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. കരോൾ സംഘം പാട്ട് പാടിക്കൊണ്ടാണ് ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ലില്ലി ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.