എച്ച്.ടി.എം.എൽ

Schoolwiki സംരംഭത്തിൽ നിന്ന്
02:46, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാങ്ഗ്വേജ് (hypertext markup language), എന്നതിന്റെ ചുരുക്കരൂപം. വെബ് താളുകള്‍ നിര്‍മ്മിക്കുന്നതിനായി ഈ ഭാഷ ഉപയോഗപ്പെടുത്തുന്നു.

എച്.ടി.എം.എല്‍. ഉപയോഗം

ഇന്റര്‍നെറ്റിലെ ഒരു പേജിലെ വിവരങ്ങളെ എങ്ങനെ കാണിക്കണം എന്നത്‌ ബ്രൌസറിനു പറഞ്ഞു കൊടുക്കാനുള്ള ഭാഷയാണ്‌ എച്‌ ടി എം എല്‍. ടെക്സ്റ്റും ലിങ്കുകളും അടങ്ങിയ ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മള്‍ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയില്‍ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാല്‍ < > ബ്രാക്കറ്റുകള്‍ക്കിടെ നിശ്ചിത വാക്കു ചേര്‍ത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റില്‍ ബാറില്‍ കാണിക്കുന്നത്) <TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മള്‍ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാല്‍ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. </TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മള്‍ക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാല്‍, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജില്‍

<TITLE>This is the title for the Browser</TITLE>

എന്നെഴുതിയാല്‍, അതു നമ്മുടെ ടൈറ്റില്‍/തലവാചകം ആയി.

ടാഗുകള്‍ പലവിധമുണ്ട്. ഉദാഹരണത്തിന് <B> എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോള്‍ഡ്‌നെസ്സ്) കൂട്ടാനും <I> എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സില്‍ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. <IMG> എന്ന ടാഗ് പേജില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും <TABLE> എന്ന ടാഗ് ഒരു പട്ടിക ഉള്‍പ്പെടുത്താനും ഉപയോഗിക്കാം.

ഇങ്ങനെ, ടാഗുകള്‍ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകള്‍ ആണ്‌ നമ്മള്‍ കാണുന്ന വെബ്‌ പേജുകള്‍ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എല്‍ പേജുകള്‍ നിര്‍മ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിര്‍വചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകള്‍ തുറന്നടക്കുമ്പോള്‍, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കില്‍, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഉദാഹരണത്തിന്‌,
<TAG1>
<TAG2>
....<TAGn>
text here
</TAGn>....
</TAG2>
</TAG1>
(<TAG> എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)

മിക്കവാറും ടാഗുകള്‍ക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങള്‍ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. <SPAN ALIGN=“LEFT“ > എന്ന ടാഗില്‍ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.

മിക്കവാറും എച്‌ ടീ എം എല്‍ പേജുകള്‍ക്കും ഒരു <HEAD> ഭാഗവും, ഒരു <BODY> ഭാഗവും കാണും. പേജ് കാണുമ്പോള്‍ <BODY> ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറില്‍ കാണിക്കുക എന്ന് ഒരു പൊതു തത്വമായി പറയാം. സാധാരണ <HEAD> ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകള്‍ പേജ് കാണിയ്ക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിയ്ക്കുന്നു.

എച്‌ ടി എം എല്‍ പേജിന്റെ സാമാന്യ രൂപം കാണാം.
<HTML>
<HEAD>
<TITLE> This is the browser's title</TITLE>
</HEAD>
<BODY>
All my page Content goes in here
</BODY>
</HTML>

ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എല്‍ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാന്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കില്‍ .html എന്ന എക്സ്റ്റന്‍ഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.

ടാഗുകള്‍

പ്രധാന ടാഗുകള്‍

എച്ച്.ടി.എം.എല്ലില്‍ ഉപയോഗിക്കുന്ന ചില പ്രധാന ടാഗുകളും അവയുടെ ഉപയോഗവും താഴെ പറയുന്നു.

  1. <head>.........................</html>: ശീര്‍ഷകം; പേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു
  2. <body>.......................</body>: ഉള്ളടക്കം; പേജിലൂടെ ലഭ്യമാകാനുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു.
  3. < b>....................< /b > : അക്ഷരങ്ങള്‍ കടുപ്പിച്ച് എഴുതുവാന്‍.
  4. < i>...................< /i> : അക്ഷരങ്ങള്‍ ഇറ്റാലിക്സ് ആക്കുവാ‍ന്‍
  5. < p>.......................< /p> :പുതിയ ഖണ്ഡിക തുടങ്ങുവാന്‍
  6. < br>........................ പുതിയ വരിതുടങ്ങുവാന്‍

ചിത്രം ഉള്‍പ്പെടുത്താന്‍

  • <img src="file Name">

ഹൈപ്പര്‍ ലിങ്ക് കൊടുക്കുവാന്‍

  • <a href="file Name">

ഹൈപ്പര്‍ ലിങ്ക് പുതിയ വിന്‍ഡോയില്‍ തുറന്നുവരുവാന്‍

  • <a href="File Name" target="_blank>

മാര്‍ക്വീ

അക്ഷരങ്ങളെ വലത്തോട്ട് ചലിപ്പിക്കാന്‍

  • <marquee direction="right">

അക്ഷരങ്ങളെ ഇടത്തോട്ട് ചലിപ്പിക്കാന്‍

  • <marquee direction=“left“>

അക്ഷരങ്ങളെ മുകളിലേക്ക് ചലിപ്പിക്കാന്‍

  • <marquee direction=“up“>

അക്ഷരങ്ങളെ താഴേക്ക് ചലിപ്പിക്കാന്‍

  • <marquee direction="down">

എച്ച്.ടി.എം.എല്‍ പേജിലെ ടാഗും ഗണിത ചിഹ്നവും

എച്ച്.ടി.എം.എല്ലില്‍ < എന്ന അടയാളം ഒരു ടാഗിന്റെ ആരംഭവും > എന്ന അടയാളം ഒരു ടാഗിന്റെ അവസാനവുമാണല്ലോ. എന്നാല്‍ ഇവ രണ്ടും ടാഗിലല്ലാതെ പേജില്‍ മറ്റൊരിടത്തും വരാന്‍ പാടില്ല. എന്നാല്‍ ഗണിതക്രിയകള്‍ സംബന്ധിക്കുന്ന പേജില്‍ ലെസ്‌ദാന്‍ , ഗ്രേറ്റര്‍ദാന്‍ എന്നീ ചിഹ്നങ്ങള്‍ ചിഹ്നങ്ങള്‍ പേജില്‍ പ്രത്യക്ഷപ്പെടേണ്ടിവരും. ഉദാഹരണം: 100<10000, 3>1. ഇത്തരം പേജുകളില്‍ < എന്നു കാണിക്കാന്‍ &It എന്നും > എന്നു കാണിക്കാന്‍ &gt എന്നും എഴുതിയാല്‍ മതി. എച്ച്.ടി.എം.എല്‍ കോഡില്‍ &It എന്ന് എഴുതിയാല്‍ ബ്രൗസര്‍ അതിനെ < എന്ന ചിഹ്നമാക്കി മാറ്റും. അതുപോലെ &gt എന്നത് > എന്നും.

എച്ച്.ടി.എം.എല്ലിന്റെ ചരിത്രം

1980ല്‍ ടിം ബെര്‍നെഴ്‌സ് ലീ എന്ന ഭൗതികശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ഒരു സ്വതന്ത്ര കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ ഡോക്യുമെന്റുകള്‍ പങ്കുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും എന്‍‌ക്വയര്‍ എന്ന ഒരു സോഫ്റ്റ്‌വെയര്‍ പ്രൊജക്ട് എഴുതിയുണ്ടാക്കി. പക്ഷെ എന്‍‌ക്വയര്‍ പൊതുജനോപയോഗം ലക്ഷ്യമാക്കിയിട്ടുള്ളതല്ലായിരുന്നു. പാസ്കല്‍ എന്ന പ്രോഗ്രാമിംഗ് ഭാഷയിലായിരുന്നു എന്‍‌ക്വയര്‍ എഴുതിയിരുന്നത്. മാത്രമല്ല അത് നിര്‍വഹണം ചെയ്തിരുന്നത് നോര്‍സ്ക് ഡാറ്റാ മെഷീന്‍ ഉപയോഗിച്ചായിരുന്നു.

1989ല്‍ ബെര്‍നേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായ റോബര്‍ട്ട് കെയ്‌ല്യൂ‌വും ഇന്റര്‍നെറ്റ് ആധാരമാക്കി ഒരു ഹൈപ്പര്‍ ടെക്സ്റ്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികള്‍ സമര്‍പ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേള്‍ഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആര്‍.എന്നിന് സമര്‍പ്പിച്ചു. ഈ പദ്ധതി സി.ഇ.ആര്‍.എന്‍ സ്വീകരിച്ചു. തുടര്‍ന്ന് ലീയുടെ വ്യക്തിഗത കുറിപ്പുകളില്‍ , 1990 മുതല്‍, ഹൈപ്പര്‍ ടെക്സ്റ്റ് ഉപയോഗിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് ഒരു പട്ടിക എഴുതിയുണ്ടാക്കി. അതിനെത്തുടര്‍ന്ന് അദ്ദേഹം ഈ വിഷയത്തില്‍ ഒരു സര്‍വ്വവിജ്ഞാനകോശം നിര്‍മ്മിച്ചു.

1991ല്‍ ബെര്‍ണേഴ്‌സ് ലീ എച്ച്.ടി.എം.എല്‍ ടാഗുകള്‍ എന്നൊരു ലേഖനം പൊതുജനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീ‍കരിച്ചു. അത് വളരെ ലളിതമായ 22 അടിസ്ഥാന സൂചകങ്ങള്‍ അടങ്ങിയ ഒരു എച്ച്.ടി.എം.എല്‍ ഡിസൈന്‍ ആയിരുന്നു. അതില്‍ 13 എണ്ണം ഇന്നത്തെ എച്ച്.ടി.എം.എല്‍ 4ല്‍ ഇപ്പോഴും ഉണ്ട്. എച്ച്.ടി.എം.എല്‍ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും വെബ്ബ് പേജുകളില്‍ വെബ്ബ് ബ്രൗസറുകള്‍ വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളില്‍ ഉപയോഗിച്ചിരുന്ന ‘റണ്‍ ഓഫ് കമാന്‍ഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയില്‍ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എല്‍ ടാ‍ഗുകളില്‍ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമര്‍പ്പിച്ചു

"https://schoolwiki.in/index.php?title=എച്ച്.ടി.എം.എൽ&oldid=965" എന്ന താളിൽനിന്ന് ശേഖരിച്ചത്