മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ

10:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ അവകാശികൾ

ആധുനിക സമൂഹത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് പരിസ്ഥിതി.പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും കൂടിച്ചേർന്നതാണ് പരിസ്ഥിതി എന്നതുകൊണ്ട് നാം കണ്ടെത്തുന്ന ധാരണ അതുതന്നെയാണ്. "ലോകമേ തറവാട് തനിക്കീ ചെടികളും പുൽകളും പുഴുക്കളും കൂടി തൻ കുടുംബക്കാർ" എന്ന കവിവാക്യത്തിലൂടെ പകർന്നു നൽകുന്നതും, എന്നാൽ ആധുനിക മനുഷ്യസമൂഹം ഈ സമഭാവനയെ നിരാകരിക്കുകയും പ്രകൃതിയിലെ തന്നിൽനിന്നു വേറിട്ടുനിൽക്കുന്നതെല്ലാം തൻറെ കാമപൂർത്തീകരണത്തിനുള്ള വിഭവങ്ങൾ മാത്രമായി നോക്കി കാണുകയാണ് ഉണ്ടായത്. ഇതുതന്നെയാണ് പ്രകൃതി ദുരന്തപൂർണമായ പതനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിൻറെ കാരണം.

പുരയിടം എന്ന വാക്ക് എല്ലാജീവ വസ്തുക്കൾക്കും പുരയ്ക്കുള്ള ഇടം എന്നതിൽ നിന്നും മാറി അതിൽ ഒന്നുമാത്രമായ മനുഷ്യന് മാത്രം പുരയ്ക്കുള്ള ഇടമായി നാം ചുരുങ്ങിയതാണ് ഈ പഠനത്തിനുള്ള കാരണം എന്ന് മലയാള കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ തൻറെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ പറയുന്നത്.നമ്മുടെ വർഗ്ഗീയ ചിന്തകളുടെ നേർക്കുള്ള വിമർശനം തന്നെയാണ്. നാം അധിവസിക്കുന്ന ഭൂമിയെ പരമാവധി വീര്യത്തോടെ ചൂഷണം ചെയ്ത് അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഏക വർഗം മനുഷ്യൻ മാത്രമാണ്. മറ്റൊരു ജീവിവർഗവും ദുരാഗ്രഹത്തോടെ പ്രകൃതിയെ ഹനിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല എന്നതും ഏറെ ഗൗരവമായ ഒന്നാണ്.

ശാസ്ത്ര സാങ്കേതിക വിദ്യയിൽ അറിവ് നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ആ വഴിക്ക് പ്രകൃതിയിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നു.ശാസ്ത്രം രക്ഷകനോ ശിക്ഷകനോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.ശാസ്ത്രം മനുഷ്യനന്മയ്ക്കെന്ന പോലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും പരമപ്രധാനമാണ് എന്നതാണ് നാം തിരിച്ചറിയേണ്ടത്.അതുവഴി ശാസ്ത്രം ലോക നന്മയ്ക്കായി നമുക്ക് മുറുകെ പിടിക്കാം.അല്ലാത്ത പക്ഷം ശാസ്ത്രത്തിൻറെ കൈപിടിച്ച് പ്രകൃതിയുടെ അന്തകരായി നാം മാറും.അവിടെയാണ് പ്രശസ്ത കവി ശ്രീ.അയ്യപ്പപണിക്കരുടെ ചോദ്യം നമ്മുടെ കാതുകളിൽ മുഴങ്ങേണ്ടത് 'കാടെവിടെ മക്കളേ, മേടെവിടെ മക്കളേ'. നാളത്തെ തലമുറ ദുരന്ത ഭൂമിയുടെ പൂമുഖത്ത് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരും എന്ന ഓർമ്മപ്പെടുത്തലാണ് കവിവാക്യം.അങ്ങനെ നോക്കുമ്പോൾ എല്ലാദുരന്തങ്ങൾക്കും അടിസ്ഥാന കാരണം നാം തന്നെയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിൻറെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് മനുഷ്യസമൂഹം ആകമാനം ഭയചകിതരായി നിൽക്കുന്ന അപരിഹാര്യമായ രോഗ പീഡ.അതിൽ നിന്ന് മുക്തമാകാൻ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രം നമുക്ക് മനസ്സിൽ ഉറപ്പിക്കാം.

വൈഷ്‌ണവി എസ്
7 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം